ഇന്ന് പെസഹ, കുടുംബനാഥന്മാർ അറിയേണ്ട പ്രാർത്ഥന

തിരുഹൃദയരൂപത്തിന്‍ മുന്‍പില്‍ മെഴുകുതിരി കത്തിച്ചിരിക്കുന്നു. കുരിശപ്പം, പെസഹാ പാല്‍, അപ്പം മുറിക്കുന്നതിനുള്ള കത്തി മുതലായവ തയ്യാറാക്കിയിരിക്കുന്നു. ബൈബിള്‍ സമുന്നതമായ പീഠത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. കുടുംബനാഥന്‍ പ്രാര്‍ത്ഥന ആരംഭിക്കുന്നു.

കുടുംബനാഥന്‍: പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍.
സമൂ: ആമ്മേന്‍.
കുടുംബനാഥന്‍: അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി.
സമൂ: ആമ്മേന്‍.
കുടുംബനാഥന്‍: ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.
സമൂ: ആമ്മേന്‍.
കുടുംബനാഥന്‍: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ… (സമൂഹവും ചേര്‍ന്ന്).

കുടുംബനാഥന്‍: പീഡാസഹനത്തിന്‍റെ തലേ രാത്രിയില്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി വിനയത്തിന്‍റെ മാതൃക ഞങ്ങള്‍ക്കു നല്‍കുകയും ഞങ്ങളോടൊത്തു സദാ വസിക്കുന്നതിനായി വി.കുര്‍ബ്ബാന സ്ഥാപിക്കുകയും ചെയ്ത കര്‍ത്താവേ, അങ്ങയുടെ അനന്തമായ സ്നേഹവും കാരുണ്യവും അനുസ്മരിക്കുന്നതിനായി ഞങ്ങള്‍ നടത്തുന്ന ഈ പാവനശുശ്രൂഷയില്‍ സംപ്രീതനാകണമേ. അങ്ങയുടെ കാലടികള്‍ പിന്തുടരുന്നതിനു ഞങ്ങളെ സഹായിക്കണമേ സകലത്തിന്‍റെ നാഥാ, എന്നേക്കും.
സമൂ: ആമ്മേന്‍.

(ദൈവത്തിന്‍റെ അനന്തമായ ദാനങ്ങള്‍ ഓര്‍ത്ത് സങ്കീര്‍ത്തകനോടൊപ്പം നമുക്കും ദൈവത്തെ സ്തുതിക്കാം: സങ്കീര്‍ത്തനം 135)
കുടുംബനാഥന്‍: നല്ലവനായ കര്‍ത്താവിനെ സ്തുതിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍ അവിടുത്തെ കാരുണ്യം അനന്തമാകുന്നു.
സമൂ: നല്ലവനായ…
കുടുംബനാഥന്‍: അത്യുന്നതനായ ദൈവത്തെ സ്തുതിക്കുവിന്‍.
സമൂ: എന്തുകൊണ്ടെന്നാല്‍ അവിടുത്തെ കാരുണ്യം അനന്തമാകുന്നു.
കുടുംബനാഥന്‍: അത്ഭുതങ്ങൾ പ്രവര്‍ത്തിക്കുന്നവനായ ദൈവത്തെ സ്തുതിക്കുവിന്‍.
സമൂ: എന്തുകൊണ്ടെന്നാല്‍…
കുടുംബനാഥന്‍: തന്‍റെ അനന്തമായ ജ്ഞാനത്താല്‍ ആകാശം സൃഷ്ടിച്ചവനെ സ്തുതിക്കുവിന്‍.
സമൂ: എന്തുകൊണ്ടെന്നാല്‍…
കുടുംബനാഥന്‍: ജലത്തിനു മുകളിലായി ഭൂമിയെ ഉറപ്പിച്ചവനെ സ്തുതിക്കുവിന്‍.
സമൂ: എന്തുകൊണ്ടെന്നാല്‍…
കുടുംബനാഥന്‍: ആകാശമണ്ഡലത്തില്‍ ഗോളങ്ങള്‍ നിര്‍മ്മിച്ചവനെ സ്തുതിക്കുവിന്‍.
സമൂ: എന്തുകൊണ്ടെന്നാല്‍…
കുടുംബനാഥന്‍: പകലിനെ ഭരിക്കുവാന്‍ വേണ്ടി സൂര്യനെ സൃഷ്ടിച്ചവനെ സ്തുതിക്കുവിന്‍.
സമൂ: എന്തുകൊണ്ടെന്നാല്‍…
കുടുംബനാഥന്‍: രാത്രിയെ ഭരിക്കുവാന്‍ വേണ്ടി ചന്ദ്രതാരങ്ങളെ സൃഷ്ടിച്ചവനെ സ്തുതിക്കുവിന്‍.
സമൂ: എന്തുകൊണ്ടെന്നാല്‍…
കുടുംബനാഥന്‍: നമ്മുടെ സങ്കടകാലങ്ങളില്‍ നമ്മെ ഓര്‍ത്തവനെ സ്തുതിക്കുവിന്‍.
സമൂ: എന്തുകൊണ്ടെന്നാല്‍…
കുടുംബനാഥന്‍: നമ്മുടെ ശത്രുക്കളില്‍ നിന്നെല്ലാം നമ്മെ രക്ഷിച്ചവനെ സ്തുതിക്കുവിന്‍.
സമൂ: എന്തുകൊണ്ടെന്നാല്‍…
കുടുംബനാഥന്‍: ലോകത്തിലുള്ള ജീവികള്‍ക്കെല്ലാം ആഹാരം നല്‍കുന്നവനെ സ്തുതിക്കുവിന്‍.
സമൂ: എന്തുകൊണ്ടെന്നാല്‍…
കുടുംബനാഥന്‍: സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ കൃതജ്ഞതാപൂര്‍വ്വം സ്തുതിക്കുവിന്‍.
സമൂ: എന്തുകൊണ്ടെന്നാല്‍…
കുടുംബനാഥന്‍: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദിമുതല്‍ എന്നേക്കും ആമ്മേന്‍.

