വത്തിക്കാൻ സിറ്റി : മതങ്ങൾ തമ്മിലുള്ള ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈന്‍ സന്ദർശനം ഇന്ന്.
ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം എന്ന സുവിശേഷവാക്യമാണു മാർപാപ്പയുടെ 39-ാം അപ്പസ്തോലിക പര്യടനത്തിന്റെ മുദ്രാവാക്യം. വിദേശയാത്രകൾക്കു മുൻപ് പതിവുള്ളതുപോലെ മാർപാപ്പ ഇന്നലെ റോമിലെ മാതാവിന്റെ വലിയപള്ളി സന്ദർശിച്ചു പ്രാർഥിക്കുകയും യാത്രയെ മാതാവിന്റെ സംരക്ഷണത്തിനു സമർപ്പിക്കുകയും ചെയ്തു.
ഇന്നും നാളെയുമായി നടക്കുന്ന ‘ബഹ്റൈന്‍ സംവാദ വേദി’ സമ്മേളനത്തിൽ പങ്കെടുക്കലാണ് മാര്‍പാപ്പായുടെ മുഖ്യപരിപാടി. ‘കിഴക്കും പടിഞ്ഞാറും മനുഷ്യ സഹവർത്തിത്വത്തിന്’ എന്ന വിഷയത്തിലൂന്നി നടക്കുന്ന സമ്മേളനത്തിൽ ഇരുനൂറോളം മതനേതാക്കൾ പങ്കെടുക്കും.
ബഹ്റൈന്‍ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ മാർപാപ്പയെ നേരിട്ടു ക്ഷണിച്ചിരുന്നു. ഞായറാഴ്ച വരെയാണു ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം. ഇന്നു രാവിലെ റോമിൽ നിന്നു വിമാനം കയറുന്ന അദ്ദേഹം വൈകുന്നേരം അവാലിയിലെ വിമാനത്താവളത്തിൽ ഇറങ്ങും. തുടർന്ന് ഹമദ് രാജാവിനെ കൊട്ടാരത്തിൽ സന്ദർശിക്കും.
വെള്ളിയാഴ്ച ‘ബഹ് റിൻ സംവാദ വേദി’ സമാപന സമ്മേളനത്തിൽ പങ്കെടുത്ത ശേഷം ഈജിപ്തിലെ അൽ അസ്ഹര്‍ ഗ്രാൻഡ് ഇമാമും അടുത്ത സുഹൃത്തുമായ ഷെയ്ഖ് അഹമ്മദ് അൽ തയ്യിബുമായി മാർപാപ്പ സ്വകാര്യ കൂടിക്കാഴ്ച നടത്തും.
അവാലിയിലെ ‘അറേബ്യയുടെ നാഥയായ മറിയത്തിന്റെ കത്തീഡ്രലിൽ’ എക്യുമെനിക്കൽ സമ്മേളനത്തിലും സമാധാന പ്രാർത്ഥനയിലും പങ്കെടുക്കും.
ശനിയാഴ്ച മാർപാപ്പ ബഹ്റിൻ നാഷണൽ സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഞായറാഴ്ച മനാമയിലെ തിരുഹൃദയ പള്ളിയിൽ ബിഷപ്പുമാരും വൈദികരുമായി കൂടിക്കാഴ്ച. വൈകുന്നേരം റോമിലേക്കു മടങ്ങും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group