സംഘർഷഭരിതമായ ദിനങ്ങളിലും വിശ്വാസീ സമൂഹത്തിന് പ്രത്യാശയേകി മ്യാൻമറിൽ വീണ്ടും തിരുപ്പട്ട സ്വീകരണം. മ്യാൻമർ പട്ടാളത്തിന്റെ ആക്രമണങ്ങൾക്ക് നിരന്തരം ഇരയാകുന്ന കയാ സംസ്ഥാനത്തെ ലോയ്ക്കാവ് രൂപതാ കത്തീഡ്രലിൽവെച്ച് ഇക്കഴിഞ്ഞ ദിവസം 10 പേരാണ് പൗരോഹിത്യ ശുശ്രൂഷയിലേക്ക് ഉയർത്തപ്പെട്ടത്. സംഘർഷം രൂക്ഷമായ 2021 ഫെബ്രുവരി ഒന്നു മുതൽ ഇതുവരെ മ്യാൻമറിലെ സഭ സാക്ഷ്യം വഹിച്ചത് 29 തിരുപ്പട്ട സ്വീകരണങ്ങൾക്കാണ്.
സംഘർഷം രൂക്ഷമായ ശേഷം മ്യാൻമറിലെ സഭയിൽ ആദ്യമായി തിരുപ്പട്ട സ്വീകരണം നടന്നത് 2021 ജൂണിലാണ്. സലേഷ്യൻ സന്യാസ സമൂഹാംഗങ്ങളായ ആറ് പേർ അന്നേ ദിനം പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെട്ടു. 2022 മാർച്ചിലായിരുന്നു അടുത്ത തിരുപ്പട്ട സ്വീകരണം. യാങ്കൂൺ അതിരൂപതയുടെ ആസ്ഥാന ദൈവാലയമായ സെന്റ് മേരീസ് കത്തീഡ്രലിൽ വെച്ച് അഞ്ച് സന്യാസ സഭാംഗങ്ങൾ ഉൾപ്പെടെ 13 പേരാണ് അന്ന് പൗരോഹിത്യം സ്വീകരിച്ചത്.
മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും 10 പേരുടെ തിരുപ്പട്ട സ്വീകരണത്തിനുകൂടി മ്യാൻമർ സാക്ഷ്യം വഹിക്കുമ്പോൾ, അത് അവിടത്തെ സഭയ്ക്ക് സമ്മാനിക്കുന്ന പ്രത്യാശ വളരെ വലുതാണ്. ഇതോടൊപ്പം, ഒരു ഡീക്കൻ പട്ട സ്വീകരണത്തിനും കായാ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ലോയ്ക്കാവിലെ ക്രൈസ്റ്റ് ദ കിംഗ് കത്തീഡ്രൽ സാക്ഷ്യം വഹിച്ചു. 10 നവവൈദീകരിൽ ഒമ്പത് പേർ ലോയ്ക്കാവ് രൂപതയിൽ നിന്നുള്ളവരും മറ്റൊരു വൈദികനും ഡീക്കനും മിഷനറി ഓഫ് ഫെയ്ത്ത് സന്യാസ സഭാംഗങ്ങളുമാണ്.
പെഖോൺ രൂപതാ ബിഷപ്പ് പീറ്റർ ഹ്ലയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച തിരുക്കർമങ്ങളിൽ നൂറുകണക്കിന് വിശ്വാസികൾ സന്നിഹിതരായിരുന്നു. ക്രിസ്തുവിന്റെ വാക്കുകൾ ശ്രവിച്ചു കൊണ്ട് പീഡിത ജനതയുടെ ആത്മീയവും ശാരീരികവുമായ ആവശ്യങ്ങൾ നിറവേറ്റാൻ നവവൈദീകർ പ്രതിജ്ഞാബദ്ധരാകണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group