കോട്ടയം : കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോട്ടയത്തെ വിവിധ സമുദായ മതമേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തി. രാവിലെ ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്ത് എത്തിയ ഇരുവരും ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവുമായി അരമണിക്കൂറിലേറെനേരം ചർച്ച നടത്തി. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിനെയും ഇരുവരും സന്ദർശിച്ചു. വികാരി ജനറാൾമാരായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കൽ, മോണ്‍. തോമസ് പാടിയത്ത്, ചാൻസലർ റവ.ഡോ. ഐസക്ക് ആലഞ്ചേരി എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.
ഉച്ചകഴിഞ്ഞു പാലാ ബിഷപ്സ് ഹൗസിലെത്തിയ കെ. സുധാകരൻ മാർ ജോസഫ് കല്ലറങ്ങാട്ടുമായി ചർച്ച നടത്തി. കൂടിക്കാഴ്ച അരമണിക്കൂറിലേറെ നീണ്ടു. നാർകോട്ടിക്-ലൗ ജിഹാദ് വിഷയങ്ങളിൽ പാലാ ബിഷപ് നടത്തിയ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനിയും ഒപ്പമുണ്ടായിരുന്നു. വികാരി ജനറാൾ മോണ്‍. ജോസഫ് തടത്തിൽ, മോണ്‍. സെബാസ്റ്റ്യൻ വേത്താനത്ത്, പ്രൊക്യുറേറ്റർ ഫാ. ജോസ് നെല്ലിക്കത്തെരുവിൽ എന്നിവർ ബിഷപ്പിനൊപ്പം ചർച്ചയിൽ പങ്കെടുത്തു.
ഈസമയം സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാനെയും താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീൻ മന്നാനി ഇലവുപാലത്തെയും പ്രതിക്ഷനേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്കൊപ്പമാണ് സതീശൻ ഇരുവരെയും കാണാൻ എത്തിയത്. ബിഷപ്പും ഇമാമും ചേർന്നു നടത്തിയ പത്രസമ്മേളനം മാതൃകയാണെന്നും ഇരുവരെയും അഭിനന്ദിക്കാനാണ് എത്തിയതെന്നും സതീശൻ പറഞ്ഞു.
വിഷയത്തിൽ നേട്ടം കൈവരിക്കാനല്ല, മറിച്ചു വിഷയം തീരുന്നതിനുവേണ്ടിയാണു ചർച്ച നടത്തിയതെന്നും പ്രതിപക്ഷനേതാവ് സന്ദർശനത്തിനുശേഷം മാധ്യമങ്ങളോടു പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group