ലോകം കാത്തിരിക്കുന്ന ഒരു തിരെഞ്ഞടുപ്പിന് പരിസമാപ്തി കുറിക്കപ്പെടുകയാണ്.ലോകത്തെ നിയന്ത്രിക്കുന്ന അച്ചുതണ്ടു ശക്തിയും സാമ്പത്തിക ശക്തിയുമായ അമേരിക്കയുടെ പ്രസിഡന്റിനെ തിരെഞ്ഞടുക്കുന്ന പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു. നാൽപത്തിയാറാമത് പ്രസിഡന്റ് ആയി വൈറ്റ് ഹൗസിലേയ്ക്ക് ആര് എന്ന ചോദ്യത്തിന് ഉത്തരം നൽകുന്ന രീതിയിൽ എത്താറായിരുന്നു. റിപബ്ലിക്കൻ സ്ഥാനാർത്ഥിയായി നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായി ഒബാമയുടെ കാലത്ത് വൈസ് പ്രസിഡന്റായിരുന്ന ജോബൈഡനും തമ്മിൽ കനത്ത മത്സരം നടക്കുമ്പോൾ ഇവിടെ കേരളക്കരയിലും അതിന്റെ പ്രസരം ചർച്ചകളും മറ്റുമായി നിലകൊള്ളുകയാണ്. രാഷ്ട്രീയമായി അവലോകനങ്ങളും നിലപാടുകളും ചർച്ചാവിഷയങ്ങളായി തീരുമ്പോൾ കേരളത്തിലെ ക്രൈസ്തവരും പ്രത്യേകിച്ച് കത്തോലിക്കരും ഈ തിരെഞ്ഞെടുപ്പിനെ വീക്ഷിക്കുന്നുണ്ട്.
ഈ തിരെഞ്ഞെടുപ്പിനെ കത്തോലിക്കാ വിശ്വാസത്തിന്റെ മാനം നൽകി വിലയിരുത്തി നോക്കാം.അമേരിക്കയിലെ രണ്ട് പ്രധാന രാഷ്ട്രീയ പാർട്ടികളാണ് റിപബ്ലിക്കൻസും ഡെമോക്രാറ്റുകളും. പിറന്നു വീഴേണ്ട ജീവനുകളെ ഉദരത്തിൽ വച്ചു തന്നെ കൊന്നു കളയുന്ന പ്ലാന്റഡ് പാരന്റ്ഹുഡ് എന്ന അബോർഷൻ ക്ലിനിക്ക് ഭീമൻ കോടികളുടെ കച്ചവടം നടത്തുന്നയിടത്ത് അമേരിക്കൻ കത്തോലിക്കാ സഭ സ്വീകരിക്കുന്നത് പ്രോലൈഫ് നിലപാടുകളാണ്. മേൽ പറഞ്ഞ പ്ലാന്റ്ഡ് പാരന്റ്ഹുഡ് ക്ലീനിക്കുകൾക്കു മുൻപിൽ പ്രാർത്ഥനകളും പ്രതിഷേധങ്ങളും നടത്തുന്ന വൈദീകരെയും സന്യസ്തരെയും പോലീസ് അതിക്രൂരമായി അറസ്റ്റ് ചെയ്തു നീക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും നമ്മുക്ക് സാമൂഹ്യ മാധ്യമങ്ങളിൽ കാണാനാകും. ഈയൊരു വിഷയത്തെ മാത്രം നിലനിർത്തി ഇരു രാഷ്ട്രീയ കക്ഷികളുടെ നിലപാടുകളെ പരിഗണിച്ചാൽ ഡെമോക്രാറ്റുകൾ ജീവന്റെ മേൽ കത്തിവയ്ക്കുന്ന അബോർഷനോട് അതീവ അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.
അത് തന്റെ നിലപാടായി ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായ ജോബെഡൻ തുറന്നു പറയുകയും ചെയ്തു. ഒരു കത്തോലിക്കനായ ജോബെഡൻ ജീവൻ സംരക്ഷിക്കുന്നതിനു പകരം അതിനെ നശിപ്പിക്കാനുള്ള പ്രക്രിയയിൽ പങ്കു ചേരുന്നത് എത്രത്തോളം വിശ്വാസ വിരുദ്ധമായ ഒന്നാണെന്ന് വിലയിരുത്തുക. അതു തന്നെയാണ് ജോ ബെഡന് വിശുദ്ധ കുർബ്ബാന നൽകരുത് എന്ന കടുത്ത നിലപാടിലെയ്ക്ക് ചില വൈദീകരും മെത്രാൻമാരും എത്തിചേരാൻ കാരണമായി തീർന്നത്. അതുമാത്രമല്ല സ്വവർഗ്ഗ വിവാഹത്തോടും അത്തരം നിലപാടുകളോടും തീവ്രമായ അനുകൂല നടപടിയാണ് ജോ ബെഡൻ സ്വീകരിച്ചത്. പേരിൽ മാത്രം കത്തോലിക്കനും അതിനെക്കാൾ ഏറെ കത്തോലിക്കാ വിശ്വാസ വിരുദ്ധവുമായ നിലപാടുകളുമായിട്ടാണ് ജോ ബെഡൻ അധികാരത്തെ പുൽകാൻ പോകുന്നത് എന്ന വസ്തുത അമേരിക്കൻ കത്തോലിക്കാ സഭയെ ഏറെ ചിന്തിപ്പിക്കുന്നുണ്ട്.
