അബൂജ: നൈജീരിയയിൽ ഫുലാനി ഹെർഡ്‌സ്മാൻ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന്റെ മോചനത്തിൽ ദൈവത്തിന് നന്ദി അർപ്പിച്ച് വിശ്വാസിസമൂഹം. ഇമോ സംസ്ഥാനത്തുനിന്ന് ഏപ്രിൽ 10ന് തട്ടിക്കൊണ്ടുപോയ ക്ലരീഷ്യൻ സഭാംഗം
ഫാ. മാർസെൽ ഇസു ഒനിയോച്ച ഏപ്രിൽ 12ന് മോചിപ്പിക്കപ്പെട്ട വിവരം പ്രമുഖ വാർത്താ ഏജൻസിയായ ‘ഫിഡെസ്’ റിപ്പോർട്ട് ചെയ്തു. എനുഗുവിൽനിന്ന് ഓവേറിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. തകരാറിലായ കാർ പരിശോധിക്കുന്നതിനിടെ വാഹനം വളഞ്ഞ ഫുലാനി ഭീകരർ ഡ്രൈവറെ പരിക്കേൽപ്പിച്ചശേഷം വൈദികനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ലക്ഷ്യം മോചനദ്രവ്യമായിരുന്നെങ്കിലും അത് സാധ്യമാകില്ലെന്ന് ബോധ്യപ്പെട്ടതോടെ വൈദികനെ വിട്ടയക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ക്ലാരീഷ്യൻ സഭയുടെ ഒവേറി പ്രൊവിൻഷ്യൽ സെക്രട്ടറി ഫാ. മാത്യു ഇവാഗ്വ മോചന വിവരം സ്ഥിരീകരിച്ചു.
”അദ്ദേഹത്തിന്റെ മോചനത്തിനായി പ്രാർത്ഥിച്ച സകലരെയും ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു. ദൈവം എപ്പോഴും വിശ്വസ്തനാണ്, അവിടുന്ന് നമുക്ക് ഉത്തരം നൽകിയിരിക്കുന്നു.” അദ്ദേഹം പറഞ്ഞു. ഏതാനും മാസംമുമ്പ് ഇതേ പ്രദേശത്തുനിന്നാണ് ഓവേറി അതിരൂപതാ സഹായ മെത്രാൻ മോസസ് ചിക്വെയെയും തട്ടിക്കൊണ്ടുപോയത്. ഏതാനും ദിനങ്ങൾക്കുശേഷം അദ്ദേഹവും വിട്ടയക്കപ്പെടുകയായിരുന്നു. ഇമോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ലക്ചറർ കൂടിയായ ഫാ. മാർസെൽ, വിശുദ്ധ മദർ തെരേസയുടെ നാമധേയത്തിലുള്ള ഇടവകയുടെ ചുമതലയും നിർവഹിക്കുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group