സ്ലൊവാക്യായിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ കൊസിഷെ രൂപതാധ്യക്ഷനുo, പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ മുൻ സെക്രട്ടറിയുമായ ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ എറണാകുളം-അങ്കമാലി അതിരൂപതക്കു വേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. സീറോ മലബാർ സഭയിലെ മറ്റു രൂപതകളിലെല്ലാം നടപ്പിലാക്കിയ സിനഡു തീരുമാനമനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുർബാനയർപ്പണ രീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രൂപപ്പെട്ട പ്രതിസന്ധി പഠിക്കുന്നതിനും പരിഹാരമാർഗം നിർദേശിക്കുന്നതിനുമാണു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രത്യേക പ്രതിനിധിയായി ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ നിയോഗിച്ചിരിക്കുന്നത്.
2023 മെയ് നാലാം തീയതി സീറോമലബാർസഭയുടെ പെർമനന്റ് സിനഡ് അംഗങ്ങൾ വത്തിക്കാനിലെത്തി സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർദിനാൾ പിയെത്രോ പരോളിനുമായും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ തലവൻ നിയുക്ത കർദിനാൾ ക്ലൗദിയോ ഗുജറോത്തിയുമായും നടത്തിയ ചർച്ചയിൽ രൂപപ്പെട്ട നിർദേശമാണ് ഒരു പൊന്തിഫിക്കൽ ഡെലഗേറ്റിനെ അയക്കുക എന്നത്. ഈ നിർദേശം പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ അനുഭാവപൂർവം പരിഗണിക്കുമെന്നു പരിശുദ്ധ സിംഹാസനത്തിൽ നിന്ന് അറിയിക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ, 2023 ജൂൺ മാസത്തിൽ കൂടിയ സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ പ്രത്യേക സിനഡുസമ്മേളനത്തിൽ എറണാകുളം-അങ്കമാലി അതിരൂപതക്കു വേണ്ടി ഒരു പൊന്തിഫിക്കൽ ഡെലഗേറ്റിനെ നിയമിക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യുകയും സിനഡിന്റെ അനുകൂല തീരുമാനം പരിശുദ്ധ സിംഹാസനത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഈ നടപടികളുടെ പൂർത്തീകരണമായാണ് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ പൊന്തിഫിക്കൽ ഡെലഗേറ്റിനെ നിയമിച്ചിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group