വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പായുടെ സൈപ്രസ്, ഗ്രീസ് രാജ്യങ്ങളിലെക്കുള്ള സന്ദർശനം ഇന്നുമുതൽ ആരംഭിക്കും. മാർപാപ്പായുടെ 35-ാമത് അന്താരാഷ്ട്ര അപ്പസ്തോലിക പര്യടനമാണിത്. രാഷ്ട്രീയ നേതാക്കൾ, ഓർത്തഡോക്സ് സഭാ നേതാക്കൾ, അഭയാർഥികൾ തുടങ്ങിയവരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും.
ഇന്ന് റോമിൽനിന്നു വിമാനം കയറുന്ന മാർപാപ്പാ തെക്കൻ സൈപ്രസിലെ ലാർനാകാ വിമാനത്താവളത്തിൽ ഇറങ്ങും. ഔദ്യോഗിക സ്വീകരണത്തിനുശേഷം മാറോണീത്താ സഭയുടെ അവർ ലേഡി ഓഫ് ഗ്രേസ് കത്തീഡ്രലിൽവച്ച് പുരോഹിതർ അടക്കമുള്ളവരെ കാണും. തുടർന്ന് തലസ്ഥാനമായ നിക്കോസിയായിലേക്കു പോയി പ്രസിഡന്റിന്റെ കൊട്ടാരത്തിൽ സ്വാഗതസമ്മേളനത്തിൽ പങ്കെടുക്കും.
വെള്ളിയാഴ്ച രാവിലെ സൈപ്രസ് ഓർത്തഡോക്സ് ആർച്ച്ബിഷപ്പ് ക്രിസോസ്റ്റമോസ് രണ്ടാമനുമായി കൂടിക്കാഴ്ച. തുടർന്ന് നിക്കോസിയായിലെ ജിഎസ്പി സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാനയർപ്പണം. ഉച്ചയ്ക്കുശേഷം ഹോളി ക്രോസ് ഇടവക പ്പള്ളിയിൽ അഭയാർഥികൾക്കൊപ്പം പ്രാർഥിക്കും.
ശനിയാഴ്ച മാർപാപ്പ ഗ്രീസ് സന്ദർശനം തുടങ്ങും. തലസ്ഥാനമായ ആഥൻസിൽ ഉച്ചയ്ക്കു മുൻപായി എത്തുന്ന മാർപാപ്പാ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ സ്വാഗതസമ്മേളനത്തിൽ പങ്കെടുക്കും. പ്രസിഡന്റ് കാതറീന, പ്രധാനമന്ത്രി കിറിയാക്കോസ് മിറ്റ്സോതാക്കീസ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്കുശേഷം ആഥൻസിലെ ഓർത്തഡോക്സ് ആർച്ച്ബിഷപ് ഹിരോണിമസ് രണ്ടാമനുമായി കൂടിക്കാഴ്ച. വൈകുന്നേരം ആഥൻസിലെ അപ്പസ്തോലിക് നുൻഷ്യേച്ചറിൽവച്ച് ജസ്വിറ്റ് വൈദികരെ കാണും.
മാർപാപ്പാ ഞായറാഴ്ച അഭയാർഥികളുടെ കേന്ദ്രമായ ലെസ്ബോസ് ദ്വീപ് സന്ദർശിക്കും. വൈകുന്നേരം മെഗാറോൺ കൺസേർട്ട് ഹാളിൽ ദിവ്യബലി അർപ്പിക്കും. തിങ്കളാഴ്ച ഉച്ചയോടെ മാർപാപ്പ റോമിലേക്കു മടങ്ങും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group