ഇനി ഡൊണാൾഡ് ട്രംപിലേയ്ക്ക് കടന്നു ചെല്ലാം . അമേരിക്കയുടെ 45 മത് പ്രസിഡന്റായി സ്ഥാനമേറ്റ ബിസിനസ്സ് മാൻ എന്നു തന്നെ വിളിക്കാം. ട്രംപ് ഒരു കത്തോലിക്കാ വിശ്വാസിയല്ല. അയാൾ ഒരു ഇവാഞ്ചലിസ്റ്റ് സഭാ വിശ്വാസിയാണ്.എന്നിരുന്നാലും ജീവന്റെ സംരക്ഷണത്തോട് അനുകൂലമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. അബോർഷനെ നിയന്ത്രിക്കാനും അതിനോടൊപ്പം തന്നെ പ്ലാന്റ്ഡ് പാരന്റ് ഹുഡ് എന്ന അബോർഷൻ ക്ലിനിക്ക് ഭീമനെ നിലയ്ക്കു നിർത്താനും അദ്ദേഹത്തിന് സാധിച്ചു.അതിനെക്കാൾ ഏറെ മത ഭീകരവാദത്തെ ആയുധം കൊണ്ട് നേരിടാതെ അവയുടെ സാമ്പത്തിക സ്രോതസ്സുകളുടെ വേരുകൾ അറുത്ത് നിർജീവമാക്കാൻ ശ്രമിച്ചു. ഒരിക്കലും തങ്ങൾ ഇസ്രായേലിനോട് ബന്ധം സ്ഥാപിക്കല്ല എന്ന നിലപാടിൽ ഉറച്ചു നിന്ന ഗൾഫ് രാഷ്ട്രങ്ങൾ സമാധാനപരമായി എംബസികൾ തുറക്കുകയും വിമാന സർവ്വീസുകൾ തുടങ്ങി ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതും ട്രംപിന്റെ വിജയം തന്നെയാണ്.
ട്രംപിന്റെ വിജയത്തിനായി പ്രാർത്ഥനകളും ജപമാലകളും ചൊല്ലപ്പെട്ടത് കേരളത്തിലെ ഫെയ്സ്ബുക്ക് ബുദ്ധിജീവികൾക്ക് രസിച്ചില്ല എന്നു തന്നെ പറയാം. മലയാള മാധ്യമങ്ങൾ മത്സരിച്ച് പലവട്ടം ദൈർഘ്യമേറിയ തിരെഞ്ഞെടുപ്പു ഫലമായി ജോ ബെഡൻ പ്രസിഡന്റായി എന്നു പറഞ്ഞു വച്ചു കൊണ്ടിരിക്കുന്നു. ഒന്നു മാത്രം ഓർക്കുക. കത്തോലിക്കാ സഭയെന്നും പ്രോലൈഫ് നിലപാടുകളാണ് സ്വീകരിക്കുന്നത്. ആരാണ് ജീവന്റെ സംരക്ഷണത്തിനായി നിലകൊള്ളുന്നുവോ അവരെ പിന്തുണയ്ക്കുകയും ചെയ്യും. ഇവിടെ മാധ്യമങ്ങൾ തിരെഞ്ഞെടുപ്പു വിജയം പ്രഖ്യാപിച്ചു നിർവൃതിയടയുമ്പോൾ അമേരിക്കൻ മണ്ണിൽ നിന്നും ഇനിയും അവസാനിച്ചിട്ടില്ല എന്ന പ്രസ്താവനകൾ പ്രതീക്ഷയേകുന്നു. അവസാന നിമിഷങ്ങളിലും അത്ഭുതങ്ങൾ സംഭവിക്കാം. അതിനായി പ്രാർത്ഥനാപൂർവ്വം നമ്മുക്ക് കാത്തിരിക്കാം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group