കുടുംബങ്ങളിൽ പെസഹാ അപ്പം മുറിക്കുന്നതിനു മുൻപുള്ള പ്രാർത്ഥന

പെസഹവ്യാഴം അപ്പം മുറിക്കുമ്പോൾ
(കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം നില്‍ക്കുന്നു. കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനാണ്‌ പെസഹാ അപ്പം മുറിക്കൽ കര്‍മ്മത്തിന്റെ കാമ്മികന്‍.)

കുടുംബനാഥന്‍: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍

എല്ലാവരും: ആമ്മേന്‍

കുടുംബനാഥന്‍: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ…

(എല്ലാവരും ഒരുമിച്ച് പ്രാര്‍ത്ഥന പൂര്‍ത്തിയാക്കുന്നു)

കുടുംബ നാഥൻ: പ്രപഞ്ചത്തിന്റെ നാഥനും രാജാവും ആയ ദൈവമെ, അങ്ങു ഞങ്ങളെ വിശുദ്ധ ജനമായി തിരഞ്ഞെടുത്തതിനെ പ്രതി ഞങ്ങൾ അങ്ങെക്കു നന്ദി പറയുന്നു. അങ്ങു കല്പ്പിച്ചതു പോലെ അങ്ങയുടെ പെസഹാ ഭക്ഷണത്തിന്റെ ഓർമ്മ ആചരിക്കുവാൻ ഞങ്ങൾ ഒരുമിച്ചു കൂടിയിരിക്കുന്നു. ഈ തിരുക്കർമ്മം ഭക്തിയോടെ നിർവഹിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ എന്നേക്കും

അംഗങ്ങൾ: ആമ്മേൻ.

പഴയനിയമ വായന പുറപ്പാട്: 12, 8-11

അവര്‍ അതിന്റെ മാംസം തീയില്‍ ചുട്ട് പുളിപ്പില്ലാത്ത അപ്പവും കയ്പുള്ള ഇലകളും കൂട്ടി അന്നു രാത്രി ഭക്ഷിക്കണം. ചുട്ടല്ലാതെ പച്ചയായോ വെള്ളത്തില്‍ വേവിച്ചോ ഭക്ഷിക്കരുത്. അതിനെ മുഴുവനും, തലയും കാലും ഉള്‍ഭാഗവുമടക്കം ചുട്ട് ഭക്ഷിക്കണം. പ്രഭാതമാകുമ്പോള്‍ അതില്‍ യാതൊന്നും അവശേഷിക്കരുത്. എന്തെങ്കിലും മിച്ചം വന്നാല്‍ തീയില്‍ ദഹിപ്പിക്കണം. ഇപ്രകാരമാണ് അതു ഭക്ഷിക്കേണ്ടത്. അരമുറുക്കി ചെരുപ്പുകളണിഞ്ഞ് വടികൈയിലേന്തി തിടുക്കത്തില്‍ ഭക്ഷിക്കണം. കാരണം അതു കര്‍ത്താവിന്റെ പെസഹായാണ്.

സുവിശേഷ വായന: മത്തായി 26, 26-30

അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ച് ശിഷ്യന്മാര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിന്‍; ഇത് എന്റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്‌തോത്രം ചെയ്ത് അവര്‍ക്കുകൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍ നിന്നു പാനം ചെയ്യുവിന്‍. ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്. ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ പിതാവിന്റെ രാജ്യത്തില്‍ നിങ്ങളോടൊത്തു നവമായി ഇതുപാനം ചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഈ ഫലത്തില്‍നിന്നു ഞാന്‍ വീണ്ടും കുടിക്കുകയില്ല. സ്‌തോത്രഗീതം ആലപിച്ചശേഷം അവര്‍ ഒലിവുമലയിലേക്കു പോയി.

