ഉള്ളടക്കത്തെയും ലക്ഷ്യങ്ങളെയും ഒറ്റ വാക്യത്തിൽ വെളിപ്പെടുത്തുന്ന മുഖവുര ഇന്ത്യൻ ഭരണഘടനയെ മഹത്തരവും ആകർഷകവുമാക്കുന്നു. അത് ഇപ്രകാരമാണ്: “നാം ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് ആയി സംവിധാനം ചെയ്യാനും, അതിലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും ആചാരങ്ങൾക്കും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും, പദവിയിലും അവസരത്തിലും സമത്വവും പ്രാപ്തമാക്കാനും അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും, രാഷ്ട്രത്തിന്റെ അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ടുള്ള സാഹോദര്യം പുലർത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കയാൽ നമ്മുടെ ഭരണഘടനാ നിർമ്മാണ സഭയിൽ 1949 നവംബർ 26 ആം തിയ്യതി ഇതിനാൽ ഭരണഘടന സ്വീകരിക്കുകയും നിയമമാക്കുകയും, നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.”
ഇന്ത്യയുടെ ചരിത്രവും പൈതൃകവും വൈവിധ്യങ്ങളും ബഹുസ്വരതയും പ്രതിഫലിക്കുന്ന ഈ മുഖവാചകം അത്യാകർഷകമെന്ന അഭിപ്രായമാണ്, ഡോ. ബി. ആർ. അംബേദ്‌കർ നേതൃത്വം നൽകിയ ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങൾക്ക് ഉണ്ടായിരുന്നത്. രണ്ടു വർഷവും പതിനൊന്നു മാസവും പതിനേഴു ദിവസവും നീണ്ട കൂടിയാലോചനകളിലൂടെയാണ് ഇന്ത്യൻ ഭരണഘടന നിയത രൂപം കൈക്കൊണ്ടത്. ഭരണഘടനാ ശില്പികളുടെ ജോലി കേവലം സാങ്കേതികമായ ഒന്നായിരുന്നില്ല. അത്, ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്തുക തന്നെയായിരുന്നു. സ്വതന്ത്ര റിപ്പബ്ലിക്കായി മാറാൻ പോകുന്ന ഇന്ത്യയെ എപ്രകാരം വിഭാവനം ചെയ്യണമെന്നുള്ള ഇന്ത്യയുടെ വിവിധ മേഖലകളിൽനിന്നുള്ള 272 പേരുടെ കാഴ്ചപ്പാടുകളുടെ ക്രോഡീകരണം കൂടിയായിരുന്നു അത്. “നാനാത്വത്തിൽ ഏകത്വം” എന്ന വിശേഷണത്തെ അഭിമാനപൂർവ്വം ഉൾക്കൊണ്ടിരുന്ന ഇന്ത്യൻ സമൂഹത്തിന്റെ സ്വതന്ത്ര രാഷ്ട്രം എന്ന നിലയിലുള്ള ഭാവി വിശാലമനസ്ഥിതിയുടെയും, അതിർവരമ്പുകളില്ലാത്ത സാഹോദര്യത്തിന്റെയും, വിവേചനരഹിതമായ സാമൂഹിക സുസ്ഥിതിയുടെയും ആയിരിക്കണമെന്ന് ഭരണഘടനാ സൃഷ്ടാക്കൾ വിഭാവനം ചെയ്തിരുന്നു.
ഭരണഘടനയുടെ മൂന്നാം ഭാഗം ഉൾക്കൊള്ളുന്ന മൗലികാവകാശങ്ങളെ അതിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. മുഖവാചകത്തിൽ മിഴിവാർജ്ജിച്ചു നിൽക്കുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആദർശങ്ങളുടെ പ്രായോഗികതയും, ഭരണകൂടത്തിന്റെ ഉത്തരവാദിത്തങ്ങളും അവിടെ വ്യക്തമാക്കുന്നു. ഭരണഘടനയിൽ എഴുതിച്ചേർക്കപ്പെട്ടിട്ടുള്ള മൗലിക അവകാശങ്ങൾ എടുത്തുകളയുകയോ വെട്ടിച്ചുരുക്കുകയോ പാടുള്ളതല്ല എന്നും, ഈ നിർദ്ദേശം ലംഘിച്ചുകൊണ്ട് നിർമ്മിക്കുന്ന ഏതു നിയമവും അസാധുവായിരിക്കുമെന്നും വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു (13.2). മതവിശ്വാസങ്ങൾക്കും ജാതിക്കും മറ്റു വിഭാഗീയതകൾക്കും അതീതമായി നിയമത്തിന് മുന്നിൽ അവസരങ്ങൾക്കും സ്വാതന്ത്ര്യത്തിനും സമത്വത്തിനുമുള്ള അവകാശമാണ് മൗലിക അവകാശങ്ങളുടെ പട്ടികയിൽ പ്രധാനമായ ഒന്ന് (14 – 19). ചൂഷണങ്ങൾക്കെതിരായ സംരക്ഷണത്തിനുള്ള അവകാശം (23), മത സ്വാതന്ത്ര്യം (25 – 28), സാംസ്കാരികവും വിദ്യാഭ്യാസപരവും, ന്യൂനപക്ഷപരവുമായ അവകാശങ്ങൾ (29, 30) എന്നിവയും പ്രധാന മൗലിക അവകാശങ്ങളിൽ ഉൾപ്പെടുന്നു.
