കത്തോലിക്കാ സഭാസ്ഥാപനങ്ങൾക്ക് എതിരെയുള്ള വ്യാജപ്രചരണങ്ങൾ ആസൂത്രിതം: സ്ഥാപനങ്ങളുടെ സൽപ്പേര് കളങ്കപ്പെടുത്താനുള്ള ശ്രമം വ്യാപകം.

കൊല്ലമുള ലൈറ്റിൽഫ്ളവർ സ്‌കൂളിനെതിരെ ഉയർന്ന വിവാദത്തിന് പിന്നിൽ വാസ്തവവിരുദ്ധവും ദുരൂഹവുമായ ആരോപണങ്ങളും തല്പരകക്ഷികളും.

കേരളത്തിൽ ഏറ്റവുമധികം വിദ്യാർത്ഥികൾക്ക് എക്കാലവും വിദ്യാഭ്യാസം പകർന്നുകൊണ്ടിരിക്കുന്നത് കത്തോലിക്കാ സഭയുടെ ഭാഗമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എന്നുള്ളത് നിസംശയം പറയാവുന്ന ഒന്നാണ്. സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ ചെറിയൊരുശതമാനം മാത്രമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും ഒരു നൂറ്റാണ്ട് മുമ്പ് തന്നെ വിദ്യാഭ്യാസം എന്ന വലിയ ഉത്തരവാദിത്തം ക്രൈസ്തവ സമൂഹം ഏറ്റെടുത്തിരുന്നു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് സാംസ്‌കാരിക നവോത്ഥാനത്തിന്റെ അടിത്തറ എന്ന തിരിച്ചറിവിനെ തുടർന്നുണ്ടായ സാമൂഹിക പ്രതിബദ്ധതയാണ് ഈ മേഖലയിൽ സഭയ്ക്ക് എക്കാലവുമുള്ളത്. ഏറ്റവും മികച്ച വിദ്യാലയങ്ങളായി ഇത്തരം സ്ഥാപനങ്ങൾ അറിയപ്പെടുന്നതിന് പ്രധാന കാരണവും ഈ മേഖലയിലെ കത്തോലിക്കാ സഭയുടെ ആത്മാർത്ഥമായ സമീപനങ്ങൾ തന്നെയാണ്.

എന്നാൽ വിദ്യാഭ്യാസമേഖലയിൽ സഭ ഇന്നും തുടരുന്ന സമാനതകളില്ലാത്ത ഇടപെടലുകളും അതിന്റെ ഭാഗമായി സമൂഹത്തിൽ നിലനിൽക്കുന്ന സ്വാധീനവും സൽപ്പേരും ആരൊയൊക്കെയോ അസ്വസ്ഥരാക്കുന്നു എന്നതിന്റെ തെളിവുകൾ കഴിഞ്ഞ കുറെ കാലമായി നമുക്ക് മുന്നിലുണ്ട്. അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കാനും, വ്യാജവാർത്തകൾ മെനയാനും അവ പ്രചരിപ്പിക്കാനും, അവഹേളനം ലക്‌ഷ്യം വച്ചുകൊണ്ട് കരുക്കൾ നീക്കാനും ചിലർ മുന്നിട്ടിറങ്ങുന്നത് സമീപകാലങ്ങളിൽ പതിവാണ്. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് പത്തനംതിട്ട ജില്ലയിലെ കൊല്ലമുളയിലുള്ള ലിറ്റിൽ ഫ്‌ളവർ സ്‌കൂളുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെട്ട വിവാദങ്ങൾ. വളരെ വർഷങ്ങളായി പ്രശംസനീയമായ രീതിയിൽ പ്രവർത്തിക്കുന്ന പ്രസ്തുത സ്‌കൂളിലെ അച്ചടക്ക സംബന്ധമായ ചില നിബന്ധനകൾ, വർഷങ്ങളായി അനുവർത്തിച്ചുവരുന്ന ചില രീതികൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിമർശനങ്ങളുമായി അല്പകാലം അവിടെ അദ്ധ്യാപികയായിരുന്നു ഒരു യുവതി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടതാണ് വിവാദങ്ങൾക്ക് തുടക്കമായത്.

ഹയർസെക്കണ്ടറി വരെയുള്ള ക്ളാസുകളിലായി 1740 കുട്ടികൾ പഠിക്കുന്ന മൂന്ന് പതിറ്റാണ്ടിനടുത്ത് ചരിത്രമുള്ള പ്രശസ്തമായ വിദ്യാലയമാണ് കൊല്ലമുള ലിറ്റിൽ ഫ്‌ളവർ സ്‌കൂൾ. പഠന മികവിന്റെയും അച്ചടക്കത്തിന്റെയും കാര്യത്തിൽ എക്കാലവും മുന്നിൽ നിൽക്കുന്ന ഈ വിദ്യാലയത്തെ നാട്ടുകാർ അഭിമാനത്തോടെയാണ് കാണുകയും തങ്ങളുടെ മക്കളെ ഇവിടെ അയക്കുകയും ചെയ്യുന്നത്. കാലാനുസൃതമായ അച്ചടക്കവും മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്ന കത്തോലിക്കാ സ്ഥാപനങ്ങളുടെ പൊതു ശൈലിയാണ് ഇവിടെയും അനുവർത്തിച്ചുവരുന്നത്. അതേകാരണങ്ങളാൽ തന്നെയാണ് മതവിശ്വാസങ്ങൾക്കും ജാതിചിന്തകൾക്കും അതീതമായി ബഹുഭൂരിപക്ഷം മാതാപിതാക്കളും തങ്ങളുടെ മക്കളെ കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കയക്കാൻ ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതും.

