കാക്കനാട്: സീറോമലബാർ സഭ വിശ്വാസപരിശീലന പ്രതിഭാസംഗമം 28,29,30 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വെച്ചു നടത്തി. വിശ്വാസപരിശീലന കമ്മീഷൻ അംഗവും ഭദ്രാവതി രൂപതാദ്ധ്യക്ഷനുമായ മാർ ജോസഫ് അരുമച്ചാടത്ത് ഉദ്ഘാടനം ചെയ്യുകയും മേജർ ആർക്കി എപ്പിസ്കോപ്പൽ ചാൻസലർ റവ. ഡോ. വിൻസെന്റ് ചെറുവത്തൂർ അധ്യക്ഷപദവി അലങ്കരിക്കുകയും ചെയ്തു. 12 വർഷത്തെ വിശ്വാസപരിശീലനത്തിലൂടെ കുട്ടികൾ നേടിയ ബോധ്യങ്ങളും മൂല്യങ്ങളും സമന്വയിപ്പിച്ച് ക്രിസ്തീയ വീക്ഷണത്തിലൂടെ വളർത്താൻ പ്രതിഭാസംഗമം സഹായിക്കുമെന്ന് മാർ അരുമച്ചാടത്ത് പറഞ്ഞു. പ്രതിഭ എന്നാൽ കഴിവിന്റെ സമാഹാരം എന്നാണർത്ഥമെന്നും അതു വളർത്തുന്നതുവഴി സഭയുടെ പ്രതീക്ഷ കാത്തുസൂക്ഷിക്കാൻ കുട്ടികൾക്ക് കഴിയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വിവിധ രൂപതകളിൽ 12-ാം ക്ലാസിൽ വിശ്വാസപരിശീലനം നടത്തുന്ന വിദ്യാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകളാണ് സംഗമത്തിൽ പങ്കെടുത്തത്. ഇടവക-രൂപത തിരഞ്ഞെടുപ്പുകളിലൂടെ എത്തിയ 56 പേരാണ് മൂന്നു ദിവസത്തെ പ്രതിഭാസംഗമത്തിൽ പങ്കെടുത്തത്. ഫാ.മനു MST, ടീമംഗങ്ങളായ ഐസക് തോമസ്, ജെബിൻ, ആന്മരിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഈ ദിവസങ്ങളിൽ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, റവ. ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, ഫാ.ബിനോയ് CSSR, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, പി.യു. തോമസ് (നവജീവൻ ട്രസ്റ്റ്), ബേബി ജോൺ കലയന്താനി എന്നിവർ ക്ലാസുകൾ നയിച്ചു.
ഡിസംബർ 30ന് ഉച്ചയ്ക്ക് 12.00ന് കൂരിയാ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും പ്രതിഭകൾക്ക് അവാർഡുകൾ നൽകുകയും ചെയ്തു. പ്രതിഭകൾ സമഗ്രവ്യക്തിത്വത്തിന് ഉടമകളായിരിക്കണമെന്നും, സഭാ-സാമൂഹിക-സാംസ്കാരിക മേഖലകളിൽ ജ്വലിക്കുന്നവരായി ജീവിക്കുവാൻ ഈ അവാർഡ് നിങ്ങൾക്ക് പ്രചോദനമാകണമെന്നും മേജർ ആർച്ച്ബിഷപ്പ് ഓർമിപ്പിച്ചു. വിശ്വാസപരിശീലന കമ്മീഷൻ സെക്രട്ടറി റവ. ഡോ. തോമസ് മേൽവെട്ടത്ത് സ്വാഗതം ആശംസിക്കുകയും ഫാ. മനു പൊട്ടനാനിയിൽ MST ആശംസകളറിയിക്കുകയും സി. ജിൻസി ചാക്കോ എം.എസ്.എം.ഐ നന്ദി പറയുകയും ചെയ്തു.
ഫാ. ആന്റണി വടക്കേകര വി. സി.
പി. ആർ. ഒ. & സെക്രട്ടറി, മീഡിയ കമ്മീഷൻ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group