ആനുകാലിക യാഥാർഥ്യങ്ങൾ
ഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്ത ഒരു രാഷ്ട്രസങ്കൽപ്പത്തിലല്ല ഇന്നത്തെ ഇന്ത്യയുടെ പ്രയാണമെന്ന് അസഹിഷ്ണുതയുടെ രാഷ്ട്രീയം വ്യാപകമാകുന്ന സാഹചര്യങ്ങളിൽ നിന്നും വ്യക്തമാണ്. മൗലിക അവകാശങ്ങളുടെ നിഷേധം എല്ലാ തലങ്ങളിലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പ്രകടമാണ്. വിവേചനവും, ചൂഷണങ്ങളും, അടിച്ചമർത്തലും നേരിട്ടുകൊണ്ടിരിക്കുന്ന ന്യൂനപക്ഷങ്ങൾ പലതാണ്. മത മൗലികവാദത്തിന്റെ അതിപ്രസരവും അനുബന്ധ അതിക്രമങ്ങളും വാർത്തയല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഭരണഘടന വിഭാവനം ചെയ്യുന്ന മത സ്വാതന്ത്ര്യമെന്നത്, ആർട്ടിക്കിൾ 25 പ്രകാരം, ഒരുവന് സ്വീകാര്യമായ വിശ്വാസത്തിൽ ജീവിക്കാനും അതിന്റെ പ്രഘോഷണവും പ്രചാരണവും ഉറപ്പ് നല്കുന്നതാണ്. മറ്റ് മതങ്ങളോടുള്ള ആദരവ് ബഹുസ്വരതയുടെ ഈ നാട്ടിലെ പക്വമായ സംസ്കൃതിയുടെ ഭാഗമാണ്താനും. എന്നിട്ടും ഇതരമത വിദ്വേഷവും വർഗീയ പ്രചാരണങ്ങളും അധികാരത്തിലേക്കുള്ള മാർഗമായി മുഖ്യ ധാര രാഷ്ട്രീയപാർട്ടികൾ പോലും കാണുന്നിടത്ത് ഇന്ത്യയുടെ ആത്മാവ് ദുർബലമാക്കപ്പെടുന്നു. ഇന്ത്യയുടെ ഭരണഘടന മൗലിക അവകാശങ്ങളുടെ പട്ടികയിൽ മുഖ്യമായി എടുത്തുപറയുന്ന മത സ്വാതന്ത്ര്യം വിവിധ ഇടങ്ങളിൽ നിഷേധിക്കപ്പെടുകയും കലാപങ്ങളും ആൾക്കൂട്ട വിചാരണകളും ആക്രമണങ്ങളും മതത്തിന്റെ പേരിൽ വർധിച്ചു വരികയും ചെയ്യുന്നു. അമേരിക്കൻ സർക്കാരിന്റെ അന്തർദേശീയ മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഓഫീസ് 2022 ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇന്ത്യയിലെ മതസ്വാതന്ത്ര്യവും മതപരമായ വിവേചനങ്ങളും അതിക്രമങ്ങളും കുത്തനെ ഉയരുന്നതായി റിപ്പോർട്ട് ചെയ്യുന്നു. ഭരണഘടനാ ലംഘനമാണ് ഇന്ത്യയിൽ സംഭവിക്കുന്നതെന്ന് റിപ്പോർട്ട് അടിവരയിട്ടു പറയുന്നുണ്ട്.