ഇവിടെ വിവാദവുമായി മുന്നോട്ടുവന്നിരിക്കുന്ന മുൻ അധ്യാപികയുടെ ആരോപണങ്ങൾ വിചിത്രമാണ്. അധ്യാപികമാർക്ക് വളരെ വർഷങ്ങളായി അവിടെ തുടർന്നുവരുന്ന ഒരു ഡ്രസ്‌കോഡ് ഉണ്ട് എന്നുള്ളതാണ് ഒരു ആരോപണത്തിന്റെ അടിസ്ഥാനം. ലോകമെമ്പാടുമുള്ള വിദ്യാഭാസ – തൊഴിൽ സ്ഥാപനങ്ങൾ പിന്തുടർന്നുപോരുന്ന യൂണിഫോമുകളും ഡ്രസ് കോഡുകളുമുണ്ട്. ആ സ്ഥാപനത്തിന്റെ തീരുമാനമാണ് അത്. മറ്റെല്ലാവരും വർഷങ്ങളായി പിന്തുടർന്നുപോരുന്ന ഒരു രീതി, ഒരു ദിവസം പുതുതായി എത്തിയ അധ്യാപികയ്ക്ക് സ്വീകാര്യമല്ല എന്ന വാദത്തിന്റെ യുക്തി എന്താണ്? അത്തരമൊരു ബാലിശമായ ആരോപണത്തെ ഏറ്റെടുത്ത് സ്‌കൂളിനെതിരെ വാർത്തകൾ ചമച്ച മുഖ്യധാരാ മാധ്യമങ്ങൾ ലക്ഷ്യമാക്കുന്നത് സഭയെ അവഹേളിക്കുകയും, ആ സ്ഥാപനത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്തുക തുടങ്ങിയവ മാത്രമാണ്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ കോറിഡോർ എന്നതാണ് വിചിത്രമായ മറ്റൊരു ആരോപണം. ഈ ആരോപണം സ്‌കൂളിന്റെ പൊതു ഇടങ്ങളെക്കുറിച്ചല്ല എന്നുള്ളതാണ് കൗതുകകരമായ കാര്യം. വലിയ സ്‌കൂൾ ബിൽഡിങ്ങിന്റെ എല്ലാ നിലകളിലും ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി ഇരു വശങ്ങളിലായി നിർമ്മിച്ചിട്ടുള്ള ടോയ്ലെറ്റുകളിലേക്കുള്ള കോറിഡോറുകളാണ് അവ. സൗകര്യപ്രദമായി അവരവർക്കായുള്ള ടോയ്ലെറ്റുകളിലേയ്ക്ക് പോകാനും, സ്വകാര്യത ഉറപ്പുവരുത്താനുമാണ് അത്തരമൊരു ക്രമീകരണം. ഇതെല്ലാം സ്‌കൂൾ പിടിഎയുടെ അറിവോടെയാണ്. എന്നാൽ, മേല്പറഞ്ഞ രണ്ടു കാരണങ്ങളാൽ താൻ സ്‌കൂളിൽനിന്ന് രാജി വച്ചിരിക്കുന്നതായാണ് ആ യുവതി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്.

തികച്ചും തെറ്റിദ്ധാരണാ ജനകമായും ശത്രുതാപരമായും ദുരുദ്ദേശ്യത്തോടെയും ഇത്തരം പ്രചരണങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ യുവതി ഇതേ സ്‌കൂളിൽനിന്ന് പഠിച്ചിറങ്ങിയിട്ടുള്ളതാണ്. മാത്രമല്ല, അവരുടെ മൂന്ന് മക്കൾ ഈ സ്‌കൂളിൽ ഇപ്പോൾ പഠിച്ചുകൊണ്ടുമിരിക്കുന്നു. അവിടെ പഠിക്കുന്ന ആ കുട്ടികളുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് പ്രത്യേകിച്ച് യാതൊരു നിലപാടുകളും സ്വീകരിച്ചിട്ടില്ലെങ്കിലും തന്റെ കുട്ടികൾക്ക് ഇനി ആ സ്‌കൂളിൽ പഠിക്കാനാവില്ല എന്ന വിധത്തിലുള്ള പ്രതികരണങ്ങൾ ചില ഓൺലൈൻ മാധ്യമങ്ങളിലൂടെ അവരുടേതായി പുറത്തുവന്നിട്ടുണ്ട്. കാര്യങ്ങൾ വ്യക്തമായി മനസിലാക്കിയെങ്കിലും ചില മുഖ്യധാരാ മാധ്യമങ്ങൾ പോലും ഈ വിഷയത്തെ തെറ്റിദ്ധാരണാ ജനകമായും ഏകപക്ഷീയമായുമാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, വാസ്തവങ്ങൾ വ്യക്തമായി മനസ്സിലാക്കിയിട്ടുള്ള നാട്ടുകാരും രക്ഷിതാക്കളും ആരംഭം മുതൽ വാസ്തവങ്ങൾ വെളിപ്പെടുത്തുകയും സ്‌കൂൾ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിലകൊള്ളുകയും ചെയ്തിട്ടുണ്ട്. വിവാദനായികയായ യുവതിയുടെ അടുത്ത ബന്ധുവായ ഒരു രക്ഷിതാവ് പോലും ഈ വിവാദ സൃഷ്ടിക്ക് പിന്നിൽ ചില സ്ഥാപിത താല്പര്യങ്ങളുണ്ടാവാനിടയുണ്ട് എന്ന സംശയം പ്രകടിപ്പിക്കുകയുണ്ടായി.

