കുഞ്ഞൂഞ്ഞിന്റെ സ്മരണകളിൽ പുതുപ്പള്ളി; കബറിടത്തിലെത്തിയത് ആയിരങ്ങൾ

കോട്ടയം: ജനഹൃദയങ്ങളില്‍ ഇന്നും മരിക്കാത്ത ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാനായി പുതുപ്പള്ളിയിലേക്ക് എത്തിയത് ആയിരങ്ങള്‍.

പുലര്‍ച്ചെ മുതല്‍ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് പളളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തിലേക്കു ജനപ്രവാഹമായിരുന്നു.

കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ആളുകളും പുതുപ്പള്ളിയിലേക്ക് ഒഴുകുന്നു. ഉമ്മന്‍ചാണ്ടിയുടെ ഛായാചിത്രവും കൈകളില്‍ പുഷ്പവുമായി കബറിടത്തിങ്കലെത്തുന്ന പ്രവര്‍ത്തകരാണു കൂടുതലും.

രാവിലെ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും കബറിടത്തില്‍ ധൂപപ്രാര്‍ഥനയും നടന്നു. തുടര്‍ന്ന് കരോട്ടുവള്ളക്കാലില്‍ വീട്ടിലും പുതിയതായി പണിയുന്ന വീട്ടിലും പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടന്നു. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ദേശീയ നേതാവ് കെ.സി. വേണുഗോപാല്‍ എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ അനുസ്മരണത്തിന്‍റെ ഭാഗമായി പുതുപ്പള്ളിയിലെത്തി.

പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി പാരീഷ് ഹാളില്‍ രാവിലെ 11നു നടന്ന അനുസ്മരണ സമ്മേളനത്തില്‍ സീറോ മലങ്കര ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍റെയും സ്കോളര്‍ഷിപ്പ് വിതരണത്തിന്‍റെയും ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിച്ചു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ശശി തരൂര്‍ എംപി, പാണക്കാട് സയ്യിദ് സാദിഖലി ശിഖാബ് തങ്ങള്‍, മറിയാമ്മ ഉമ്മന്‍, രാധാ വി.നായര്‍, സ്വാമി മോക്ഷ വ്രതാനന്ദ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പെരുമ്ബടവം ശ്രീധരന്‍, ഗിരീഷ് കോനാട്ട് എന്നിവര്‍ പ്രസംഗിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എ സ്വാഗതവും ജോഷി ഫിലിപ്പ് കൃതജ്ഞതയും പറഞ്ഞു.

ഉച്ചകഴിഞ്ഞു മൂന്നിനു മാമ്മന്‍ മാപ്പിള ഹാളില്‍ ചേരുന്ന അനുസ്മരണസമ്മേളനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ദേശീയ നേതാക്കള്‍ പങ്കെടുക്കും. ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ, വ്യക്തിജീവിതത്തിലെ പ്രധാന നിമിഷങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ 100 ചിത്രങ്ങളുടെ പ്രദര്‍ശനവും മാമ്മന്‍ മാപ്പിള സ്മാരക ഓഡിറ്റോറിയത്തില്‍ ആരംഭിച്ചിട്ടുണ്ട്.

ജില്ലയൊട്ടാകെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിപുലമായ ചടങ്ങുകളും അനുസ്മരണങ്ങളുമാണ് നടത്തുന്നത്. വിവിധ മണ്ഡലംകമ്മിറ്റികള്‍ അന്നദാനം, സ്കോളര്‍ഷിപ്പ് വിതരണം തുടങ്ങിയ പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group