നമ്മുടെ ജീവിതലക്ഷ്യം മറന്നുപോകരുത്‌: മാർപാപ്പ

നമ്മുടെ ജീവിതലക്ഷ്യം അതായത്, ദൈവവവുമായുള്ള നിയതമായ കൂടിക്കാഴ്ച നാം വിസ്മരിക്കുന്നുണ്ടെന്നും എന്നാൽ അത് പാടില്ലായെന്നും ഫ്രാൻസിസ് പാപ്പാ. പലരും ജീവിതലക്ഷ്യം മറന്നുകൊണ്ട് കാത്തിരിപ്പിനെക്കുറിച്ചുള്ള അവബോധം കൈമോശം വരുത്തുകയും വർത്തമാനകാലത്തെ കേവലമാക്കിത്തീർക്കുകയും ചെയ്യുന്നുവെന്ന് നമുക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ഒരുവൻ വർത്തമാനകാലത്തെ പരമമായി കാണുമ്പോൾ അതിലേയ്ക്കു മാത്രം നോക്കുകയും കാത്തിരിപ്പിനെക്കുറിച്ചുള്ള അവബോധം നഷ്ടമാകുകയും ചെയ്യുന്നു. പ്രതീക്ഷ ഏറെ സുന്ദരമാണ്; അത്യധികം ആവശ്യവുമാണ്. അത് നമ്മെ ഇന്നിന്റെ വൈരുദ്ധ്യങ്ങളിൽ നിന്നു പുറത്തുകൊണ്ടുവരുകയും ചെയ്യുന്നു.

 പ്രത്യാശാബോധം നഷ്ടമാകുന്ന ഈ മനോഭാവം ഇഹലോകത്തിനപ്പുറമുള്ളതിനെക്കുറിച്ചുള്ള പ്രതീക്ഷകളെയെല്ലാം തടയുന്നു. മറ്റൊരു ജീവിതത്തിലേയ്ക്ക് കാലെടുത്തു വയ്ക്കരുത് എന്ന മട്ടിലാണ് എല്ലാം ചെയ്യുക. അപ്പോൾ സകലവും സ്വന്തമാക്കുന്നതിലും ഉയർച്ചയിലെത്തുന്നതിലും സ്വന്തം കാര്യങ്ങൾ ഉറപ്പുവരുത്തുന്നതിലും മാത്രമായിരിക്കും ശ്രദ്ധ; എന്നും കൂടുതൽ ശ്രദ്ധ അവയിലായിരിക്കും. കൂടുതൽ ആകർഷകങ്ങളായവയാൽ, നമുക്കിഷ്ടപ്പെട്ടവയാൽ, നമ്മുടെ സ്വാർത്ഥ താൽപര്യങ്ങളാൽ നയിക്കപ്പെടാൻ നാം നമ്മെത്തന്നെ വിട്ടുകൊടുക്കുമ്പോൾ നമ്മുടെ ജീവിതം ഫലശൂന്യമാകും. നാം നമ്മുടെ വിളക്കിനാവശ്യമായ എണ്ണ കരുതിവയ്ക്കില്ല.

 കർത്താവുമായുള്ള കൂടിക്കാഴ്ചയ്ക്കു മുമ്പുതന്നെ വിളക്ക് അണഞ്ഞുപോകും. നാം ഇന്നു ജീവിക്കണം, നാളേയ്ക്കു നീങ്ങുന്ന ഇന്ന്, ആ കൂടിക്കാഴ്ചയിലേയ്ക്കു നീങ്ങുന്ന ഇന്ന്, പ്രത്യാശാഭരിതമായ ഇന്ന്. നാം ജാഗരൂഗരായിരിക്കുകയും ദൈവകൃപയ്ക്ക് അനുസൃതമായി വർത്തിക്കുകയും ചെയ്യുകയാണെങ്കിൽ നമുക്ക് മണവാളന്റെ ആഗമനം ശാന്തതയോടെ പാർത്തിരിക്കാൻ സാധിക്കും. നാം ഉറക്കത്തിലായിരിക്കുമ്പോഴും കർത്താവിനു വരാൻ സാധിക്കും. അത് നമ്മെ ഉത്ക്കണ്ഠയിലാഴ്ത്തില്ല. കാരണം, ദൈനംദിന സൽക്കർമ്മങ്ങളാൽ, കർത്താവിനായുള്ള കാത്തിരിപ്പിനാൽ സമാഹരിച്ച കരുതൽ എണ്ണ നമ്മുടെ കൈവശമുണ്ട്. അവിടന്ന് എത്രയും വേഗം ആഗതനാകട്ടെ. നമ്മെ അവിടത്തോടൊപ്പം കൊണ്ടുപോകുന്നതിനായി അവിടന്നു വരട്ടെയെന്നും പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group