പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി; നിർമ്മിക്കുന്ന വീടുകൾക്ക് മുന്നിൽ കേന്ദ്ര പരസ്യം നിർബന്ധം

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജനയുടെ (പിഎംഎവൈ) ഫണ്ട് ഉപയോഗിച്ച്‌ നിർമ്മിക്കുന്ന വീടുകളില്‍ ലോഗോ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി തോഖൻ സാഹു രാജ്യസഭയെ അറിയിച്ചു.

സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന നാല് വ്യത്യസ്ത വിഭാഗങ്ങളിലുള്ളവർക്ക് കേന്ദ്രസർക്കാർ നല്‍കുന്ന ഭവന നിർമ്മാണ സഹായമാണ് പ്രധാനമന്ത്രി ആവാസ് യോജന. ചേരി പുനർവികസനത്തിന് ഒരു ലക്ഷം രൂപയും സ്വന്തമായി വീട് നിർമിക്കുന്ന ഗുണഭോക്താക്കള്‍ക്ക് 1.5 ലക്ഷം രൂപയും വീട് വെക്കാൻ വായ്പയെടുക്കുന്നവർക്ക് സബ്‌സിഡിയായി 2.67 ലക്ഷം രൂപയും ഉള്‍പ്പെടുന്നതാണ് സഹായം.

കേന്ദ്ര സഹായത്തോടെ പൂർത്തീകരിച്ച വീടുകളില്‍ പ്രത്യേക ലോഗോ പ്രദർശിപ്പിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം വിവേചനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി കേരള സർക്കാർ നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിഎംഎവൈ അർബൻ, റൂറല്‍ സ്കീമുകള്‍ ഉള്‍പ്പെടുന്ന രണ്ട് പദ്ധതികളെ ലൈഫ് മിഷൻ എന്ന പേരില്‍ സംസ്ഥാന സർക്കാർ ഒറ്റ ഭവന പദ്ധതി ആരംഭിച്ചിരുന്നു. കേന്ദ്രസർക്കാർ 72,000 രൂപയും സംസ്ഥാന സർക്കാർ 4 ലക്ഷം രൂപയുമാണ് ലൈഫ് മിഷൻ പദ്ധതിയില്‍ സഹായം ലഭിക്കുക. വീടുകള്‍ ബ്രാൻഡ് ചെയ്തില്ലെങ്കില്‍ ഫണ്ട് അനുവദിക്കില്ലെന്ന നിലപാടില്‍ കേന്ദ്രസർക്കാർ ഉറച്ചുനിന്നതോടെ, കേരളം ബ്രാൻഡിംഗ് നല്‍കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്രത്തിന് കത്തയച്ചു. ഫണ്ട് ലഭിച്ചതിന് ശേഷം സംസ്ഥാന സർക്കാർ പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കുകയാണെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം.

2023 ഒക്ടോബർ 31 വരെ, ലൈഫ് മിഷൻ പദ്ധതിക്ക് കീഴില്‍ ആകെ 3,56,108 വീടുകളാണ് പൂർത്തീകരിച്ചത്, അതില്‍ PMAY-അർബൻ സ്കീമിന് കീഴിലുള്ള 79,860 ഉം സ്കീമിന് കീഴിലുള്ള 32,171 വീടുകളും ഉള്‍പ്പെടുന്നു. നഗരപദ്ധതിക്ക് കേന്ദ്രസർക്കാർ വിഹിതം ഒന്നരലക്ഷം രൂപയും ഗ്രാമീണ പദ്ധതിക്ക് 72,000 രൂപയുമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group