ലോകത്തിന്റെ സാംസ്‌കാരിക – സാമൂഹിക ചരിത്രത്തിൽനിന്നും മാറ്റിനിർത്താൻ കഴിയാത്തവയാണ് മതങ്ങൾ. ഇന്ത്യയുടെതന്നെ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിർണ്ണായകമായ ഇടപെടലുകൾ നടത്തിയിട്ടുള്ളതും ഇപ്പോഴും ഈ മതേതര സമൂഹത്തിൽ ആഴത്തിൽ വേരൂന്നി നിൽക്കുന്നതുമായ വിവിധ മതങ്ങൾക്കിടയിൽ അകൽച്ച വർധിക്കുന്നതും, അസഹിഷ്ണുതയും ശത്രുതയും വളരുന്നതും വലിയ അപകടസൂചനയാണ്. മതങ്ങൾക്കും വിശ്വാസങ്ങൾക്കും മതനേതൃത്വങ്ങൾക്കും മേലുള്ള കടന്നുകയറ്റങ്ങളും വലിയ പ്രത്യാഘാതങ്ങൾക്കിടയാകുന്നു. വ്യക്തിയുടെയും കുടുംബങ്ങളുടെയും സമുദായങ്ങളുടെയും ആന്തരികതയുടെ ഭാഗവും മനഃസാക്ഷിയുടെ പിൻബലവുമായിരിക്കേണ്ട മതവിശ്വാസങ്ങൾ ശാന്തഭാവം വെടിഞ്ഞ് പൊതു ചർച്ചകളിലേയ്ക്കും ഏറ്റുമുട്ടലുകളിലേയ്ക്കും വഴിമാറുന്നത് സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ മാറ്റങ്ങളുടെ സൂചനകളാണ്.
മതവിശ്വാസങ്ങളെ പ്രതിയുള്ള ഏറ്റുമുട്ടലുകളും ഇതരമതങ്ങളോടുള്ള ശത്രുതാ മനോഭാവവും സംഘർഷഭരിതമാക്കിയിരിക്കുന്ന വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ചുള്ള വാർത്തകൾ ആഗോള തലത്തിൽ മാധ്യമങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന നാളുകളാണ് ഇത്. മതം രാഷ്ട്രീയ ഭാവം കൈവരിക്കുന്നതിന്റെ തുടർച്ചയായ ദുരന്തങ്ങളാണ് ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നത്. മതരാഷ്ട്ര സ്ഥാപനം എന്ന ആശയം ഇന്നോളം ലോകത്തിൽ അസമാധാനം മാത്രമേ സമ്മാനിച്ചിട്ടുള്ളൂ എന്ന വസ്തുതയെ അവഗണിച്ചുകൊണ്ട് ഈ ആധുനിക കാലത്തും സ്വന്തം മതത്തിന് സ്വന്തം രാജ്യം എന്ന ലക്ഷ്യത്തിനായി നീങ്ങുന്നവർ ഈ അവസ്ഥയ്ക്ക് അടിസ്ഥാന കാരണക്കാരാണ്. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ഏതൊരു പ്രത്യയ ശാസ്ത്രത്തെയും അന്ധമായി അനുഗമിക്കുന്നവർ അപരനെ ഉൾക്കൊള്ളാൻ മടിക്കുന്നവരും, മറ്റുള്ളവർക്കുമേലുള്ള കടന്നുകയറ്റങ്ങളെ പിന്തുണയ്ക്കുന്നവരുമായിരിക്കാനിടയുണ്ട്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പരസ്യമായ മതവിശ്വാസ പരാമർശങ്ങളെയും ഇത്തരത്തിലേ നോക്കിക്കാണാൻ കഴിയൂ. സിപിഎം പാർട്ടി സെക്രട്ടറി എം. വി. ഗോവിന്ദൻ കത്തോലിക്കാ സഭയെയും ക്രൈസ്തവ സന്യാസത്തെയും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ പരസ്യമായി നടത്തിയിട്ട് ഏതാനും ആഴ്ചകൾക്കുള്ളിലാണ് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ഹൈന്ദവ മത വിശ്വാസികളെ പ്രകോപിതരാക്കുന്ന വിധത്തിലുള്ള പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. ബഹുഭൂരിപക്ഷം പേരുടെയും ജീവിതത്തിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്ന വിശ്വാസബോധ്യങ്ങളെ അനാവശ്യവും മുറിപ്പെടുത്തുന്നതുമായ പരാമർശങ്ങൾക്ക് വിഷയമാക്കുന്ന പ്രവണത നിഷ്കളങ്കമെന്ന് കരുതാനാവില്ല. മതവിശ്വാസവും മതവുമായി ബന്ധപ്പെട്ട ആന്തരികകാര്യങ്ങളും അടിസ്ഥാനപരമായി അതത് മതങ്ങളുടെ വിഷയമാണ്. മറ്റു വേദികളിൽ അത്തരം വിഷയങ്ങൾ ചർച്ചയ്ക്ക് വിട്ടുകൊടുക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണ്.