തീവ്ര സംഘടനകളുടെ മതപരമായ അസഹിഷ്ണുതയ്ക്ക് മുന്നിൽ സർക്കാരുകൾ കണ്ണടയ്ക്കുകയും, അതിക്രമങ്ങൾക്ക് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയും ചെയ്യുന്ന സാഹചര്യങ്ങളാണ് ഒട്ടേറെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നത്. മതപരിവർത്തനം എന്ന ആരോപണം ഉയർത്തി വ്യാപകമായ അക്രമങ്ങൾ നടന്നുവരുന്നത് പലപ്പോഴും സർക്കാർ സംവിധാനങ്ങളുടെ പിന്തുണയോടെയാണ്. ഇതിനകം പതിമൂന്ന് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടപ്പാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്ന മതപരിവർത്തന നിരോധന നിയമങ്ങൾ ഒരേസമയം വ്യാജ ആരോപണങ്ങൾക്കും അനുബന്ധ ആൾക്കൂട്ട ആക്രമണങ്ങൾക്കും ഒപ്പംതന്നെ കള്ളക്കേസുകൾ ചുമത്തി നിരപരാധികളെ ജയിലിൽ തള്ളുന്നതിനും വഴിയൊരുക്കിയ സംഭവങ്ങൾ ഒട്ടേറെയുണ്ട്.
അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ഉൾഗ്രാമങ്ങളിൽ വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ക്രൈസ്തവ മിഷനറിമാരെയും പതിറ്റാണ്ടുകൾ പഴക്കമുള്ള സ്ഥാപനങ്ങളെയും കള്ളക്കേസുകളിൽ പെടുത്തിയിട്ടുള്ള സംഭവങ്ങളിൽ മതപരിവർത്തനം എന്ന ആരോപണവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. തലമുറകളായി ക്രൈസ്തവരായ ഉത്തരേന്ത്യൻ കുടുംബങ്ങളിൽനിന്നുള്ള യുവ നന്യാസിനിമാരെയും സന്യാസാർത്ഥിനിമാരെയും മതപരിവർത്തനം ചെയ്തവർ എന്ന ആരോപണം ഉന്നയിച്ച് കേസിൽ പെടുത്തിയ സംഭവങ്ങൾ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 ന്റെ നഗ്നമായ ലംഘനമാണ് ഒരു വ്യക്തിയുടെ മതവിശ്വാസം ഇത്തരത്തിൽ ചോദ്യം ചെയ്യപ്പെടുന്നത്.
മതപരിവർത്തന നിരോധന നിയമങ്ങൾ നടപ്പിലാകാത്ത സംസ്ഥാനങ്ങളിലും നിർബ്ബന്ധിത മതപരിവർത്തനം കുറ്റകരമാണ് (IPC 295 A, 298). എന്നാൽ, മതപരിവർത്തന നിരോധന നിയമങ്ങളിൽ, കുറ്റാരോപിതർക്ക് ജാമ്യം ലഭിക്കാത്ത വിധത്തിലുള്ള ഒട്ടേറെ വകുപ്പുകൾ കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. കേവലം ആരോപണം ഉയർന്നതുകൊണ്ടുമാത്രം ഒരാളെ ജയിലിലടയ്ക്കാൻ ഈ നിയമങ്ങൾ കാരണമായിമാറുന്നു. വളരെ ഗുരുതരമായ ഭരണഘടനാ ലംഘനം മതപരിവർത്തന നിരോധന നിയമങ്ങൾ നടപ്പാക്കുകയും ദുരുപയോഗിക്കപ്പെടുകയും ചെയ്യുന്നതുവഴി വിവിധ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നു. മതം പ്രചരിപ്പിക്കുക മൗലിക അവകാശമായിരിക്കെ, അത്തരമൊരു ദുരാരോപണം പോലും ജയിലിൽ അടയ്ക്കപ്പെടുന്നതിന് കാരണമായി മാറുന്നു എന്നുള്ളത് ആനുകാലിക ഇന്ത്യയിലെ വലിയൊരു വിരോധാഭാസമാണ്.
ഇന്ത്യയുടെ പോക്ക് എങ്ങോട്ട്?