വിജ്ഞാപനം: പഴയനിയമകാലം മുതല്‍ ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ജനം പെസഹാ ആചരിച്ചിരുന്നു. ആ ദിവസം കുടുംബാംഗങ്ങള്‍ ഒരുമിച്ചു പെസഹാ അപ്പം ഭക്ഷിക്കുകയും കര്‍ത്താവ് അവരോടു ചെയ്തിട്ടുള്ള അനുഗ്രഹങ്ങള്‍ക്കു കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈജിപ്തില്‍ ഫറവോയുടെ അടിമത്തത്തില്‍ നിന്ന് ഇസ്രയേല്‍ ജനത്തെ ദൈവം വിമോചിപ്പിച്ചതു സംബന്ധിച്ച് പുറപ്പാടിന്‍റെ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ള ഭാഗം നമ്മുക്കു ശ്രവിക്കാം.പ്രതിനിധി: സഹോദരരേ, പുറപ്പാടിന്‍റെ പുതകത്തില്‍ നിന്നുള്ള വായന (പുറ: 12:1,14-25).

“കര്‍ത്താവ് ഈജിപ്തില്‍ വച്ച് മോശയോടും അഹറോനോടും അരുളിച്ചെയ്തു: ഈ ദിവസം നിങ്ങള്‍ക്ക് ഒരു സ്മരണാദിനമായിരിക്കട്ടെ. ഇതു തലമുറതോറും കര്‍ത്താവിന്റെ തിരുനാളായി നിങ്ങള്‍ ആച രിക്കണം. ഇതു നിങ്ങള്‍ക്ക് എന്നേക്കും ഒരു കല്‍പനയായിരിക്കും. നിങ്ങള്‍ ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാംദിവസംതന്നെ നിങ്ങളുടെ വീടുകളില്‍ നിന്ന് പുളിമാവു നീക്കം ചെയ്യണം. ഒന്നുമുതല്‍ ഏഴുവരെയുള്ള ദിവസങ്ങളില്‍ ആരെങ്കിലും പുളിച്ച അപ്പം ഭക്ഷിച്ചാല്‍ അവന്‍ ഇസ്രായേലില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം

ഒന്നാം ദിവസവും ഏഴാംദിവസവും നിങ്ങള്‍ വിശുദ്ധ സമ്മേളനം വിളിച്ചുകൂട്ടണം. ആദിവസങ്ങളില്‍ വേല ചെയ്യരുത്. എന്നാല്‍, ഭക്ഷിക്കാനുള്ളതു പാകം ചെയ്യാം. പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ നിങ്ങള്‍ ആചരിക്കണം. കാരണം, ഈ ദിവസമാണ് ഞാന്‍ നിങ്ങളുടെ വ്യൂഹങ്ങളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്നത്. നിങ്ങള്‍ തലമുറതോറും ഈ ദിവസം ആചരിക്കണം. ഇത് എന്നേക്കുമുള്ള കല്‍പനയാണ്. ആദ്യ മാസത്തിലെ പതിനാലാം ദിവസം സന്ധ്യ മുതല്‍ ഇരുപത്തൊന്നാം ദിവസം സന്ധ്യവരെ നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group