വളരെ നല്ല നിലയിലും മാതൃകാപരമായും പ്രവർത്തിക്കുന്ന ഒരു സ്‌കൂളിനെതിരായ സംഘടിത നീക്കമാണ് നടക്കുന്നതെന്ന് വ്യക്തം. തികഞ്ഞ അസംബന്ധമെന്ന് പ്രഥമദൃഷ്ട്യാ ആർക്കും മനസിലാക്കാൻ കഴിയുന്ന ഈ വിവാദത്തെ ഏറ്റെടുത്തതിൽ മുഖ്യധാരാ മാധ്യമങ്ങളും അനുബന്ധ ഓൺലൈൻ പോർട്ടലുകളുമുണ്ട്. മാതൃഭൂമി, മനോരമ, ഏഷ്യാനെറ്റ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങൾപോലും സ്‌കൂളിനെ ഏകപക്ഷീയമായി പ്രതിക്കൂട്ടിൽ നിർത്തി വാർത്തകൾ സൃഷ്ടിച്ചതായാണ് മനസിലാക്കാൻ സാധിച്ചത്. അടുത്തറിയാവുന്ന നാട്ടുകാർക്കും രക്ഷിതാക്കൾക്കും മറ്റ് അധ്യാപകർക്കും യാതൊരു തെറ്റും കാണാൻ കഴിയാത്ത ഒരു സ്‌കൂളിന്റെ മാഹാത്മ്യത്തെ കെടുത്തേണ്ടത് ആരുടെ ആവശ്യമാണെന്ന് പ്രബുദ്ധരായ മലയാളി സമൂഹം ചിന്തിക്കേണ്ടതുണ്ട്. ഇത്തരം അനാവശ്യവിവാദങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് പിന്നിൽ മറ്റു ചില യഥാർത്ഥ വിഷയങ്ങളെ മറച്ചുവയ്ക്കുക എന്ന ലക്ഷ്യംകൂടിയുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

വ്യാജവാർത്തകൾ പ്രചരിപ്പിച്ചാലും അവഹേളിക്കപ്പെട്ടാലും അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് അവഹേളിച്ചാലും തിരിച്ചാക്രമിക്കില്ല എന്ന് ഉറപ്പുള്ള ഒരു വിഭാഗത്തിനെതിരെ നിരന്തരം അതിക്രമങ്ങൾ ഉണ്ടാകുന്ന ഇപ്പോഴത്തെ സാഹചര്യം കേരളത്തിന്റെ ഭാവിക്ക് ആശാസ്യമല്ല. വിദ്യാഭ്യാസ മേഖലയിൽ സ്തുത്യർഹമാം വിധം സേവനം ചെയ്തുകൊണ്ടിരിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ പതിവായുണ്ടാകുന്ന ദുഷ്പ്രചാരണങ്ങളെ അത് അർഹിക്കുന്ന വിധത്തിൽ തള്ളിക്കളയാൻ കേരളസമൂഹം തയ്യാറാവണം. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതും അച്ചടക്കമുള്ളതുമായ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏത് ശക്തികൾക്കാണ് വെല്ലുവിളിയായി മാറുന്നതെന്നും നാം മനസിലാക്കേണ്ടതുണ്ട്. മയക്കുമരുന്നിന്റെയും വിവിധ അരാജകവാദങ്ങളുടെയും കൂത്തരങ്ങാകുന്ന വിദ്യാലയങ്ങൾക്കിടയിൽ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സ്ഥാപനങ്ങൾ ചില മാഫിയകൾക്കും തല്പര കക്ഷികൾക്കും പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മാനുഷിക മൂല്യങ്ങളെയും ധാർമ്മികതയെയും വെല്ലുവിളിക്കുന്ന, സമൂഹത്തിന്റെ സുസ്ഥിതി ആഗ്രഹിക്കാത്ത ഒരു വിഭാഗം ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലുണ്ടെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

കടപ്പാട്: – ദി വിജിലന്റ് കാത്തോലിക്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group