ദുരന്തങ്ങളുടെ പൊരുൾ നല്ല സമരിയാക്കാരന്റെ ഉപമയിൽ കണ്ടെത്താൻ സാധിക്കുമെന്ന് ഫ്രാൻസിസ് പാപ്പാ

Pope Francis says the meaning of tragedy can be found in the parable of the good Samaritan

വത്തിക്കാൻ: ഇന്ന് ലോകത്തെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്ന കോവിഡ്-19 മഹാമാരി പോലുള്ള ദുരന്തങ്ങൾ എന്തുകൊണ്ട് എന്ന ചോദ്യത്തിനുത്തരം മനുഷ്യാവതാര രഹസ്യത്തിന്റെ പാതയിലൂടെയാണ് കടന്നുപോകുന്നതെന്ന് മാർപാപ്പാ. 2020 ആണ്ടവസാത്തോടനുബന്ധിച്ച് വത്തിക്കാനിൽ വർഷാന്ത്യ ദിനത്തിൽ, കർദ്ദിനാൾ സംഘത്തിന്റെ തലവൻ കർദ്ദിനാൾ ജോവാന്നി ബാത്തിസ്ത റേ കൃതജ്ഞതാ സായാഹ്ന പ്രാർത്ഥനാവേളയിൽ വായിച്ച ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തിലാണ് ഈ ഉദ്ബോധനമുള്ളത്.

കോവിഡ്-19 മഹാമാരി പോലുള്ള ദുരന്തങ്ങളുടെ പൊരുൾ ഒരുപക്ഷേ, നമുക്ക് നല്ല സമറിയാക്കാരനിൽ കണ്ടെത്താൻ സാധിക്കുമെന്ന് പാപ്പാ വിശദീകരിച്ചു. വഴിയിൽ മുറിവേറ്റു കിടന്നിരുന്നയാളെ കാരുണ്യത്താൽ പ്രചോദിതനായ സമറിയാക്കാരൻ ഒരു സഹോദനരനെപ്പോലെ കാണുകയും തനിക്കു കഴിയുംവിധം പരിചരിക്കുകയും ചെയ്യുന്ന സംഭവം അനുസ്മരിച്ച പാപ്പാ, നരകുലത്തിന് പ്രഹരമേല്പിക്കുന്ന ദുരന്തങ്ങൾ നമ്മിൽ സഹാനുഭൂതിയും സാമീപ്യത്തിന്റെയും കരുതലിന്റെയും ഐക്യദാർഢ്യത്തിന്റെയും വാത്സല്യത്തിന്റെയും മനോഭാവങ്ങളും ഉണർത്താൻ പോന്നവയാണെന്ന് ഉദ്ബോധിപ്പിച്ചു.

പ്രിപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെയും രോഗം ബാധിതരെയും ഏകാന്തതയനുഭവിച്ചവരെയും തൊഴിൽ നഷ്ടപ്പെട്ടവരെയും എല്ലാം പാപ്പാ അനുസ്മരിച്ചു. കോവിഡ്-19 വസന്തയുടെ വേളയിൽ മുൻനിരയിൽ പ്രവർത്തനനിരതരായിരിക്കുന്ന ആരോഗ്യപ്രവർത്തകർ അതായത്, ഭിഷഗ്വരന്മാരും നഴ്സുമാരും സന്നദ്ധപ്രവർത്തകരുമെല്ലാം അതുപോലെ തന്നെ വൈദികരും സന്യാസീ സന്യാസിനികളും നമ്മുടെ പ്രാർത്ഥനയും നന്ദിയും സവിശേഷമാംവിധം അർഹിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

അവരെല്ലാവരും സകലരുടെയും നന്മയാണ് അന്വേഷിക്കുന്നതെന്നും ഇത് ദൈവകൃപയുടെ, ദൈവിക കാരുണ്യത്തിന്റെ അഭാവത്തിൽ സാധിക്കില്ലെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. സ്വന്തം കാര്യങ്ങളും സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് തന്റെ സമയവും വസ്തുക്കളും മറ്റുള്ളവർക്കായി വിനിയോഗിക്കാൻ ഒരുവനെ പ്രേരിപ്പിക്കുന്നത് സ്വാർത്ഥതയെ വെല്ലുന്ന ദൈവികശക്തിയാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു. ദൈവത്തിന് ഏറ്റം പ്രീതികരമായ വാഴ്ത്തലും സ്തുതിയും സാഹോദര്യസ്നേഹം ആണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group