മാധ്യമരംഗത്തെ പുരോഹിത ആചാര്യന്‍ ഫാ. ഡോ. ജോണ്‍ ഇടപ്പിളളി സി.എം.ഐ. വിടചൊല്ലി .

മാധ്യമരംഗത്തെ പുരോഹിത ആചാര്യൻ എന്ന് വിശേഷിപ്പിക്കാവുന്ന ദേവമാത പ്രവിശ്യയിലെ അംഗമായ ഫാ.ഡോ.ജോണ്‍ ഇടപ്പിള്ളി സി.എം.ഐ.(77) അന്തരിച്ചു.

കൊറ്റനെല്ലൂര്‍, ഇടപ്പിള്ളി പരേതരായ ആന്റണി-എലിസബത്ത് ദമ്പതികളുടെ അഞ്ചാമത്തെ മകനായി 1944 ഏപ്രില്‍ 28 ന് ജനിച്ചു. പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം സിഎംഐ ദേവമാതാ പ്രൊവിന്‍സ് തൃശൂര്‍ സെന്റ് പയസ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1963 മെയ് 16 ന് ആദ്യവ്രതം അനുഷ്ഠിച്ച്, 1970 മെയ് 17 ന് പുരോഹിതനായി അഭിഷിക്തനായി. 2020-ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. കമ്മ്യൂണിക്കേഷന്‍ മീഡിയ ഫീല്‍ഡ് ആയിരുന്നു ഡോ ജോണ്‍ ഇടപ്പിള്ളിയുടെ ആവേശകരമായ മേഖല. ഏകദേശം 35 വര്‍ഷക്കാലം അധ്യാപകന്‍, തിരക്കഥാകൃത്ത്, സംഘാടകന്‍, പരിശീലകന്‍, നിര്‍മ്മാതാവ്, പ്രൊമോട്ടര്‍, ഡയറക്ടര്‍, എക്‌സിക്യൂട്ടീവ് എന്നീ നിലകളില്‍ അദ്ദേഹം ധാരാളം സംഭാവനകള്‍ നല്‍കി.ജോസഫ്, സൈമണ്‍, ഫാ.പീറ്റര്‍ ഇടപ്പിള്ളി (ജബല്‍പൂര്‍ രൂപത), സിസ്റ്റര്‍ സൂസന്‍ എസ്.എ.ബി.എസ്, ലോറന്‍സ് എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌ക്കാരം ഇരിഞ്ഞാലകുട രൂപത ബിഷപ്പ് മാര്‍. പോളി കണ്ണൂകാടന്‍, ദേവമാത പ്രൊവിന്‍ഷ്യള്‍ ഫാ. ഡോ. ഡേവീസ് പനയക്കല്‍ എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ചാലക്കുടി കാര്‍മ്മലില്‍ ഞായറാഴ്ച 2 മണിക്ക് നടക്കും.

