മിഷൻ വിളിയെ തിരിച്ചറിയുക: മാർ ജോൺ മൂലച്ചിറ

ദൈവസ്വരത്തിന് കാതോർക്കുകയും അതിലൂടെ നാം നമ്മുടെ മിഷൻ വിളിയെ തിരിച്ചറിയുകയും ചെയ്യണമെന്ന് ഉദ്ബോധിപ്പിച്ച് ഗുവാഹട്ടി ആർച്ച് ബിഷപ്പ് ജോൺ മൂലച്ചിറ.

ജറുസലെം ധ്യാനകേന്ദ്രത്തിൽ നടക്കുന്ന നാലാമത് ഫിയാത്ത് മിഷൻ കോൺഗ്രസിൽ വി.കുർബാന അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ച്ച് ബിഷപ്പ് വിക്ടർ ലിംതോ, ആര്‍ച്ച് ബിഷപ്പ് തോമസ് മേനാംപറമ്പിൽ, ബിഷപ്പ് ജോൺ തോമസ്, ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിൽ, ബിഷപ്പ് തോമസ് പുല്ലോപള്ളി, ബിഷപ്പ് ജെയിംസ് തോപ്പിൽ, ബിഷപ്പ് വിബേർട്ട് മാർവിൻ, ബിഷപ്പ് ചാക്കോ തോട്ടുമാരിക്കൽ എന്നിവര്‍ വിശുദ്ധ കുർബാനയിൽ സഹകാർമികരായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവജനങ്ങൾ അവരുടേതായ ഗോത്ര വേഷം അണിഞ്ഞു ദിവ്യബലിയിൽ പങ്കെടുത്തു.

തുടർന്ന് വൈദികർക്കും അൽമായ പ്രേഷിതർക്കുമായി നടന്ന കൂട്ടായ്മയിൽ ഷംഷാബാദ്‌ ബിഷപ്പ് റാഫേൽ തട്ടിൽ സന്ദേശം നൽകി. ദേവാലയങ്ങൾ ആരാധിക്കുവാൻ ഉള്ളതാണെന്നും മിഷ്ണറിമാർ നേരിടുന്ന യഥാർത്ഥ പ്രശ്‌നം അവിടെ നടക്കുന്ന അക്രമങ്ങൾ അല്ലെന്നും മറിച്ച് അവിടുത്തെ സാഹചര്യത്തിലൂടെ കടന്നു പോകുവാനുള്ള ബുദ്ധിമുട്ടുകളാണെന്നും പിതാവ് ഓർമിപ്പിച്ചു. കുരിയ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയാപുരക്കൽ, ഫാ. തോമസ് ചേറ്റാനിയിൽ, ബ്രദർ സേവി, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ജോസ് ഓലിക്കൽ എന്നിവർ വിവിധ മണിക്കൂറുകളിലെ ക്ലാസുകൾക്ക് നേതുത്വം നൽകി. മിഷൻ ധ്യാനം, വൈദികധ്യാനം, ഫിലിപ്പ് കോഴ്സ്, വൈദികർക്കും സന്യസ്തർക്കുമുള്ള സംഗമം, കൾച്ചറൽ പ്രോഗ്രാം എന്നിവയും നടന്നു. വൈകീട്ട് ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സംഗീതജ്ഞർ ഒരുക്കിയ സംഗീത നിശയും ഏറെ ശ്രദ്ധേയമായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group