വർഷങ്ങൾ കഴിയുംതോറും ന്യൂനപക്ഷ മത – വർഗ്ഗ വിഭാഗങ്ങൾ നേരിടുന്ന വിവേചനങ്ങളും അതിക്രമങ്ങളും വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്നത്തെ ഇന്ത്യയിലുള്ളത്. തീവ്ര ഹിന്ദുത്വ സംഘടനകളുടെ സ്വാധീനം ഇക്കാര്യത്തിൽ വളരെ പ്രകടമാണ്. സമീപവർഷങ്ങളിലായി കേരളത്തിലും ഇത്തരത്തിലുള്ള സാമൂഹിക മാറ്റങ്ങൾ ദൃശ്യമായിട്ടുണ്ട്. അന്യമത വിദ്വേഷം പ്രചരിപ്പിക്കുക ലക്ഷ്യമായെടുത്തിരിക്കുന്ന വ്യക്തികളും സംഘടനകളും ഒരുവിഭാഗം പേരിൽ ചെലുത്തുന്ന സ്വാധീനം കേരളത്തിൽ സാമൂഹിക അസന്തുലിതാവസ്ഥയ്ക്ക് വഴിയൊരുക്കിയിരിക്കുന്നു. ഒരു പതിറ്റാണ്ട് മുമ്പുവരെ വർഗ്ഗീയ പ്രതിസന്ധികൾ കാര്യമായില്ലാതിരുന്ന മണിപ്പൂരിലെ മണ്ണിൽ വർഗ്ഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കപ്പെട്ടപ്പോൾ സംഭവിച്ച മാറ്റങ്ങൾക്ക് ലോകം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നു.
വർഗ്ഗീയ കാരണങ്ങളാൽ ഇന്ത്യയിൽ പലയിടങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന സംഘർഷങ്ങൾ, ആക്രമണങ്ങൾ, കൊലപാതകങ്ങൾ, അതിന് വഴിയൊരുക്കുന്ന വർഗ്ഗീയ വിദ്വേഷ പ്രചരണങ്ങൾ, മുഖ്യധാരാ മാധ്യമങ്ങളിൽപോലും സംഭവിക്കുന്ന സ്വാധീനങ്ങൾ തുടങ്ങിയവയെ നിയന്ത്രണവിധേയമാക്കാൻ സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും കാര്യമായൊന്നും ചെയ്യുന്നില്ല എന്നുള്ളതാണ് നഗ്നസത്യം. ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് ഇന്ത്യൻ ജുഡീഷ്യറിയുടെ ആപ്തവാക്യം. എന്നാൽ, വ്യാജ ആരോപണങ്ങളിൽ ഒട്ടേറെ നിരപരാധികൾ ജാമ്യം പോലും നിഷേധിക്കപ്പെട്ട് ജയിലുകളിൽ അകപ്പെട്ടിട്ടും, ഇന്ത്യയുടെ മതേതരത്വത്തിന് വലിയ ഭീഷണിയായി മതപരിവർത്തന നിരോധന നിയമങ്ങൾ പോലുള്ള പുതിയ നിയമങ്ങളും നിലപാടുകളും മാറിയിട്ടും, ഭരണഘടനാ ലംഘനങ്ങൾ തുടർക്കഥകളായിട്ടും ആ കാഴ്ചകൾക്ക് മുന്നിൽ ഭരണകൂടങ്ങളും നീതിപീഠങ്ങളും കണ്ണടയ്ക്കുന്നത് വിചിത്രമാണ്.
ബഹുസ്വരതയും മതസ്വാതന്ത്ര്യവും അങ്ങേയറ്റം അപകടത്തിലാക്കപ്പെടുന്ന സാഹചര്യങ്ങൾ അനിതര സാധാരണമായ രീതിയിൽ വ്യാപകമാകുന്ന ഒരു രാഷ്ട്രത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. ഇന്ത്യൻ ഭരണഘടന സ്വപ്നം കണ്ട മതേതരത്വം, മതസ്വാതന്ത്ര്യം തുടങ്ങിയ പുണ്യങ്ങളെ കുഴിച്ചുമൂടി അതിനുമുകളിൽ ഒരു മതരാഷ്ട്രം പണിതുയർത്താനുള്ള കഠിനാധ്വാനത്തിലാണ് ഒരുകൂട്ടർ. സാമ്പത്തിക സുസ്ഥിതി മാത്രമല്ല ഒരു രാജ്യത്തിന്റെ വളർച്ചയെന്ന് ഇന്ത്യൻ ജനത തിരിച്ചറിയേണ്ടതുണ്ട്. മഹത്തായ സംസ്കാരത്തെയും പാരമ്പര്യങ്ങളെയും മതേതരത്വത്തെയും കൈവിട്ടുകൊണ്ടുള്ള ആധുനിക ഇന്ത്യയുടെ ഈ പോക്ക് അപകടകരമാണ്.
കടപ്പാട് : ഫാ. ഡോ. മൈക്കിൾ പുളിക്കൽ
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group