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യം
മതങ്ങൾക്ക് തുല്യ പ്രാധാന്യവും അവകാശങ്ങളും നൽകുന്നതോടൊപ്പം മതവിശ്വാസങ്ങളെ അങ്ങേയറ്റം വിലമതിച്ചുകൊണ്ടുമാണ് ഇന്ത്യൻ ഭരണഘടനയുടെ സൃഷ്ടാക്കൾ മതസ്വാതന്ത്ര്യം എന്ന ആശയത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മത സ്വാതന്ത്ര്യവും മത നിരപേക്ഷതയും ലോകരാജ്യങ്ങൾക്ക് മുഴുവൻ മാതൃകയാണ്. എല്ലാ മതങ്ങളെയും ഉൾക്കൊള്ളുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് ഇന്ത്യൻ ഭരണഘടനയെ വ്യത്യസ്തമാക്കുന്ന പ്രധാന മൂല്യങ്ങളിലൊന്ന്.
തങ്ങളുടെ മനഃസാക്ഷിക്ക് അനുസൃതമായി ജീവിക്കാനുള്ള തുല്യ അവകാശവും, മതവിശ്വാസം പരസ്യമായി പ്രഖ്യാപിക്കാനും, അനുഷ്ഠിക്കാനും, പ്രഘോഷിക്കാനുമുള്ള തുല്യ സ്വതന്ത്ര്യവുമാണ് എല്ലാ പൗരന്മാർക്കും ഇന്ത്യയുടെ ഭരണഘടന നൽകുന്നത്. മതവിശ്വാസത്തിന്റെ അടിസ്ഥാനം അത് പ്രഘോഷിക്കുന്നവർ പിന്തുടരുന്ന പ്രമാണങ്ങളാണ് എന്ന് ഒരു സുപ്രധാന വിധിയിലൂടെ (Commissioner, Hindu Religious Endowments, Madras vs Sri Lakshmindra Thirtha Swamiar of Sri Shirur Mutt) സുപ്രീംകോടതി 1954 ൽ വ്യക്തമാക്കിയിട്ടുണ്ട്. മതവിശ്വാസം എന്നാൽ കേവലം ഒരു സംജ്ഞ മാത്രമല്ല, വിശ്വാസികൾ ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുന്ന പ്രാമാണിക ഗ്രന്ഥങ്ങളും അതിലെ ആശയങ്ങളും, പ്രബോധനങ്ങളും, പാരമ്പര്യങ്ങളും എല്ലാം ഉൾക്കൊള്ളുന്നതാണ്. അതിനാൽ തന്നെ മതത്തോടും മതവിശ്വാസത്തോടുമുള്ള ആദരവും പരിഗണനയും അത് ഉൾക്കൊള്ളുന്ന എല്ലാത്തിനോടും ഉണ്ടാകണമെന്ന് ഭരണഘടന നിഷ്കർഷിക്കുന്നു.
