വിശുദ്ധ ജോണ്‍ പോള്‍ പാപ്പയുടെ കല്ലറയില്‍ തന്നെ ബെനഡിക്ട് പാപ്പക്കും അന്ത്യവിശ്രമം

ബെനഡിക്ട് പാപ്പയുടെ ആഗ്രഹപ്രകാരം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയെ അടക്കം ചെയ്ത അതെ കല്ലറയില്‍ തന്നെയാണ് ബെനഡിക്ട് പാപ്പക്ക് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നതെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി അറിയിച്ചു.

ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ ഇന്ന് നടക്കുന്ന ബെനഡിക്ട് പാപ്പയുടെ മൃതസംസ്‌കാര ശുശ്രൂഷകളുടെ വിശദശാംശങ്ങളാണ് വത്തിക്കാന്‍ പുറത്തുവിട്ടിരിക്കുന്നത്.

പ്രഥമ മാര്‍പാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ കല്ലറയില്‍ നിന്നും 30 മീറ്റര്‍ മാത്രം അകലെയാണ് പ്രസ്തുത കല്ലറ.വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് തിരുശേഷിപ്പുകള്‍ 2011 ഏപ്രില്‍ 29ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് മാറ്റിയിരുന്നു.കൂടാതെ മുന്‍ മാര്‍പാപ്പയായിരുന്ന ജോണ്‍ 23ാമനെയും ആദ്യം അടക്കിയിരുന്നത് ഇതേ കല്ലറയില്‍ തന്നെയാണ് എന്ന പ്രത്യേകതയും ഈ കല്ലറക്കുണ്ട്.

സ്ഥാനത്യാഗം ചെയ്ത പാപ്പ ആയതുകൊണ്ടുതന്നെ മൃതസംസ്‌കാര ശുശ്രൂഷ പ്രാര്‍ത്ഥനകളില്‍ വെട്ടിച്ചുരുക്കലുകളും കൂട്ടിച്ചേര്‍ക്കലും അനിവാര്യമായി വന്നുവെന്ന് മാറ്റിയോ ബ്രൂണി വെളിപ്പെടുത്തി. മൃതസംസ്‌കാര ശുശ്രൂഷക്കിടയിലുള്ള സുവിശേഷ വായന വിശുദ്ധ ലൂക്കയുടെ സുവിശേഷത്തിലെ 23ആം അദ്ധ്യായം 39 മുതല്‍ 46വരെയുള്ള വാക്യങ്ങള്‍ ആയിരിക്കുമെന്നും മാറ്റിയോ ബ്രൂണി വെളിപ്പെടുത്തി.യേശു ക്രിസ്തു കുരിശില്‍ കിടന്നുകൊണ്ട് ഇന്ന് നീ എന്നോടൊപ്പം പറുദീസയില്‍ ആയിരിക്കും എന്ന് പറയുന്ന ഭാഗവും, പിതാവേ അങ്ങേ കൈകളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു തുടങ്ങിയ വാക്യങ്ങള്‍ ഉള്‍കൊള്ളുന്ന ഭാഗമാണ് പ്രസ്തുത അദ്ധ്യായം.ബെനഡിക്ട് പാപ്പ അവസാനമായി ഉച്ചരിച്ച വാക്കുകള്‍ യേശുവേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നത് യേശു കുരിശു മരണത്തിന്റെ അന്ത്യ നിമിഷങ്ങളില്‍ പിതാവിന് തന്നെത്തന്നെ സമര്‍പ്പിക്കാന്‍ ഉപയോഗിച്ചവയില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലെന്ന് വത്തിക്കാന്‍ പറയുന്നു.

മൃതസംസ്‌കാകര ശുശ്രൂഷവേളയില്‍ പാപ്പയുടെ ശവമഞ്ചത്തില്‍ വെക്കാന്‍ വത്തിക്കാന്‍ ഉദ്ദേശിക്കുന്ന വസ്തുക്കളുടെ വിശദംശങ്ങളും മാറ്റിയോ ബ്രൂണി വെളിപ്പെടുത്തി. സഭാധികാരത്തെയും മാര്‍പാപ്പയുമായുള്ള ബന്ധത്തിന്റെയും പ്രത്യേക സൂചകമായ പാലിയം,പേപ്പല്‍ സ്ഥാനം അലങ്കരിച്ചിരുന്ന നാളുകളിലെ നാണയങ്ങളും മെഡലുകളും,പരാമാചാര്യകാലത്തെ കുറിച്ച് വിവരിക്കുന്ന റൊഗിറ്റൊ ലിഖിതം തുടങ്ങിയ വസ്തുക്കള്‍ പാപ്പയുടെ ശവമഞ്ചത്തില്‍ ഇടം പിടിക്കും.

മൃതസംസ്‌കാര ശുശ്രൂഷ വേളയിലെ വിശുദ്ധ കുര്‍ബാനക്ക് ശേഷം ഭൗതിക ശരീരം കല്ലറ സ്ഥിതി ചെയ്യുന്നിടത്തേക്ക് സംവഹിക്കപ്പെടും. സൈപ്രസ് മരത്തടി കൊണ്ടുണ്ടാക്കിയ ശവമഞ്ചം പിച്ചള മഞ്ചത്തിലേക്ക് കൂടി ഇറക്കിയ ശേഷമാണ് ഭൗതിക ശരീരം അടക്കം ചെയ്യുക എന്ന് മാറ്റിയോ ബ്രൂണി വെളിപ്പെടുത്തി.

ബെനഡിക്ട് പാപ്പയുടെ ആഗ്രഹപ്രകാരം മൃതസംസ്‌കാരം ഔപചാരികവും ലളിതവുമായിരിക്കുമെന്ന് ബ്രൂണി ആവര്‍ത്തിച്ചു. അതുകൊണ്ട് തന്നെ ബെനഡിക്ട് പാപ്പയുടെ മാതൃരാജ്യമായ ജര്‍മ്മനിയും പാപ്പ കൂടുതല്‍ കാലം സേവനം അനുഷ്ടിച്ച ഇറ്റലിയും മാത്രമായിരിക്കും പ്രത്യേക പ്രതിനിധി സംഘത്തെ അയക്കുക. അതേസമയം മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ കാര്യവും വത്തിക്കാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല, ജര്‍മ്മന്‍ പ്രസിഡന്റ്‌റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്‌റ്റെയിന്‍മിയര്‍,പപ്പയുടെ ജന്മനാടായ ബവേറിയയിലെ ഗവര്‍ണ്ണര്‍ മാര്‍ക്കസ് സോഡര്‍,സ്‌പെയിനിലെ രാജ്ഞി സോഫിയ,മന്ത്രി ഫെലിസ് ബൊലാനോസ്,ബെല്‍ജിയം കിരീടാവകാശി ഫിലിപ്പെ ഭാര്യ മത്തില്‍ഡെ,പോളണ്ട് പ്രസിഡന്റ് ആന്ദ്രേ ഡൂഡ,പോര്‍ച്ചുഗള്‍ പ്രസിഡന്റ് മര്‍സെല്ലോ ന്യൂനോ ഡുവാര്‍ട്ടെ റെബെലോ ഡി സൂസ,ഹംഗറി പ്രസിഡന്റ് കാറ്റലിന്‍ നൊവാക് തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group