പെണ്‍കുട്ടിക്ക് ഫ്രാന്‍സിസ് മാർപാപ്പ അയച്ച വീഡിയോ സന്ദേശം ശ്രദ്ധ നേടുന്നു

വത്തിക്കാൻ സിറ്റി: 17 വയസ്സുള്ള രോഗബാധിതയായ പെൺകുട്ടിക്ക് ഫ്രാൻസിസ് മാർപാപ്പ അയച്ച വീഡിയോ സന്ദേശം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.

ലോക യുവജന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത എഡ്നാ എന്ന പോര്‍ച്ചുഗീസ് പെണ്‍കുട്ടി തന്‍റെ കടുത്ത രോഗാവസ്ഥയെ കുറിച്ച് മാർപാപ്പക്ക് എഴുതിയ കത്തിനാണ് പാപ്പ വീഡിയോ സന്ദേശത്തിലൂടെ മറുപടി നല്കിയിരിക്കുന്നത്.

2023ല്‍ നടക്കാനിരിക്കുന്ന ലോക യുവജന സമ്മേളനത്തിന് പോര്‍ച്ചുഗലാണ് വേദി എന്നറിഞ്ഞപ്പോള്‍ മുതല്‍ എഡ്നാ വളരെ ഉത്സാഹത്തിലായിരുന്നു. കാരണം നാളിതുവരെ മാര്‍പാപ്പയെ എഡ്നാ ടെലിവിഷനില്‍ മാത്രമേ കണ്ടിട്ടുള്ളൂ. തന്‍റെ രാജ്യത്തേക്ക് പാപ്പ വരുമ്പോള്‍ നേരിട്ട് കാണാന്‍ സാധിക്കുമല്ലോ എന്ന സന്തോഷത്തിലായിരുന്നു എഡ്നാ. അതുകൊണ്ടുതന്നെ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള റജിസ്ട്രേഷന്‍ ആരംഭിച്ചപ്പോള്‍ എഡ്നാ അതില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എങ്കിലും 8 വര്‍ഷമായി എഡ്നായെ അലട്ടിക്കൊണ്ടിരിക്കുന്ന മാരക രോഗം ഇപ്പോള്‍ മൂര്‍ധന്യാവസ്ഥയില്‍ എത്തിയത് മൂലം എഡ്നക്ക് ലോക യുവജനസമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്ന സത്യം എഡ്നായെ വല്ലാതെ ദുഃഖിപ്പിച്ചു. ഈ പശ്ചാത്തലത്തിലാണ് എഡ്നാ തന്‍റെ രോഗവിവരം വിവരിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പയ്ക്ക് കത്തെഴുതുന്നത്. ഫ്രാന്‍സിസ് പാപ്പയെ കാണാനുള്ള എഡ്നായുടെ ആഗ്രഹം കത്തില്‍ വളരെ നല്ല രീതിയില്‍ പ്രകടമായിരുന്നു. എഡ്നാ മരണത്തോട് അടക്കുയാണെന്ന് അവള്‍ക്ക് തന്നെ വ്യക്തമായി അറിയാം എന്ന കാര്യവും കത്തില്‍ നിന്നും മനസിലാക്കാവുന്നതാണ്. ഇതെല്ലാം മനസിലാക്കിയത് കൊണ്ടാവണം ഫ്രാന്‍സിസ് പാപ്പ എഡ്നാക്ക് ഒരു വീഡിയോ സന്ദേശം അയച്ചത്.

“എഡ്നാ എനിക്ക് നിന്‍റെ കത്ത് ലഭിച്ചു. കഠിനമായ രോഗാവസ്ഥയിലും നീ കാത്തുസൂക്ഷിക്കുന്ന സ്നേഹത്തിനും ശാന്തതയ്ക്കും സമാധാനത്തിനും ഞാന്‍ നിന്നോട് നന്ദി പറയുന്നു. നീ ഉള്ളില്‍ നിറച്ച സമാധാനം നീയുമായി ബന്ധപ്പെട്ടവരുടെ മനസിലും വിതക്കുന്നുണ്ട്. നിന്‍റെ ഈ യാത്രയില്‍ ഞാനും നിന്നോടൊപ്പം ഉണ്ട്. നിനക്ക് വേണ്ടിയും നിന്നോടൊപ്പവും പ്രാര്‍ത്ഥിച്ചു കൊണ്ട്. നമ്മെ കാത്തു നില്‍ക്കുന്ന യേശുവിലേക്ക് നിന്നോടൊപ്പം ഞാനും ദൃഷ്ടി ഉറപ്പിക്കുന്നു.”

സന്ദേശത്തിന്‍റെ അവസാനത്തില്‍ ഫ്രാന്‍സിസ് പാപ്പ എഡ്നാക്ക് അപ്പസ്തോലിക ആശീര്‍ വാദവും നല്‍കി. ഈ ആശീര്‍വാദം വേദനയുടെ യാത്രയില്‍ അവള്‍ക്ക് ശക്തി പകരട്ടെ എന്നും പാപ്പ ആശംസിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group