ക്രൈസ്തവര്‍ നേരിടുന്ന കഷ്ടതകളെ കുറിച്ചുള്ള ഭയാനക വെളിപ്പെടുത്തലുമായി പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയിലെ കത്തോലിക്ക വൈദികന്‍. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വെച്ചായിരുന്നു ഫാ. വെന്‍സെസ്ലാവോ ബെലെം ബുര്‍ക്കിനാ ഫാസോയിലെ ക്രൈസ്തവരുടെ ദയനീയ സ്ഥിതിഗതികള്‍ പങ്കുവച്ചത്.
സ്വാതന്ത്ര്യമില്ലാതെ, എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാം എന്ന ഭീഷണിയുടെ നിഴലില്‍ നിയമവാഴ്ചയില്ലാത്ത ഒരു രാജ്യത്ത് ജീവിക്കുന്ന നിസ്സഹായരായ ക്രിസ്ത്യാനികളുടെ ചിത്രമാണ് ഫാ. ബെലെം തുറന്നു കാട്ടിയത്. ബുര്‍ക്കിനാ ഫാസോയിലെ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ചും, അവയെ അതിജീവിക്കുവാനുള്ള കത്തോലിക്കരുടെ ആയുധങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചു . അപ്രതീക്ഷിതമായി ഉണ്ടാകുന്ന ജിഹാദി ആക്രമണങ്ങളെ ഭയന്ന് ദേവാലയങ്ങളില്‍ കാവല്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് ആരാധനകള്‍ നടത്തുന്നത്. തട്ടിക്കൊണ്ടുപോകപ്പെടുമെന്ന ഭീഷണിയില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മുഖം മുഴുവനും മറക്കുന്ന പര്‍ദ്ദ ധരിച്ചു കൊണ്ടാണ് സ്കൂളിലേക്ക് പോകുന്നത്. ഗ്രാമങ്ങളില്‍ പോയി രോഗികളെ ചികിത്സിക്കുന്ന നേഴ്സുമാര്‍ വരെ മുസ്ലീങ്ങളെ പോലെ വസ്ത്രം ധരിക്കേണ്ട അവസ്ഥയാണ്. ആധുനിക രീതിയിലുള്ള സ്കൂളുകള്‍ ആക്രമിച്ച് അതെല്ലാം ഇസ്ലാമിക പഠനകേന്ദ്രങ്ങളാക്കി മാറ്റുവാനാണ് തീവ്രവാദികളുടെ ശ്രമം; തീവ്രവാദി ആക്രമണങ്ങളുടെ പ്രധാന ഇരകളില്‍ ഒന്നു ക്രിസ്ത്യന്‍ സ്കൂളുകളാണ്. അവര്‍ കത്തോലിക്ക സ്കൂളുകള്‍ ആക്രമിക്കുന്നു, ക്രിസ്ത്യാനികളെ പ്രത്യേകിച്ച് വൈദികരെയും, മതബോധകരേയും, പ്രബുദ്ധരായ അത്മായരെയും കൊല്ലുകയോ തട്ടിക്കൊണ്ടു പോവുകയോ ചെയ്യുന്നു. മതം നോക്കാതെ സ്ത്രീകളെ ഭീഷണിപ്പെടുത്തി പര്‍ദ്ദ ധരിപ്പിക്കുന്നു എന്നെല്ലാമായിരുന്നു രാജ്യത്തെ ക്രൈസ്തവരുടെ പരിതാപകരമായ അവസ്ഥ വിവരിച്ചു കൊണ്ട് വൈദികന്‍ പറഞ്ഞത്. രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ശക്തിപ്പെട്ടത് മുതല്‍ രണ്ടായിരത്തിലധികം സ്കൂളുകളാണ് അടച്ചുപൂട്ടപ്പെട്ടത്. പുറത്തു നിന്നുള്ള സഹായം തടയുന്നതിനായി ക്രൈസ്തവ ഭൂരിപക്ഷ ഗ്രാമങ്ങളിലേക്ക് പോകുന്ന വഴികളില്‍ കുഴിബോംബുകള്‍ സ്ഥാപിക്കുന്ന പതിവും ബുര്‍ക്കിനാഫാസോയിലുണ്ട്. തിരിച്ചു വരുമോ എന്ന ഉറപ്പില്ലാത്തതിനാല്‍ പ്രാര്‍ത്ഥിച്ച്, കുമ്പസാരിച്ച്, വിശുദ്ധ കുര്‍ബാന കൈകൊണ്ട ശേഷമാണ് അത്തരം ഗ്രാമങ്ങളിലേക്ക് വൈദികര്‍ പോകാറുള്ളത്. വിശുദ്ധ കുര്‍ബാന, കൂദാശകള്‍, ജപമാല പ്രാര്‍ത്ഥന, എന്നിവ മാത്രമാണ് ബുര്‍ക്കിനാഫാസോയിലെ ക്രൈസ്തവരുടെ ഏക ആശ്രയം.- വൈദികന്‍ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group