മാർപാപ്പയുമായി വിടവാങ്ങൽ കൂടിക്കാഴ്ച നടത്തി കാലിസ്റ്റ ഗിൻഗ്രിച്ച്
ഡൊണാൾഡ് ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം അവസാനിക്കുന്നതോടെ റോമിനോട് വിടപറയാൻ തയ്യാറെടുക്കുന്ന അമേരിക്കൻ അംബാസഡർ കാലിസ്റ്റ ഗിൻഗ്രിച്ച് വെള്ളിയാഴ്ച പരിശുദ്ധ പിതാവുമായി കൂടിക്കാഴ്ച നടത്തി. ജനുവരി 20ന് സ്ഥാനമൊഴിഞ്ഞ് അമേരിക്കയിലേക്ക് പിൻവാങ്ങാനിരിക്കെയാണ് കൂടിക്കാഴ്ച നടന്നത്. പുതിയ അംബാസഡർ നിയമിക്കപ്പെടുന്നതുവരെ മിഷൻ ഡെപ്യൂട്ടി ചീഫായ പാട്രിക് കോണെലിനെ ചുമതല ഏൽപ്പിക്കുമെന്ന് എംബസി ഉദ്യോഗസ്ഥർ സി എൻ എ യോട് സ്ഥിരീകരിച്ചു. 2017 മെയിൽ ഡൊണാൾഡ് ട്രംപ് നാമനിർദേശം ചെയ്ത ഗിൻഗ്രിച്ച് ഒക്ടോബറോടുകൂടി സെനറ്റിലും അംഗീകരിക്കപ്പെട്ടു. മുൻ ഹൗസ് സ്പീക്കറായിരുന്ന ന്യൂറ്റ് ഗിൻഗ്രിച്ചിന്റെ ഭാര്യ കൂടിയായ കാലിസ്റ്റ റോമിലെ തന്റെ മൂന്നുവർഷത്തെ പ്രവർത്തനങ്ങളിലൂടെ മനുഷ്യക്കടത്ത്, മതസ്വാതന്ത്ര്യം, ക്രിസ്ത്യൻ പീഡനം എന്നിങ്ങനെയുള്ള വിവിധ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചു.രാജ്യത്തിന്റെ അംബാസഡർ എന്ന നിലയിൽ പറഞ്ഞറിയിക്കാനാവാത്ത ആത്മനിർവൃതിയാണ് ഈ കൂടിക്കാഴ്ച തനിക്ക് നൽകുന്നതെന്ന് കാലിസ്റ്റ ഒരഭിമുഖത്തിൽ അറിയിച്ചു. ഒരു തികഞ്ഞ കത്തോലിക്കാ വിശ്വാസിയായ ഗിൻഗ്രിച്ച് റോമിലെ പ്രവർത്തനങ്ങൾ തന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതിൽ മഹത്തായ പങ്കുവഹിച്ചിട്ടുണ്ട് എന്നു സാക്ഷ്യപ്പെടുത്തി. കഴിഞ്ഞ മെയിൽ തന്നെ ഇറ്റലിയിലെ കൊറോണ ബാധിതരായ ആളുകളെ സഹായിക്കുന്നതിനായി യുഎസ് സർക്കാരിന്റെ ദുരിതാശ്വാസ ഫണ്ടുകൾ വിനിയോഗിക്കാനുംകാലിസ്റ്റ ശ്രദ്ധിച്ചു. സമ്പത്ത് പര സഹായത്തിനായി വിനിയോഗിക്കുക എന്നതാണ് പ്രധാനമെന്നും വിശ്വാസ സംഘടനകളോട് ചേർന്ന് നിന്നുകൊണ്ട് ആവശ്യക്കാരിലേക്ക് സഹായമെത്തിക്കാൻ ശ്രദ്ധിക്കണമെന്നും അംബാസഡർ ഓർമിപ്പിക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group