ഇറാഖിലെ വിദ്യാഭ്യാസ സ്വപ്‌നങ്ങൾക്ക് കരുത്തേകാൻ പോപ്പ് ഫ്രാൻസിസ് സ്‌കോളർഷിപ്പ്

ഇറാഖിലെ വിദ്യാർത്ഥീസമൂഹത്തിന്റെ ഉന്നത വിദ്യാഭ്യാസ സ്വപ്‌നങ്ങൾക്ക് കരുത്തേകാൻ പൊന്തിഫിക്കൻ സന്നദ്ധ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ) ഈ വർഷം മുതൽ പോപ്പ് ഫ്രാൻസിസ് സ്‌കോളർഷിപ്പ് ആരംഭിക്കുന്നു.

പേപ്പൽ പര്യടനവുമായി ബന്ധപ്പെട്ട്, ഏർബിൽ കാത്തലിക് യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് കഴിഞ്ഞ വർഷംതന്നെ ‘എ.സി.എൻ’ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചെങ്കിലും കോവിഡ് പ്രതിസന്ധിമൂലം നീണ്ടു പോവുകയായിരുന്നു.

113 ക്രൈസ്തവർ ഉൾപ്പെടെ 128 വിദ്യാർത്ഥികൾക്കാണ് (12 യസീദികൾ, മൂന്ന് മുസ്ലീം) ആദ്യ വർഷത്തിൽ സ്‌കോളർഷിപ്പ് ലഭ്യമാകുക. ഇതിൽ 12 പെൺകുട്ടികൾ ഉൾപ്പെടെയുള്ള 14 വിദ്യാർത്ഥികൾ ഐസിസിന്റെ സമാനതകളില്ലാത്ത ക്രൂരതയ്ക്ക് വേദിയായ നിനവേ സമതലത്തിൽനിന്നുള്ളവരാണ്. ഇവർക്ക് യൂണിവേഴ്‌സിറ്റിയുടെ സമീപത്ത് താമസസൗകര്യവും ‘എ.സി.എൻ’ ഒരുക്കും. ഇറാഖിന്റെ പുനരുദ്ധാരണത്തിനായി ഇതിനകംതന്നെ നിരവധി പദ്ധതികൾ നടപ്പാക്കുന്ന ‘എ.സി.എൻ’ ഒന്നര മില്യൺ യൂറോയാണ് സ്‌കോളർഷിപ്പിനായി നീക്കിവെച്ചിരിക്കുന്നത്.

ഐസിസിന്റെ അതിക്രമത്താൽ സകലതും നഷ്ടപ്പെട്ട ഇറാഖിലെ പീഡിത ക്രൈസ്തവർ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്ക് മെച്ചപ്പെട്ട ഭാവി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പലായനത്തെ കുറിച്ച് ചിന്തിക്കാതെ രാജ്യത്തു തുടരാൻ പ്രസ്തുത പദ്ധതി ഇറാഖീ ജനതയെ പ്രചോദിപ്പിക്കുമെന്ന് ഏർബിലിലെ കൽദായ ആർച്ച്ബിഷപ്പ് ബാഷർ വാർദ പ്രത്യാശ പ്രകടിപ്പിച്ചു. മികച്ച വിദ്യാഭ്യാസം നേടാനുള്ള അവസരം ക്രൈസ്തവ യുവജനങ്ങൾക്ക് നൽകിയാൽ അവർ രാജ്യത്ത് തുടരുമെന്ന് ‘എ.സി.എൻ’ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് തോമസ് ഹെയ്ൻ ഗെൽഡേനും വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group