നാഡീ വേദന മൂലം കൂടുതൽ പരിപാടികൾ ഒഴിവാക്കി ഫ്രാൻസിസ് പാപ്പ

2020ന്റെ അന്ത്യത്തിൽ പിടിമുറുക്കിയ നാഡീ വേദന മൂലം ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ആസൂത്രണം ചെയ്തിരുന്ന മൂന്നു പൊതുപരിപാടികളും പിൻവലിക്കാൻ ഫ്രാൻസിസ് പാപ്പ നിർബന്ധിതനായി. വേദനമൂലം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കാർമികത്വം വഹിക്കാനിരുന്ന വിശുദ്ധ കുർബാന ആചരണത്തിൽ പങ്കെടുക്കാൻ 84 വയസ്സുള്ള ഫ്രാൻസിസ് പാപ്പായ്ക്ക് സാധിക്കില്ലെന്ന് ഹോളി സീ പ്രസ് ഓഫീസ് ജനുവരി 23 അറിയിച്ചിരുന്നു. പരിശുദ്ധ പിതാവിന്റെ അസാന്നിധ്യത്തിൽ സുവിശേഷ വൽക്കരണത്തിനുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡണ്ട് ആയ ആർച്ച്ബിഷപ്പ് റിനോ ഫിസിച്ചെല്ലയാണ് ജനുവരി 24ന് ഈ കുർബാനയ്ക്ക് കാർമികത്വം വഹിച്ചത്. മുൻകൂട്ടി തീരുമാനിച്ചിരുന്ന ‘സ്റ്റേറ്റ് ഓഫ് ദി വേൾഡ്’ പോലെയുള്ള പരിപാടികൾ നിശ്ചയിച്ചിരുന്ന തീയതികളിൽ നിന്നും വരും തീയതികളിലേക്ക് മാറ്റി നടത്തപ്പെടും. തിങ്കളാഴ്ച നടത്തപ്പെടുന്ന ക്രൈസ്തവ ഐക്യ പ്രാർത്ഥനാവാരത്തിന്റെ സമാപന ആഘോഷത്തിലും ഫ്രാൻസിസ് പാപ്പ പങ്കെടുക്കില്ല. ക്രൈസ്തവ ഐക്യത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡണ്ടായ കർദിനാൾ കുർട് കോച്ച് ആയിരിക്കും പ്രസ്തുത പരിപാടിക്ക് നേതൃത്വം വഹിക്കുന്നത്. 2020ന്റെ അവസാനത്തിൽ നാഡീ സംബന്ധമായ വേദനകൾ മൂർച്ഛിച്ചതിനെ തുടർന്ന് പുതുവർഷ ആഘോഷങ്ങളിൽ നിന്നും പാപ്പാ വിട്ടുനിൽക്കുന്ന സാഹചര്യമുണ്ടായിരുന്നു.
നാഡികളിലെ മർദ്ദവും തുടർന്നുണ്ടാകുന്ന തേയ്മാനവും ആണ് സിയാറ്റിക്ക എന്ന രോഗത്തിനു കാരണമാകുന്നത്. വർഷങ്ങളായി പരിശുദ്ധ പിതാവ് ഈ രോഗം സഹിച്ചു വരുകയാണ്. 2013 ലെ ഒരു ബ്രസീൽ യാത്രയിൽ ഫ്ലൈറ്റിൽ വെച്ച് നടത്തപ്പെട്ട ഒരു കോൺഫറൻസിനിടയിൽ വച്ച് പാപ്പാ ഈ അസുഖത്തെപ്പറ്റി സൂചിപ്പിക്കുകയുണ്ടായി. താൻ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകളിൽ ഏറ്റവും കഠിനമായത് സിയാറ്റിക്ക എന്ന ഈ രോഗമാണെന്നും പരിശുദ്ധ പിതാവ് പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group