എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് വേണ്ടിയുള്ള പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച് ബിഷപ് മാർ സിറില്‍ വാസില്‍ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ പ്രാര്‍ത്ഥന നടത്തി.
ഇന്നലെ വൈകുന്നേരം ദിവ്യകാരുണ്യവുമായി പള്ളിയിലെത്തിയ അദ്ദേഹം, അള്‍ത്താരയില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം ദിവ്യകാരുണ്യ ആശീര്‍വാദം നല്കി. ബസിലിക്ക വികാരിയായി ചുമതലയേറ്റ ഫാ. ആന്റണി പൂതവേലിലും മറ്റ് വൈദികരും പൊന്തിഫിക്കല്‍ ഡെലഗേറ്റിനൊപ്പം ഉണ്ടായിരുന്നു.
അതേസമയം ബസിലിക്കയിലേക്കെത്തിയ പൊന്തിഫിക്കല്‍ ഡെലഗേറ്റിനെ ഒരുവിഭാഗം വിശ്വാസികളും ചില വൈദികരും തടയാന്‍ ശ്രമിച്ചു. പോലീസ് സുരക്ഷയോടെയാണ് അദ്ദേഹം ദേവാലയത്തിലേക്കു പ്രവേശിച്ചതും മടങ്ങിയതും. പൊന്തിഫിക്കല്‍ ഡെലഗേറ്റ് പള്ളിയില്‍ പ്രവേശിക്കുന്നത് തടഞ്ഞ ഏതാനും പേരെ പോലീസ് ബലം പ്രയോഗിച്ചു മാറ്റി.
മാര്‍പാപ്പയുടെ പ്രതിനിധിക്കു നേരേ ബസിലിക്ക അങ്കണത്തില്‍ തടിച്ചു കൂടിയ ആളുകള്‍ മുദ്രാവാക്യം മുഴക്കിയെന്നും പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞെന്നും ബസിലിക്ക വികാരി ഫാ. ആന്റണി പൂതവേലില്‍ പറഞ്ഞു. ബസിലിക്ക ഇടവകയ്ക്കു പുറത്തുനിന്നുള്ള ആളുകളായിരുന്നു സംഘര്‍ഷമുണ്ടാക്കാന്‍ എത്തിയവരില്‍ ഭൂരിഭാഗമെന്നും അദ്ദേഹം പറഞ്ഞു.
സീറോ മലബാര്‍ സഭയിലെ മറ്റു രൂപതകളിലെല്ലാം നടപ്പാക്കിയ സിനഡ് തീരുമാനമനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രൂപപ്പെട്ട പ്രതിസന്ധി പഠിക്കുന്നതിനും പരിഹാരമാര്‍ഗം നിര്‍ദേശിക്കുന്നതിനുമാണ് മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി ആര്‍ച്ച്ബിഷപ് മാർ സിറില്‍ വാസിലിനെ നിയോഗിച്ചിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group