യുക്രെയ്ന്‍ ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണo: ഗോവൻ ആർച്ച് ബിഷപ്പ്

യുദ്ധ കെടുതി മൂലം വളരെയധികം വിഷമിക്കുന്ന യുക്രെയിനിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത് ഗോവ ആർച്ച്ബിഷപ് ഡോ. ഫിലിപ്പ് നേരി ഫെറാവോ.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ തന്റെ നോമ്പുകാല സര്‍ക്കുലറിലൂടെയാണ് അദ്ദേഹം ഇക്കാര്യം വിശ്വാസികളോട് ആവശ്യപ്പെട്ടത്.

അതിരൂപതയിലെ വൈദികരും സന്യസ്തരും അല്മായരും ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കുമായി നോമ്പുകാലത്ത് സമയം മാറ്റിവയ്ക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ലോകസമാധാനം തകര്‍ക്കുന്ന റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ലോകമാസകലം ഞെട്ടല്‍ ഉളവാക്കിയിരിക്കുകയാണ്. സമാധാനത്തിന്റെ രാജകുമാരനായ ക്രിസ്തുവിന്റെ അനുയായികളെന്ന നിലയില്‍ നമുക്ക് ആ ഗുരുതരമായ പ്രതിസന്ധിയില്‍ വെറുതെയിരിക്കാനാകില്ല. നാം നമ്മെ തന്നെ ആത്മീയ ആയുധങ്ങളായ പ്രാര്‍ത്ഥന, ത്യാഗം എന്നിവ കൊണ്ട് ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

സംഘര്‍ഷം തുടരുന്നതിനാല്‍ നിരന്തരമായി നാം പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. കിഴക്കന്‍ യൂറോപ്പിലെയും ലോകത്തിലെ മറ്റ് സ്ഥലങ്ങളിലെയും അതിസങ്കീര്‍ണമായ ഈ പ്രതിസന്ധിയില്‍ നിന്നും ലോകത്തെ രക്ഷിക്കണമെന്നും സമാധാനം നല്‍കണമെന്നും യാചിച്ച് സര്‍വ്വശക്തമായ ദൈവത്തിന്റെ മുമ്പില്‍ കൈകളുയര്‍ത്താം. ഈ ദിവസങ്ങളില്‍ കരുണയുടെ കൊന്ത ചൊല്ലണമെന്നും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.യുദ്ധവും സംഘര്‍ഷവും വിതച്ച് മാനവസമൂഹത്തെ ഇല്ലാതാക്കുവാന്‍ പരിശ്രമിക്കുന്ന നാരകീയ ശക്തികള്‍ക്കെതിരെ പ്രാര്‍ത്ഥനയും ത്യാഗവും കൊണ്ട് പോരാടാമെന്നും ആര്‍ച്ച് ബിഷപ് ഉദ്ബോധിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group