ബെനഡിക്ട് പാപ്പ സ്വർഗത്തിൽ നിന്ന് നമ്മെ അനുഗമിക്കുന്നു: ഫ്രാൻസിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: തന്റെ മുൻഗാമിയായ ബെനഡിക്ട് പാപ്പയെ മരണവാര്‍ഷികത്തില്‍ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഡിസംബര്‍ 31നു ബെനഡിക്ട് പാപ്പയുടെ വിയോഗത്തിന് ഒരു വര്‍ഷം തികഞ്ഞിരുന്നു. ബെനഡിക്ട് പാപ്പ സ്വർഗത്തിൽ നിന്ന് സഭയെ അനുഗ്രഹിക്കുകയും സഹായിക്കുകയും ചെയ്യുന്നതായി ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

ബെനഡിക്ട് പതിനാറാമൻ പാപ്പ സ്നേഹത്തോടെയും വിവേകത്തോടെയുമാണ് സഭയെ സേവിച്ചതെന്നു ഇന്നലെ ഡിസംബർ 31 ന് അപ്പസ്തോലിക കൊട്ടാരത്തിന്റെ ജനാലയ്ക്കരികെ നിന്നു നടത്തിയ പ്രസംഗത്തില്‍ പാപ്പ അനുസ്മരിച്ചു. “നമ്മുക്ക് പാപ്പയോട് വളരെയധികം വാത്സല്യവും നന്ദിയും ആദരവും തോന്നുന്നു. സ്വർഗത്തിൽ നിന്ന് നമ്മെ അനുഗ്രഹിക്കുകയും അനുഗമിക്കുകയും ചെയ്യുന്നു”- എന്ന വാക്കുകള്‍ക്ക് താഴെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഒത്തുകൂടിയ തീർത്ഥാടകര്‍ വലിയ കൈയടിയാണ് മുഴക്കിയത്. പാപ്പയും കൈയടിച്ചിരുന്നു.

2022 ഡിസംബർ 31-ന് തന്റെ തൊണ്ണൂറ്റിയഞ്ചാമത്തെ വയസ്സിലാണ് ബെനഡിക്ട് പാപ്പ വിടവാങ്ങിയത്. 2005-2013 വരെ കാലയളവില്‍ 8 വര്‍ഷം മാര്‍പാപ്പയായി സേവനമനുഷ്ഠിച്ചു. നൂറ്റാണ്ട് കണ്ട ഏറ്റവും ശക്തനായ ദൈവശാസ്ത്രജ്ഞരിൽ ഒരാളായാണ് പലരും ബെനഡിക്ട് പാപ്പയെ കണക്കാക്കുന്നത്. 2013 ഫെബ്രുവരി 11-ന് സ്ഥാനത്യാഗം ചെയ്ത ശേഷം വത്തിക്കാനിലെ മതേർ എക്ലീസിയാ ആശ്രമത്തില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു പാപ്പ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group