ജനങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ കെ-റെയിൽ വിഷയത്തിൽ സർവേയുടെ പേരിൽ വീടുകളിൽ അനധികൃതമായി കല്ലിടുന്നത് ഉടൻ നിർത്തി വയ്ക്കണമെന്നും പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു.
കഷ്ടപ്പെട്ടുണ്ടാക്കിയ സ്ഥലവും കിടപ്പാടവും നഷ്ടപ്പെടുന്നവർ അനധികൃത കല്ലിടലിനെതിരേ പ്രതികരിക്കുന്നത് വർഗീയമായും രാഷ്ട്രീയമായും ചിത്രീകരിക്കുന്നത് തെറ്റാണ്. മൂലന്പിള്ളിയിലും കിനാലൂരിലും ഉൾപ്പെടെ കിടപ്പാടം നഷ്ടപ്പെട്ടവരുടെ ഇപ്പോഴത്തെ അവസ്ഥ ജനങ്ങളുടെ മുൻപിലുണ്ട്. പോലീസിനെ ഉപയോഗിച്ചു സ്ത്രീകൾ ഉൾപ്പടെയുള്ളവരെ തല്ലിച്ചതച്ച് ബലപ്രയോഗത്തിലൂടെ അതിക്രമിച്ചു കയറുന്നതും കേസ് എടുക്കുന്നതും ജനാധിപത്യ വിരുദ്ധമാണ്. സമുദായ നേതാക്കൾ ജനങ്ങൾക്കൊപ്പം നിൽക്കുന്നതിനെ അപഹസിക്കുന്നതും വിമോചന സമരമെന്ന് മുദ്ര കുത്തുന്നതും ജന മുന്നേറ്റത്തെ ഭയപ്പെടുന്നതുകൊണ്ടാണെന്നു കത്തോലിക്ക കോൺഗ്രസ് നേതൃത്വം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ അംഗീകാരം കിട്ടാത്ത പദ്ധതിക്ക് സാമൂഹികാഘാത പഠനത്തിന്റെ പേരിൽ തിടുക്കത്തിൽ കല്ലുകൾ ഇടുന്നത് സാമ്പത്തിക നേട്ടം ലക്ഷ്യമാക്കിയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.ഇങ്ങനെ കല്ലുകൾ സ്ഥാപിക്കുന്ന സ്ഥലങ്ങളും വീടുകളും വിൽക്കുവാനോ വായ്പ എടുക്കുവാനോ കഴിയാത്ത സാഹചര്യം ഉണ്ടാകും. കൂടാതെ ബഫർ സോണിനു നഷ്ടപരിഹാരവുമില്ല. ഇത് അംഗീകരിക്കാൻ സാധിക്കില്ല.
കോവിഡ് മഹാമാരിയിൽപ്പെട്ടു സാധാരണക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടിരിക്കുന്ന അവസ്ഥയിൽ സംസ്ഥാനത്തിനു താങ്ങാനാവാത്ത കടം എടുക്കുന്നതു ദുരന്തമായി മാറും. ഇപ്പോൾ കേരളം മുൻഗണന കൊടുക്കേണ്ട നിരവധി വിഷയങ്ങളുണ്ട്. യാത്രാ സൗകര്യത്തിന് നിലവിലുള്ള റെയിൽവേയുടെ പാത ഇരട്ടിപ്പിക്കലുകൾ പൂർത്തിയാക്കിയും വളവുകൾ മാറ്റിയെടുത്തും സമയക്രമീകരണം നടത്തിയും പരിഹാരം കാണാവുന്നതാണ്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ യാത്ര ചെയ്യുന്ന നിലവിലെ ട്രെയിനിന്റെ സ്റ്റോപ്പുകൾ കുറച്ചു യാത്ര സുഗമമാക്കിയാൽ സമയം കൂടുതൽ ലാഭിക്കാൻ സാധിക്കും. അടിച്ചമർത്താൻ ശ്രമിക്കുന്തോറും സമരം കൂടുതൽ ജനപിന്തുണ ആർജിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് സാധാരണക്കാരായ ആളുകൾക്കൊപ്പം ശക്തമായി സമര രംഗത്തുണ്ടാവുമെന്നും ഭാരവാഹികൾ അറിയിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group