കമ്മ്യൂണിക്കേഷന്‍ മീഡിയ സ്റ്റഡീസിലെ സ്‌പെഷ്യലിസ്റ്റും ഇപ്പോള്‍ ചാലക്കുടി കാര്‍മ്മല്‍ഭവനത്തിന്‍റെ സുപ്പീരിയറും, കാര്‍മല്‍ സ്ഥാപനങ്ങളുടെ മാനേജരുമാണ്.കമ്മ്യൂണിക്കേഷന്‍ മീഡിയ സയന്‍സില്‍ പണ്ഡിതനായ ജോണച്ചന്‍, കഴിഞ്ഞ 35 വര്‍ഷമായി മീഡിയ അക്കാദമിക് രംഗത്ത് അനുഭവപരിചയമുള്ള പ്രൊഫസര്‍, ഡല്‍ഹി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് സ്ഥാപനത്തിലെ മുന്‍ ഡീന്‍, യു.എസ്.എ ഇമ്മാക്കുലേറ്റ യൂണിവേഴ്‌സിറ്റി പെന്‍സില്‍വാനിയ ഫാക്കല്‍റ്റി, വിവിധ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ വിസിറ്റിംഗ് പ്രൊഫസര്‍, മീഡിയ സെമിനാറുകളുടെയും വര്‍ക്ക്‌ഷോപ്പുകളുടെയും ഓര്‍ഗനൈസര്‍, മീഡിയ വിഷയങ്ങളില്‍ പരിശീലകരെ പരിശീലിപ്പിക്കുന്നതിനുള്ള റിസോഴ്‌സ് പേഴ്‌സണ്‍, ടീച്ചേഴ്‌സ് ഓറിയന്റേഷന്‍ ഫെസിലിറ്റേറ്റര്‍, തൃശ്ശൂര്‍ ചേതന സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മുന്‍ ഡയറക്ടര്‍, ക്രിസ്ത്യന്‍ എജ്യുക്കേഷന്‍ സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്, പഞ്ചാബിലെ അമ‍ൃത്സര്‍ മുന്‍ ഡയറക്ടര്‍, സിഗ്‌നിസ് ഇന്ത്യയുടെ മുന്‍ ദേശീയ വൈസ് പ്രസിഡന്റ്, ഇരിഞ്ഞാലകുട കാത്തലിക് യൂത്ത് സെന്റര്‍ മുന്‍ ഡയറക്ടര്‍, ഡയറക്ടര്‍ തൃശൂര്‍ ദേവമാതാ കള്‍ച്ചറല്‍ സെന്റര്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു.

ആലാപനം, അഭിനയം, പ്രസംഗം എന്നിവയ്ക്കുള്ള നൈസര്‍ഗികമായ കഴിവുകള്‍ക്ക് പുറമേ, ഹാര്‍മോണിയത്തിലും ഓര്‍ഗനിലും പ്രാവീണ്യം നേടിയിട്ടുണ്ട്. സ്‌കൂള്‍ പഠനകാലത്ത് ശാസ്ത്രീയ സംഗീതത്തില്‍ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. പണ്ഡിറ്റ് ശ്രീ രവിശങ്കറിന്റെ പ്രശസ്ത ശിഷ്യനായ രാമറാവുവിന്റെ കീഴില്‍ അദ്ദേഹം സിത്താര്‍ അഭ്യസിച്ചിട്ടുണ്ട്.. 1964-ല്‍ ബോംബെയില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടന്ന സിറോ മലബാര്‍ സഭയുടെ തിരുപ്പട്ടശുശ്രൂഷയില്‍ ധര്‍മ്മാരം കോളേജിലെ മുഖ്യഗായകസംഘത്തിന്റെ അവതാരകനായിരുന്നു അദ്ദേഹം. ഭാവനാസമ്പന്നനായ എഴുത്തുകാരനും പ്രശസ്ത പ്രഭാഷകനും ഗായകനും കലാവിമര്‍ശകനും സംഘാടകനുമായ ജോണച്ചന്‍ ഒരു നര്‍മ്മബോധമുള്ള പുരോഹിതനായിരുന്നു.

ഡോ. ജോണ്‍ ഇടപ്പിള്ളി ഇന്ത്യയിലും അമേരിക്കയിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഫ്ലോറിഡയിലെ ടാമ്പയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 1988-ല്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കി, എ.ടി.സി. ബാംഗ്ലൂര്‍ 2003-ല്‍ പ്രസിദ്ധീകരിച്ച ‘ദ എമര്‍ജിംഗ് ഇലക്ട്രോണിക് ചര്‍ച്ച്’ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന് ‘മികച്ച അക്കാദമിക് അച്ചീവ്‌മെന്റ് അവാര്‍ഡ്’ നേടി. ഇന്ത്യയിലും വിദേശത്തും കമ്മ്യൂണിക്കേഷന്‍ മീഡിയ രംഗത്ത് അറിയപ്പെട്ട അധ്യാപകനായിരുന്ന ജോണച്ചന്‍ ഈ മേഖലയില്‍ ധാരാളം ലേഖനങ്ങളും പ്രഭാഷണങ്ങളും സംഭാവന ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group