കുട്ടികളോട് സമാധാനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ

സമാധാനം സ്ഥാപിക്കുകയെന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങളിൽ ഒന്നാണെന്ന് കുട്ടികളെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. വത്തിക്കാൻ ആശ്രിതരുടെ കുട്ടികൾക്കായി “കുട്ടികളുടെ വേനൽക്കാലം” എന്ന പേരിലൊരുക്കിയ വേനൽക്കാല ക്യാമ്പിൽ പങ്കെടുത്ത് സംസാരിക്കവെയാണ്, സഹോദരങ്ങൾ തമ്മിലും, കുടുംബത്തിലും വഴക്കുകളുണ്ടാകുമ്പോൾ, അവ കഴിയുന്നതും വേഗം അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്. ഒരിക്കലും സംഘർഷ മനോഭാവത്തോടെ ഉറങ്ങാൻ പോകരുതെന്ന് പാപ്പാ കുട്ടികളെ ഉദ്‌ബോധിപ്പിച്ചു.

കുട്ടികളുമായി സംവദിച്ച പാപ്പാ, ചെറുപ്പത്തിൽ പാപ്പായ്ക്ക് പ്രിയപ്പെട്ട പോരാളികൾ ആരായിരുന്നുവെന്ന ഒരു കുട്ടിയുടെ ചോദ്യത്തിന്, അവർ തന്റെ മാതാപിതാക്കളായിരുന്നുവെന്ന് മറുപടി നൽകി. തന്റെ ബാല്യകാല സ്മരണകൾ കുട്ടികളോട് പങ്കുവച്ച പാപ്പാ, മാതാപിതാക്കളും കുടുംബവും നമ്മെ വളരാൻ സഹായിക്കുന്നവരാണെന്ന് ഓർമ്മിപ്പിച്ചു.

താൻ തന്റെ പിതൃ, മാതൃ വഴികളിലുള്ള മുത്തശ്ശീമുത്തച്ഛന്മാരുടെ കൂടെ സമയം ചിലവഴിച്ചിരുന്ന കാര്യം അനുസ്മരിച്ച പാപ്പാ, കുട്ടികൾ മുത്തശ്ശീമുത്തച്ഛന്മാർക്കൊപ്പം സമയം ചിലവഴിക്കുന്നതിലൂടെ അവരിൽ നിന്ന് അനേക കാര്യങ്ങൾ പഠിക്കുവാൻ സാധിക്കുമെന്ന കാര്യം പ്രത്യേകം എടുത്തു പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m