ഇന്‍തിഫാദക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി; സംസ്ഥാന സര്‍ക്കാരിനും യൂണിവേഴ്‌സിറ്റിക്കും നോട്ടീസ്

കേരള സര്‍വകലാശാല യുവജനോത്സവത്തിന് ഇന്‍തിഫാദ എന്ന പേര് നല്‍കിയത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും യൂണിവേഴ്‌സിറ്റിക്കുമുള്‍പ്പെടെ നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റീസ് കെ.പി. കുഞ്ഞികൃഷ്ണനാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.

കേരള യൂണിവേഴ്‌സിറ്റി യുവജനോത്സവം ഇന്‍തിഫാദ എന്ന പേരില്‍ നടത്തുന്നതിനെതിരെ കൊല്ലം അഞ്ചല്‍ സ്വദേശിയും നിലമേല്‍ എന്‍എസ്‌എസ് കോളജ് ആദൃ വര്‍ഷ ബിഎസ്‌സി ബിരുദ വിദ്യാര്‍ത്ഥിയുമായ ആശിഷ് എ.എസ്. ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് യൂണിവേഴ്‌സിറ്റി യൂണിയനും ചാന്‍സലര്‍ക്കും പ്രത്യേക ദൂതന്‍ മുഖാന്തരം നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. കേരള യൂണിവേഴ്‌സിറ്റിക്ക് വേണ്ടി അഡ്വ. തോമസ് എബ്രഹാമും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഗവ. പ്ലീഡറും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലും ഹാജരായി.

ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷങ്ങളില്‍ ഹമാസ് മതമൗലികവാദികള്‍ ഉപയോഗിക്കുന്ന മുദ്രാവാക്യമാണ് ഇന്‍തിഫാദ എന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. കലാസാംസ്‌കാരിക രംഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായിതീരേണ്ട യുവജനോത്സവങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മതപരമായ വിവേചനം സൃഷ്ടിക്കുകയെന്ന ദുരുദ്ദേശ്യത്തോടുകൂടിയാണ് ഇത്തരം പ്രമേയങ്ങള്‍ ഉള്‍പ്പെടുത്തുന്നത് എന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. ഹര്‍ജി കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഫെസ്റ്റിവലിന്റെ ലോഗോ ഇസ്രായേലിന്റെ ഭൂപടത്തില്‍ പലസ്തീന്റെ സ്‌കാര്‍ഫ് ചിത്രീകരിക്കുന്നുവെന്നും ഇസ്രായേലിന്റെ ഭൂപടം സൂപ്പര്‍ ഇമ്പോസ് ചെയ്തിട്ടുണ്ടെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ‘കൈയേറ്റത്തിനെതിരായ കലകളുടെ പ്രതിഷേധം’ എന്നാണ് ലോഗോയുടെ അടിക്കുറിപ്പെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹമാസ് പോലുള്ള തീവ്രവാദ മത, സായുധ സംഘങ്ങള്‍ ലക്ഷ്യം നേടാന്‍ അണികളെ സജ്ജമാക്കാന്‍ ഉപയോഗിക്കുന്ന മുദ്രാവാക്യം സര്‍വകലാശാല കലോത്സവത്തിന്റെ പേരായി നല്‍കിയതിൽ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m