പ്രാര്‍ത്ഥന

കുടുംബനാഥന്‍: കര്‍ത്താവായ ദൈവമേ പൈതൃക വാത്സല്യത്തോടെ അങ്ങ് സര്‍വ്വ സൃഷ്ടജാലങ്ങളെയും പരിപോഷിപ്പിക്കുകയും അങ്ങേ മക്കളെ നിരന്തരം വിശുദ്ധ കുര്‍ബാനയാല്‍ പരിരക്ഷിക്കുകയും ചെയ്യുന്നുവല്ലോ. അങ്ങേ അനന്തമായ ദാനങ്ങള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. പെസഹാവ്യാഴ രാത്രിയില്‍ ശിഷ്യന്മാര്‍ക്കൊപ്പം സെഹിയോന്‍ മാളികയില്‍ ഒരുമിച്ചുകൂടി, അപ്പം മുറിച്ച് ഭക്ഷിക്കുന്നതിന് മുമ്പ് ശിഷ്യന്മാരുടെ പാദം കഴുകി, അവര്‍ക്ക് പുതിയ ഒരു പാതയിലൂടെ പാപമില്ലാതെ സഞ്ചരിക്കാന്‍ കൃപ നല്‍കിയ കര്‍ത്താവെ, അങ്ങേ കാരുണ്യത്താല്‍ ഞങ്ങള്‍ ഭക്ഷിക്കാന്‍ പോകുന്ന ഈ പെസഹാ ഭക്ഷണത്തെ ആശീര്‍വദിക്കണമെ. ഈ പെസഹാ ആചരിക്കാന്‍ ഞങ്ങള്‍ക്ക് ആയുസും ആരോഗ്യവും നല്‍കിയ കര്‍ത്താവെ അങ്ങേക്ക് നന്ദി പറയുന്നു. ഈ പെസഹാ ഭക്ഷണം ഒരുക്കിയവരെയും, പാചകം ചെയ്തവരെയും അനുഗ്രഹിക്കണമേ. വെറുപ്പില്ലാതെ, യോഗ്യതയോടെ, പരസ്പര സ്‌നേഹത്തോടെ ഞങ്ങള്‍ ഈ പെസഹാ ഭക്ഷിക്കട്ടെ. തിരുവചനത്താല്‍ വീര്യമാര്‍ജ്ജിച്ച് വിശ്വാസത്താല്‍ കൂടുതല്‍ ശക്തരാകുവാനും അങ്ങേ രാജ്യത്തിനായി തീക്ഷ്ണതയോടെ പ്രവര്‍ത്തിക്കാനും ഞങ്ങളെ യോഗ്യരാക്കണെ. സകലത്തിന്റെയും നാഥാ എന്നേക്കും. ആമ്മേൻ

(കുടുംബ നാഥൻ അപ്പം മുറിച്ചു പാലിൽ മുക്കി മുതിർന്നവർ മുതൽ പ്രായക്രമം അനുസരിച്ചു എല്ലാവർക്കും കൊടുക്കുന്നു.)

കുടുംബ നാഥൻ: ഞങ്ങളുടെ പിതാവായ ദൈവമേ, ഞങ്ങളുടെ കുടുംബത്തിൽ വസിക്കുകയും, ഞങ്ങളെ അനുഗ്രഹിക്കുയും ചെയ്യേണമേ. നസറത്തിലെ തിരുക്കുടുംബം പോലെ, ഞങ്ങളുടെ കുടുംബവും അങ്ങേക്കു പ്രീതികരമായി ജീവിക്കട്ടെ. ഈ ലോകത്തിൽ അങ്ങേക്കു ശുശ്രൂഷ ചെയ്യുന്ന ഞങ്ങളെ എല്ലാവരേയും സ്വർഗ്ഗീയ ഓർശ്ലത്തെ നിത്യ സൗഭാഗ്യത്തിനു അർഹരാക്കേണമെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ എന്നേക്കും

അംഗങ്ങൾ: ആമ്മേൻ.

(എല്ലാവരും പരസ്പരം ഈശോക്കു സ്തുതി ചൊല്ലുന്നു)

ഈശോമിശാഹായ്ക്ക് സ്തുതിയായിരിക്കട്ടെ!

ത്രിസന്ധ്യാജപം (വിശുദ്ധവാരം)
(വലിയ ബുധനാഴ്ച സായാഹ്നം മുതല്‍ ഉയിര്‍പ്പു ഞായറാഴ്ച വരെ ചൊല്ലേണ്ടത്)

മിശിഹാ നമുക്കു വേണ്ടി മരണത്തോളം കീഴ്‌വഴങ്ങി. അതേ അവിടുന്നു കുരിശുമരണത്തോളം കീഴ്‌വഴങ്ങി. അതിനാല്‍ സര്‍വ്വേശ്വരന്‍ അവിടുത്തെ ഉയര്‍ത്തി. എല്ലാ നാമത്തെയുംകാള്‍ ഉന്നതമായ നാമം അവിടുത്തേക്കു നല്‍കി.
1. സ്വര്‍ഗ്ഗ.

പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ, ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ മര്‍ദ്ദകരുടെ കരങ്ങളില്‍ ഏല്‍പ്പിക്കപ്പെട്ടു കുരിശിലെ പീഡകള്‍ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കണ്‍പാര്‍ക്കണമേ എന്ന് അങ്ങയോടു കൂടി എന്നേയ്‌ക്കും ജീവിച്ചുവാഴുന്ന ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങളപേക്ഷിക്കുന്നു. ആമ്മേന്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group