തീവ്രവാദ പ്രവർത്തനങ്ങളിൽ നിന്നും മതപരമായ സൈറ്റുകളെ സംരക്ഷിക്കാനുള്ള പുതിയ പ്രമേയം സ്വീകരിച്ചുകൊണ്ട് ആഗോള കോൺഫറൻസിന് ആഹ്വാനം ചെയ്ത് യു എൻ അസംബ്ലി. സൈറ്റുകളുടെ സംരക്ഷണത്തിനായുള്ള ദേശീയ പദ്ധതികൾ ചർച്ച ചെയ്യുന്നതിനായി സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സംസ്കാരം ഉയർത്തിപ്പിടിക്കുക എന്ന ഉദ്ദേശത്തോടെ ഒരു അന്തർദേശീയ കോൺഫറൻസ് വിളിച്ച് ചേർക്കണമെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസിനോട് അസംബ്ലി ആവശ്യപ്പെട്ടു. ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളുടെയും സമുദായങ്ങളുടെയും ചരിത്രവും സാമൂഹ്യ നിർമ്മിതിയും മത പാരമ്പര്യവും പ്രതിനിധാനം ചെയ്യുന്ന സൈറ്റുകൾ മാനിക്കപ്പെടേണ്ടവയാണെന്നും യു എൻ പ്രമേയം സൂചിപ്പിക്കുന്നു. സാംസ്കാരികവും ആത്മീയവുമായി മുൻനിരയിൽ നിൽക്കുന്ന സൈറ്റുകൾക്ക് നേരെ തീവ്രവാദ ആക്രമണങ്ങൾ പോലെയുള്ള ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് യു എൻ ഇതിനെതിരെ ഒരു പുതിയ നയം സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുന്നത്. വ്യാപകമായ അക്രമവും ഭീഷണികളും അപകടങ്ങളും ദുർബലമാക്കി കൊണ്ടിരിക്കുന്ന മതപരമായ സൈറ്റുകളെ സംരക്ഷിക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ച് നടപ്പിലാക്കാനും സൈറ്റുകളെ പ്രോത്സാഹിപ്പിക്കാനും ഈ നയം സർക്കാരിനോട് ആവശ്യപ്പെടുന്നു. അപകട സാധ്യതയുള്ള മേഖലകളെ കണ്ടെത്തി വിലയിരുത്തണമെന്നും ആക്രമണങ്ങൾക്കെതിരെ ഉടനടി പ്രതികരിക്കാൻ ആവശ്യമായ സമഗ്ര നടപടികൾ ഉറപ്പുവരുത്തണമെന്നും പ്രമേയത്തിൽ പറയുന്നു. അക്രമത്തെ അക്രമം കൊണ്ട് നേരിടാതെ സഹിഷ്ണുതയോടെ പ്രവർത്തിക്കാനുള്ള നടപടികൾക്കാണ് യു എൻ തുടക്കം കുറിച്ചിരിക്കുന്നത്.