പ്രീ -മെട്രിക്ക് സ്കോളർഷിപ്പ് അപേക്ഷ: ആശങ്ക പരിഹരിക്കണമെന്ന് കെ.സി.വൈ.എം

 ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പ്രീ-മെട്രിക് സ്കോളർഷിപ്പിന്റെ അപേക്ഷയോടൊപ്പം വില്ലേജ് ഓഫീസറിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേന്ദ്ര മാനവ വികസന മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആരോപിച്ചും,സ്കോളർഷിപ്പിന്റെ റീ വെരിഫിക്കേഷൻ നിബന്ധനകൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടും കെ.സി.വൈ.എം തലശ്ശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിക്ക് ഇ മെയിൽ സന്ദേശം അയക്കുന്ന ക്യാമ്പയിന് ചെമ്പന്തൊട്ടി മേഖലയിൽ തുടക്കംകുറിച്ചു.അപേക്ഷ സമർപ്പിച്ചശേഷം പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതുമൂലം ഒട്ടേറെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നഷ്ടപ്പെടാൻ ഇടയാകുമെന്നാണ് ആശങ്ക.സ്കോളർഷിപ്പിന് അപേക്ഷിച്ചവരെല്ലാം സ്കൂളിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശമാണ് വിദ്യാർഥികൾക്ക് കുരുക്കാവുന്നത്. ഒരുലക്ഷം രൂപയിൽ കവിയാത്ത വാർഷികവരുമാനമുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒന്നുമുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന സർക്കാർ, എയ്‌ഡഡ്, അംഗീകൃത അൺ എയ്‌ഡഡ് വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. അപേക്ഷകരുടെ വരുമാനം തെളിയിക്കുന്നതിന് രക്ഷിതാവിന്റെ സത്യവാങ്‌മൂലവും റേഷൻ കാർഡിന്റെ കോപ്പിയുമാണ് ആധാരമാക്കിയിരുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ രീതിയിൽ തന്നെയായിരുന്നു അപേക്ഷ സമർപ്പിച്ചിരുന്നത്.ഈ വർഷത്തെ അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനത്തിലും സത്യവാങ്‌മൂലവും റേഷൻകാർഡുമാണ് വരുമാനത്തിന് തെളിവായി പറഞ്ഞിരുന്നത്. ഒക്ടോബർ 31 ആയിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. പിന്നീട് ഇത്‌ നവംബർ 30 വരെയും തുടർന്ന്‌ ഡിസംബർ 31 വരെയും ദീർഘിപ്പിച്ചു. ഇതുസംബന്ധിച്ച ഉത്തരവുകളിലൊന്നും വരുമാനം സംബന്ധിച്ച് മറ്റ് നിർദേശങ്ങളുണ്ടായിരുന്നില്ല. ഭൂരിഭാഗം വിദ്യാർഥികളും ഇതിനകം അപേക്ഷിച്ചു കഴിഞ്ഞു. അപേക്ഷിച്ചവരും പുതിയ മാനദണ്ഡപ്രകാരം വില്ലേജ് ഓഫീസിൽനിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം. സത്യവാങ്മൂലത്തിൽ നൽകിയ വരുമാനവും വരുമാന സർട്ടിഫിക്കറ്റിലെ വരുമാനവും വ്യത്യസ്തമാണെങ്കിൽ സ്കോളർഷിപ്പ് നിഷേധിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് രക്ഷിതാക്കളുടെ ആശങ്ക.മെയിൽ ക്യാമ്പയിൻ കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡന്റ്‌ വിപിൻ മാറുകാട്ടുകുന്നേൽ ഉദ്ഘാടനം ചെയ്തു.ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ,ജനറൽ സെക്രട്ടറി അമൽ ജോയി കൊന്നക്കൽ,ഫൊറോന ഡയറക്ടർ ഫാ.വിപിൻ വെന്മേനികട്ടയിൽ, ഫൊറോന പ്രസിഡന്റ്‌ അമൽ തോമസ് കൊടിഞ്ഞകുന്നേൽ,സരിക ചാക്കോ കൊന്നക്കൽ,അഖിൽ ചെറിയാൻ,ആൽബർട്ട് മാത്യുഎന്നിവർ പങ്കെടുത്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group