വിയറ്റ്നാമിന്റെ മുൻ പ്രസിഡൻറിന്റെ നിര്യാണത്തിൽ അനുശോചിച്ച് മാർ പാപ്പാ

വിയറ്റ്നാമിലെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ജനറലും അന്നാടിന്റെ മുൻ പ്രസിഡൻറുമായ ൻഗുയേൻ ഫൂ ത്രോംഗിൻറെ നിര്യാണത്തിൽ മാർപ്പാപ്പാ തന്റെ ഖേദം രേഖപ്പെടുത്തി.

വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ ചൊവ്വാഴ്ചയാണ് (23/07/24) ഫ്രാൻസീസ് പാപ്പായുടെ അനുശോചനം അറിയിക്കുന്ന കമ്പിസന്ദേശം വിയറ്റ്നാമിൻറെ പ്രസിഡൻറ് തോ ലാമിന് അയച്ചത്.

ൻഗുയേൻ ഫൂ ത്രോംഗിൻറെ വേർപാടിൽ കേഴുന്ന എല്ലാവരോടും, വിശിഷ്യ, അദ്ദേഹത്തിൻറെ കുടുബത്തോടും പാപ്പാ തൻറെ ദുഃഖം രേഖപ്പെടുത്തുകയും അവർക്ക് സാന്ത്വനവും സമാധാനവും ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് കർദ്ദിനാൾ പരോളിൻ അനുശോചന സന്ദേശത്തിൽ അറിയിക്കുന്നു.

വിയറ്റ്‌നാമും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള ഭാവാത്മക ബന്ധം വളർത്തിയെടുക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് പാപ്പാ പ്രത്യേകം വിലമതിക്കുകയും അന്നാടിൻറെ ദുഃഖത്തിൻറെ ഈ വേളയിൽ പ്രസിഡൻറിനോടും എല്ലാ പൗരന്മാരോടും തൻറെ ആദ്ധ്യാത്മിക സാമീപ്യം അറിയിക്കുയും ചെയ്യുന്നു. 80 വയസ്സു പ്രായമുണ്ടായിരുന്ന ൻഗുയേൻ ഫൂ ത്രോംഗ് ജൂലൈ 19-ന്, വെള്ളിയാഴ്‌ചയാണ് മരണമടഞ്ഞത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m