സെപ്തംബർ 2 മുതൽ 13 വരെ ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, ടിമോർ-ലെസ്റ്റെ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയഞ്ചാമത് അപ്പസ്തോലിക യാത്രയ്ക്കു മുന്നോടിയായി, ഏഷ്യയിൽ പാപ്പായുടെ സന്ദർശനത്തിന്റെ പ്രാധാന്യം അടിവരയിട്ടുകൊണ്ട് കർദിനാൾ ചാൾസ് മൗങ് ബോ സംസാരിച്ചു. മ്യാൻമറിലെ യാങ്കൂണിലെ ആർച്ച് ബിഷപ്പും, ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസുകളുടെ പ്രസിഡന്റുമാണ് കർദിനാൾ ബോ. മതവിശ്വാസം അതിന്റെ തീക്ഷ്‌ണതയിൽ ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന ഏഷ്യൻ ജനതയ്ക്ക് പാപ്പായുടെ സന്ദർശനം ഉണർവ് പ്രദാനം ചെയ്യുമെന്ന് കർദിനാൾ പറഞ്ഞു. മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നവരാണെങ്കിൽ പോലും, തങ്ങളുടെ വിശ്വാസജീവിതം അഭംഗുരം കാത്തുസൂക്ഷിക്കുവാൻ പരിശ്രമിക്കുന്നവരാണ് ഏഷ്യൻ ജനതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയവും, സാമ്പത്തികവും, സാമൂഹികവും, പാരിസ്ഥിതികവും, സാംസ്കാരികവുമായ വെല്ലുവിളികൾക്കിടയിൽ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ചില ഇടങ്ങളിൽ ക്രൈസ്തവ വിശ്വാസം നിലനിർത്തുന്നത് ഏറെ ശ്രമകരമാണെന്നും കർദിനാൾ പറഞ്ഞു. സാധാരണ വിശ്വാസികൾക്ക് അകലെയായിരിക്കുന്ന പാപ്പാ, തങ്ങളുടെ അടുത്തേക്ക് വരുന്നുവെന്നതുതന്നെ ഏറെ സന്തോഷം പകരുന്ന ഒരു കാര്യമാണെന്നും, അവരുടെ വിശ്വാസജീവിതത്തിന് അത് നവോന്മേഷം പകരുന്നതാണെന്നും കർദിനാൾ പങ്കുവച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m