‘വായിച്ച്‌ വളരുക; ചിന്തിച്ച്‌ വിവേകം നേടുക’; മലയാളിയുടെ വായനയില്‍ വിപ്ലവം സൃഷ്ടിച്ച പി.എൻ പണിക്കരുടെ സ്മരണയില്‍ കേരളം; ഇന്ന് വായനാ ദിനം

ഇന്ന് വായനാ ദിനം. വായനാശീലം അന്യമായി കൊണ്ടിരിക്കുന്ന പുതു തലമുറയ്‌ക്ക് വായനയുടെ പ്രധാന്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ വായനാദിനവും.

വായനാശീലം മറന്ന് ആധുനിക യുഗത്തിന്റെ മുഖഛായായ സ്മാർട്ട്‌ഫോണുകളിലേക്ക് ഒതുങ്ങിയ പുതു തലമുറയുടെ ഇടയില്‍ വായനാ ദിനത്തിന്റെ പ്രധാന്യം ഏറെയാണ്.

വായനയുടെ അത്ഭുത ലോകത്തേക്ക് ഓരോ മലയാളിയെയും കൈപിടിച്ചുയർത്തിയ മഹാനും കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്നുമായിരുന്ന പി.എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. ‘വായിച്ച്‌ വളരുക; ചിന്തിച്ച്‌ വിവേകം നേടുക’ എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് സമൂഹത്തില്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ച്‌ ആഹ്വാനം ചെയ്ത വ്യക്തിയാണ് പി എൻ പണിക്കർ.

1996 മുതലാണ് പി. എൻ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിച്ച്‌ തുടങ്ങിയത്. ചെറുപ്പകാലം മുതല്‍ക്കേ വായനയ്‌ക്കായി ഉഴിഞ്ഞ് വെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 17-ാം വയസില്‍ സനാതനധർമ്മം എന്ന പേരില്‍ ഒരു വായനശാല സ്ഥാപിച്ച്‌ കൊണ്ടാണ് അദ്ദേഹം ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങള്‍.

സാക്ഷരതയ്‌ക്കായി കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിയ്‌ക്ക് രൂപം നല്‍കിയതും അദ്ദേഹമാണ്. കേരള പബ്ലിക് ലൈബ്രറി ആക്‌ട് നിലവില്‍ വന്നതും പി.എൻ പണിക്കരുടെ പ്രവർത്തന ഫലമായാണ്. 32 വർഷക്കാലം ഗ്രന്ഥശാല സംഘത്തിന്റെയും സ്റ്റേറ്റ് റിഡേഴ്സ് സെന്ററിന്റെ ഓണറി എക്സിക്യൂട്ടൂവ് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. നാട്ടു വെളിച്ചം, നമ്മുടെ പത്രം, കാൻഫെഡ് ന്യൂസ് എന്നിങ്ങനെ നിരവധി പത്രങ്ങളുടെ പത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

പുസ്തകങ്ങളില്‍ നിന്നും കമ്ബ്യൂട്ടർ സ്‌ക്രീനിലേക്കും മൊബൈല്‍ ഫോണുകളിലേക്കും വായനയുടെ ഘടന വ്യത്യാസപ്പെട്ടെങ്കിലും വായനാ ദിനത്തിന്റെ പ്രധാന്യം കുറയുന്നില്ല. പുതിയ അറിവുകള്‍, പുതിയ ചിന്തകള്‍, പുതിയ ആശയങ്ങള്‍ ഇതൊക്കെ ഉണ്ടാകണമെങ്കില്‍ ഒരുപാട് പുസ്തകങ്ങള്‍ വായിക്കണം. പഠിക്കുന്ന പുസ്തകങ്ങള്‍ മാത്രമല്ല പത്രങ്ങളും ആനുകാലികങ്ങളും കഥകളും കവിതകളും നോവലുകളുമൊക്കെ വായിക്കണം. ജീവിതത്തില്‍ ഉന്നത വിജയം നേടിയവരുടെ ആത്മകഥകള്‍ വായിക്കണം. അവരൊക്കെ എങ്ങനെയാണ് പ്രതിസന്ധികളെ അതിജീവിച്ച്‌ മുന്നേറിയതെന്ന് പഠിക്കണം.

ഫ്രാൻസിസ് ബേക്കണിന്റെ അഭിപ്രായത്തില്‍ ചില പുസ്തകങ്ങള്‍ രുചിച്ചു നോക്കേണ്ടതാണ്. ചിലത് വിഴുങ്ങേണ്ടതും. അപൂർവ്വം ചില പുസ്തകങ്ങള്‍ ചവച്ചരച്ച്‌ ദഹിപ്പിക്കേണ്ടതാണ്. കുഞ്ഞുണ്ണി മാഷ് പുസ്തകത്തെ ‘പുത്തകം’ എന്നാണ് വിളിച്ചിരുന്നത്. പുത്തൻ കാര്യങ്ങള്‍ അകത്തുള്ളതാണ് പുത്തകം. ശരീരം പുഷ്ടിപ്പെടാൻ ആഹാരം ആവശ്യമുള്ളതുപോലെ മനസ്സിന്റെ ആരോഗ്യത്തിനു വായന അത്യന്താപേക്ഷിതമാണ്. തെളിഞ്ഞ വായനയിലൂടെ മാത്രമേ മനുഷ്യത്വവും മനുഷ്യസ്നേഹവും സഹവർത്തിത്വവും സഹാനുഭൂതിയും കരുണയുമൊക്കെ ഒരാളില്‍ ജന്മമെടുക്കുകയുള്ളൂ. അതുകൊണ്ടാണ് ‘പുസ്തകം വായിച്ചു വളരാത്തവൻ വെറും മൃഗമാണ് ‘ എന്ന് ഷേക്സ്പിയർ പറഞ്ഞത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group