വിശുദ്ധ മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന

മുഖ്യദൂദനായ വിശുദ്ധ മിഖായേലേ, സ്വര്‍ഗ്ഗിയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഉന്നത ശക്തികളോടും അധികാരങ്ങളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണ കര്‍ത്താക്കളോടും ഉപരിതലങ്ങളിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തില്‍ ഞങ്ങളെ സഹായിക്കണമേ. ദൈവം സ്വന്തം ഛായയില്‍ സൃഷ്ടിക്കുകയും വലിയ വില കൊടുത്ത്‌ വീണ്ടെടുക്കയുംചെയ്ത മനുഷ്യരെ പിശാചിന്‍റെ ക്രൂര ഭരണത്തില്‍ നിന്നും രക്ഷിക്കുവാന്‍ വരണമേ. അങ്ങയെ ആണല്ലോ തിരുസഭ തന്‍റെ പരിപാലകനും സംരക്ഷകനുമായി വണങ്ങുന്നത്. കര്‍ത്താവ് രക്ഷിച്ച ആത്മാക്കളെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടി കൊണ്ട് പോകാന്‍ നിയുക്തനായിരിക്കുന്നത് അങ്ങ് തന്നെ ആണല്ലോ. ആകയാല്‍, ഞങ്ങളുടെ പാദങ്ങളുടെ കീഴില്‍ പിശാചിനെ അടിമപ്പെടുത്തുവാന്‍ സമാധാന ദാതാവായ ദൈവത്തോട്‌ പ്രാര്‍ത്ഥിക്കണമേ . പിശാച് ഒരിക്കലും മനുഷ്യരെ കീഴ്പ്പെടുത്തുകയോ തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ. കര്‍ത്താവിന്‍റെ കരുണ, വേഗം ഞങ്ങളുടെ മേല്‍ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകള്‍ അത്യുന്നതന്‍റെ മുന്നില്‍ സമര്‍പ്പിക്കണമേ. ദുഷ്ട ജന്തുവും പഴയ സര്‍പ്പവുമായ സാത്താനേയും അവന്‍റെ കൂട്ടുകാരേയും പിടിച്ചുകെട്ടി പാതാളത്തില്‍ തള്ളി താഴ്ത്തണമേ. അവന്‍ ഇനി ഒരിക്കലും ജനങ്ങളെ വഴി തെട്ടിക്കാതിരിക്കട്ടെ. ആമ്മേന്‍.

വിശുദ്ധ ഗബ്രിയേൽ മാലാഖയോടുള്ള പ്രാർത്ഥന.

ദൈവസന്നിധിയിൽ നിൽക്കുന്ന സപ്താത്മാക്കളിൽ ഒരുവനും ‘ദൈവത്തിന്റെ ശക്തി ‘ എന്നറിയപ്പെടുന്നവനും, ദൈവത്തിന്റെ വാഗ്ദാനങ്ങളും കരുണയും മനുഷ്യമക്കളെ അറിയിക്കുന്ന സന്ദേശവാഹകരായ മാലാഖമാരിൽ പ്രധാനിയുമായ വിശുദ്ധ ഗബ്രിയേൽ മാലാഖയേ അങ്ങയെ ഞങ്ങൾ വണങ്ങുന്നു. ഞങ്ങളുടെ ദുർബലാവസ്തയിൽ പ്രത്യേകിച്ചും സാത്താൻ ഒരുക്കുന്ന ഏറ്റം അപകടകരമായ എല്ലാകുരുക്കുകളും വെളിപ്പെടുത്തുകയും യുദ്ധത്തിൽ ഞങ്ങളെ സഹായിക്കുകയും ചെയ്യണമെ. ഞങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം ഞങ്ങൾക്ക് മനസ്സിലാക്കിതരുകയും അതനുസരിച്ചു ജീവിക്കുവാനുള്ള കൃപ ഞങ്ങൾക്ക് നേടിത്തരുകയും ചെയ്യണമെ. ദാനിയേലിനു ജഞാനവും അറിവും നൽകാൻ വന്ന ദൈവദൂതാ ദൈവിക ജഞാനവും അറിവും ഞങ്ങൾക്കും വാങ്ങിച്ചു തരണമെ.
ആമ്മേൻ

വിശുദ്ധ റാഫേൽ മാലാഖയോടുള്ള പ്രാർത്ഥന

ഞങ്ങളുടെ സഹായത്തിനായി മാലാഖമാരെ നിയോഗിച്ചു തന്ന ദൈവമേ, ജീവിത യാത്രയില്‍ എന്നും തുണയായി വി.റഫായേല്‍ മാലാഖയെ നല്‍കിയതിന് അങ്ങേയ്ക്ക് നന്ദി പറയുന്നു. തോബിത്തിന്‍റെ അന്ധത നീക്കുവാന്‍ സഹായിച്ച വി. റാഫേല്‍ മാലാഖയേ, ആത്മീയ, ശാരീരിക അന്ധതയാല്‍ കഷ്ടപ്പെടുന്ന എല്ലാവര്‍ക്കും സൗഖ്യം തന്ന്‍ അനുഗ്രഹിക്കണമേ.

സാറായെ പൈശാചിക ബന്ധനങ്ങളില്‍ നിന്ന്‍ മോചിപ്പിച്ചതുപോലെ വിവിധങ്ങളായ ബന്ധനങ്ങളില്‍ കഴിയുന്ന വ്യക്തികളേയും കുടുംബങ്ങളേയും സ്വതന്ത്രരാക്കണമേ. ജീവിത പങ്കാളിയെ കണ്ടെത്താന്‍ തോബിയാസിന്‍റെ സഹായകനായി നിന്ന അങ്ങ് വിവാഹിതരാകാന്‍ ഒരുങ്ങിയിരിക്കുന്ന എല്ലാവര്‍ക്കും ദൈവം അനാദിയിലെ ഒരുക്കിയിരിക്കുന്നവരെ കണ്ടെത്താന്‍ സഹായിക്കണമേ. കത്തോലിക്കാ വിശ്വാസം നഷ്ടപ്പെടുത്തിയിട്ടുള്ള വിവാഹ ബന്ധങ്ങളില്‍ പെടാതിരിക്കാന്‍ യുവജനങ്ങളെ സഹായിക്കണമേ.

തോബിയാസിനെ, സഹയാത്രികനായി സുരക്ഷിത സ്ഥാനത്ത് എത്തിച്ച റഫായേല്‍ മാലാഖയേ, ഞങ്ങളുടേയും ഞങ്ങളുടെ പ്രിയപ്പെട്ടവരുടേയും അനുദിനയാത്രയിലും പ്രത്യേകിച്ച് ഞങ്ങളുടെ സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള യാത്രയിലും ഞങ്ങള്‍ക്ക് കൂട്ടായിരിക്കണമേ. ഞങ്ങളുടെ ആവശ്യങ്ങളറിയുന്ന യേശുവേ, വി.റഫായേല്‍ മാലാഖ വഴി ഞങ്ങള്‍ക്ക് ഇപ്പോള്‍ ഏറ്റം ആവശ്യമായ അനുഗ്രഹം…..സാധിച്ചു തരണമേ.
അമ്മേൻ…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group