നടക്കാനിരിക്കുന്ന ലോക യുവജന സംഗമത്തിലെ പേപ്പൽ സാന്നിധ്യത്തെ കുറിച്ച് പ്രതികരിച്ച് മാർപാപ്പ

2023-ൽ പോർച്ചുഗലിൽ നടക്കുവാൻ ഇരിക്കുന്ന ലോക യുവജന സംഗമത്തിൽ പേപ്പൽ സാന്നിധ്യത്തെക്കുറിച്ച് പ്രതികരിച്ച് ഫ്രാൻസിസ് മാർപാപ്പ.

‘സി.എൻ.എന്നി’ന്റെ പോർച്ചുഗൽ എഡിഷന് നൽകിയ അഭിമുഖത്തിലായിരുന്നു പാപ്പയുടെ പ്രതികരണം. പേപ്പൽ സാന്നിധ്യത്തെക്കുറിച്ച് ലേഖകൻ ഉന്നയിച്ച ചോദ്യത്തിന് ‘ഒന്നുകിൽ ഞാൻ വരും അല്ലെങ്കിൽ ജോൺ 24-ാമൻ വരും,’ എന്നാണ് പാപ്പ തമാശരൂപേണ മറുപടി നൽകിയത്.

‘ഒന്നുകിൽ അത് പോപ്പ് ഫ്രാൻസിസാകാം അല്ലെങ്കിൽ ജോൺ 24-ാമനാകാം. പക്ഷേ, പാപ്പ അവിടെ പോകും,’ ദൈവം ആഗ്രഹിക്കുന്നതു പോലെ നടക്കട്ടെ എന്ന സൂചന നൽകിക്കൊണ്ട് തന്റെയോ പിൻഗാമിയുടെയോ സാന്നിധ്യം ഉണ്ടാകുമെന്ന് പാപ്പ പ്രതികരിച്ചു. തന്റെ പിൻഗാമിയെ ‘ജോൺ 24-ാമൻ’ എന്ന വിശേഷണത്തോടെ ഫ്രാൻസിസ് പാപ്പ അവതരിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2025ൽ ഇറ്റലിയിലെ റഗുസ രൂപത സന്ദർശിക്കണമെന്ന അവിടത്തെ ബിഷപ്പിന്റെ ആഗ്രഹത്തിന് മറുപടിയായാണ്, 2025ൽ തന്റെ പിൻഗാമി ജോൺ 24-ാമൻ ആയിരിക്കുമെന്ന് ഫ്രാൻസിസ് പാപ്പ ആദ്യമായി പറഞ്ഞത്.

2023 ഓഗസ്റ്റ് ഒന്നു മുതൽ ആറു വരെയുള്ള തിയതികളിലാണ്, പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ ആഗോള കത്തോലിക്കാ യുവജനസമൂഹം സംഗമിക്കുക. മൂന്ന് വർഷത്തിൽ ഒരിക്കൽ ക്രമീകരിക്കുന്ന ലോക യുവജന സംഗമം മഹാമാരി മൂലം 2022ൽ നിന്ന് 2023ലേക്ക് മാറ്റിവെക്കുകയായിരുന്നു. 2019ൽ മധ്യ അമേരിക്കൻ രാജ്യമായ പാനമയിലായിരുന്നു ഇതിനുമുമ്പത്തെ ലോക യുവജനസംഗമം. ഗർഭിണിയായ ഏലീശ്വായെ പരിശുദ്ധ മറിയം സന്ദർശിക്കാൻ പോകുന്ന രംഗത്തെ ആസ്പദമാക്കി ‘മറിയം തിടുക്കത്തിൽ പുറപ്പെട്ടു,’ എന്ന തിരുവചനമാണ് ഇത്തവണ ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group