മേയര്‍ ആര്യക്കെതിരെ റെയില്‍വേ; ‘തോട് വൃത്തിയാക്കേണ്ടത് കോര്‍പ്പറേഷന്റെ ചുമതല’, കോർപ്പറേഷനും റെയില്‍വേയും തമ്മില്‍ തർക്കം

തിരുവനന്തപുരം: ക്ലീനിംഗ് തൊഴിലാളി ജോയിയെ കാണാതായ ആമയിഴഞ്ചാൻ തോട് വ്യത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് കോർപ്പറേഷനും റെയില്‍വേയും തമ്മില്‍ തർക്കം.

തോട് വ്യത്തിയാക്കുന്നതില്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നും അലംഭാവമുണ്ടായെന്ന മേയർ ആര്യാ രാജേന്ദ്രന്റെ ആരോപണങ്ങള്‍ തളളിയ റെയില്‍വേ എഡിആർഎം എം ആർ വിജി, റെയില്‍വേയുടെ ഭാഗത്തുളള തോട് വൃത്തിയാക്കേണ്ടതിന്റെയും ചുമതല കോർപ്പറേഷനാണെന്ന നിലപാടിലാണ്.

റെയില്‍വെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണല്‍ വൃത്തിയാക്കാൻ കോർപറേഷൻ അനുമതി ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും റെയില്‍വേ മറുപടി നല്‍കിയില്ലെന്ന മേയർ ആര്യയുടെ ആരോപണം റെയില്‍വേ തളളി. ഒരു തവണ പോലും കത്ത് തന്നിട്ടില്ലെന്ന നിലപാടിലാണ് റെയില്‍വേ. അനുവാദം ചോദിച്ചിട്ടും നല്‍കിയില്ലെന്ന മേയർ ആര്യാ രാജേന്ദ്രന്റെ വാദം പച്ചക്കള്ളമാണെന്നും ഭാവിയിലും ടണല്‍ വൃത്തിയാക്കാൻ കോർപറേഷന് ഒരു തടസവും ഉണ്ടാവില്ലെന്നും റെയില്‍വേ വിശദീകരിക്കുന്നു.

‘റെയില്‍വേയുടെ ഖര മാലിന്യം തോട്ടില്‍ കളയുന്നില്ല. വെള്ളം മാത്രമേ ഒഴുകി വിടുന്നുളളു. 2015,2017,2019 വർഷങ്ങളില്‍ കോർപ്പറേഷനാണ് ഈ ഭാഗം ക്ളീൻ ചെയ്തത്. ഇത്തവണ കോർപ്പറേഷൻ അസൗകര്യം പറഞ്ഞപ്പോള്‍ നല്ല ഉദ്ദേശത്തോടെ റെയില്‍വേ ഏറ്റെടുത്തു’. ഖര മാലിന്യം പൂർണമായും ഒഴുകിയെത്താതിരിക്കാൻ പാഴ്‌സല്‍ ഓഫീസിന് സമീപമുള്ള കമ്ബിവലയുടെ കണ്ണികള്‍ ചെറുതാക്കുമെന്നും റെയില്‍വേ വിശദീകരിച്ചു.

എന്നാല്‍ റെയില്‍വേയുടെ വാദം മേയർ ആര്യാ രാജേന്ദ്രൻ തളളി. പിറ്റ് ലൈനിന് താഴെയുള്ള മാല്യന്യങ്ങളുടെ ചുമതല റെയില്‍വേയ്ക്ക് തന്നെയെന്ന് മേയർ മറുപടി നല്‍കി. റെയില്‍വേ ഖരമാലിന്യം സ്വന്തം നിലയില്‍ സംസ്കരിക്കുന്നുവെന്ന വാദം ശരിയല്ല. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ നഗരസഭയ്ക്ക് മുന്നില്‍ തെളിയിക്കട്ടെ. ടന്നലില്‍ റെയില്‍വേയുടെ ഖരമാലിന്യം നിക്ഷേപിക്കുന്നത് ഇന്നലെ നടത്തിയ തെരച്ചില്‍ തന്നെ തെളിഞ്ഞിരുന്നു. ഭാവിയില്‍ മാലിന്യ സംസ്കരണം സംബന്ധിച്ച്‌ റെയില്‍വേ മറുപടി പറയേണ്ടി വരുമെന്നും ആര്യാ രാജേന്ദ്രൻ മറുപടി നല്‍കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m