കൊച്ചി: പ്രതിസന്ധി രൂക്ഷമായ യുക്രെയ്നിലെ വിവിധ സ്ഥലങ്ങളിൽ ബങ്കറുകളിൽ താമസിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ഭക്ഷണം എത്തിക്കാനും കിഴക്കൻ യുക്രെയ്നിലുള്ള ഇന്ത്യക്കാർക്ക് റഷ്യ വഴി നാട്ടിലേക്കു വരാനും കേന്ദ്ര സർക്കാർ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു.
അനുദിനം ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് യുക്രെയ്നിൽ നിന്നു വരുന്നത് . മണിക്കൂറുകളോളം ബങ്കറുകളിൽ ഓരോ ദിവസവും നിരവധി കുട്ടികൾ ഒളിവിൽ ഇരിക്കേണ്ടതായി വരുന്നു. നാമമാത്രമായ ഭക്ഷണമാണ് പലർക്കും ലഭിക്കുന്നത്. ശുചിമുറി ,കുടിവെള്ളം, ഭക്ഷണം എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്.
നിലവിൽ യുക്രെയ്നിലെ വിവിധ സ്ഥലങ്ങളിൽ കഴിയുന്നവർക്ക് ഹംഗറി, പോളണ്ട്, സ്ലോവാക്യ തുടങ്ങിയ സമീപ രാജ്യങ്ങളുടെ അതിർത്തിയിൽ എത്തിയാൽ സുരക്ഷിതമായി നാട്ടിലേക്ക് തിരികെ എത്താൻ കഴിയും .എന്നാൽ യുദ്ധഭൂമിയിലൂടെയുള്ള യാത്ര വളരെ അപകടകരം ആയതുകൊണ്ട് , ബങ്കറുകളിൽ തന്നെ തുടരാൻ യുക്രെയ്ൻ സർക്കാർ നിർബന്ധിക്കുകയാണ് . യുക്രെയ്നിന്റെ കിഴക്ക് റഷ്യൻ അതിർത്തി ആയതിനാൽ കിഴക്കൻ മേഖലയിലെ പല പട്ടണങ്ങളിലും താമസിക്കുന്നവർക്ക് അതുവഴിയേ രാജ്യം വിടാൻ സാധിക്കുകയുള്ളു എന്നത് രക്ഷാദൗത്യം കൂടുതൽ ദുഷ്കരമാക്കുന്നു .
റഷ്യൻ അതിർത്തി വഴിയും , മൊൾഡോവ അതിർത്തി വഴിയും കടന്നുപോകാൻ ആവശ്യമായ അനുമതി കേന്ദ്ര സർക്കാർ ഉടൻ സാധ്യമാക്കിയില്ലെങ്കിൽ ആ ഭാഗത്തുള്ള ഇന്ത്യക്കാരുടെ ജീവൻ അപകടത്തിലാകും . അതുപോലെ തന്നെ ബങ്കറുകളിൽ കഴിയുന്നവർക്ക് കുടിവെള്ളവും ആവശ്യമായ ഭക്ഷണവും എത്തിക്കാൻ യുക്രെയ്നിലുള്ള ഇന്ത്യൻ എംബസിയുടെ ഭാഗത്തു നിന്നും സത്വര നടപടികൾ ഉണ്ടാകണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു.
പോളണ്ട്, ഹംഗറി, സ്ലൊവാക്യ , റൊമേനിയ തുടങ്ങിയ രാജ്യങ്ങളിലെ കാത്തലിക് അസോസിയേഷനുകൾ വഴിയുള്ളതും മറ്റിതര സന്നദ്ധ പ്രവർത്തകരുമായി ബന്ധപ്പെട്ടും യുക്രെയ്നിൽ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയിട്ടുള്ളവർക്കായുള്ള സേവനങ്ങളും മറ്റു ക്രമീകരണങ്ങളും ഒരുക്കാൻ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിക്കു സാധിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് ബിജു പറയന്നിലം അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group