ആനുകാലിക ഇന്ത്യയുടെ കറുത്ത മുഖം
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും, ഉറപ്പുവരുത്തണമെന്ന് ഭരണകൂടങ്ങളോട് നിഷ്‌കർഷിക്കുന്ന പരസ്പരമുള്ള ആദരവിനും വിരുദ്ധമായ പ്രവർത്തനങ്ങളാണ് നമുക്കിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏതൊരു മതത്തിന്റെയും ഭാഗമായ ആചാരാനുഷ്ഠാനങ്ങളെയും എല്ലാ ഇന്ത്യൻപൗരന്മാരും ആദരവോടെ കാണണമെന്നും അതിനുള്ള സ്വാതന്ത്ര്യവും അവകാശവും പരസ്പരം നൽകണമെന്നും ഭരണഘടന അനുശാസിക്കുമ്പോൾ, അസഹിഷ്ണുതയോടെയുള്ള കടന്നുകയറ്റങ്ങൾ സംഭവിക്കുകയും ഭരണകൂടങ്ങൾ കുറ്റകരമായ നിഷ്ക്രിയത പുലർത്തുകയും അതുവഴി കലാപങ്ങൾ പൊട്ടിപ്പുറപ്പെടുകയും വംശഹത്യാ ശ്രമങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
മതപരമായ വേർതിരിവുകൾ പാടില്ല എന്ന് ഭരണഘടന നിഷ്കർഷിക്കുമ്പോൾ മറ്റൊരു വശത്ത് മതപരമായ വ്യത്യാസങ്ങൾ അടിച്ചമർത്തലിനുള്ള കാരണമായി മാറുകയും, നാടുകടത്തലുകളും അടിച്ചമർത്തലുകളും കിരാതമായ പീഡനങ്ങളും കൊലപാതകങ്ങളും ഉണ്ടാവുകയും, ഭരണകൂടം നോക്കുകുത്തിയായി മാറുകയും ചെയ്യുന്നു. എന്റെ ദേശത്തിന് എന്റെ മതം മാത്രമെന്ന ചിന്തയ്ക്ക് ഭരണകൂടം പിന്തുണനൽകുന്നത് അത്യന്തം ഗുരുതരമായ ഭരണഘടനാ ലംഘനമാണ്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളും, മതപരിവർത്തന നിരോധന നിയമത്തിന്റെ പിൻബലത്തിൽ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നതും ഇന്ത്യൻ ഭരണഘടനയ്ക്കും മാനവികതയ്ക്കും എതിരെയുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ്. ഇവിടെയെല്ലാം ഭരണകൂടം നിഷ്ക്രിയമാവുകയും നിശബ്ദത പുലർത്തുകയും നിയമസംവിധാനങ്ങൾ അക്രമികൾക്ക് വഴികൾ ഒരുക്കി നൽകുകയും ചെയ്യുന്ന പ്രവണത ആനുകാലിക ഇന്ത്യയുടെ കറുത്ത മുഖം വെളിപ്പെടുത്തുന്നു.
കേരളത്തിൽ സംഭവിക്കുന്നത്
നിരീശ്വരവാദ പ്രത്യയ ശാസ്ത്രങ്ങളുടെ പിൻബലമുള്ള രാഷ്ട്രീയ പാർട്ടികളുടെ വക്താക്കൾ മതവിശ്വാസങ്ങളെ അവഹേളിക്കുന്നതിലൂടെ കേരളത്തിൽ സംഭവിക്കുന്നതും മറ്റൊന്നല്ല. മതവിശ്വാസങ്ങൾ പരസ്പരം ഉൾക്കൊള്ളുകയും, ഓരോ മതത്തിലും പെട്ടവർ പരസ്പര ആദരവ് സൂക്ഷിക്കുകയും ചെയ്യാത്തപക്ഷം ഇപ്പോൾ കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വർഗ്ഗീയ ധ്രുവീകരണത്തിന്റെ തോത് ഇനിയും കുത്തനെ ഉയരുകതന്നെ ചെയ്യും. രാഷ്ട്രീയ നേതൃത്വങ്ങളും ജനപ്രതിനിധികളും ഈ കാലഘട്ടത്തിന്റെ സവിശേഷതകൾ തിരിച്ചറിഞ്ഞുകൊണ്ടും, ഭരണഘടനയെ മാനിച്ചുകൊണ്ടും ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കുകയും പ്രതികരണങ്ങൾ നടത്തുകയും ചെയ്യേണ്ടത് പ്രാധാന്യമർഹിക്കുന്ന കാര്യമാണ്.
അന്ധവിശ്വാസ – അനാചാര നിർമ്മാർജ്ജനം എന്ന ആശയം മുന്നോട്ടുവച്ചുകൊണ്ട് മതവിശ്വാസങ്ങളിലും ആചാരങ്ങളിലും കൈകടത്തലുകൾ നടത്താനുള്ള ശ്രമങ്ങൾ സമീപകാലങ്ങളിൽ നടന്നുവരുന്നതും കൂട്ടിവായിക്കേണ്ടതുണ്ട്. ദുരാചാരങ്ങളും ആഗോള സമൂഹത്തിന് മുന്നിൽ അപരിഷ്കൃതമായി തുടരുന്ന പ്രവൃത്തികളും കാലാനുസൃതമായി തിരുത്തപ്പെടേണ്ടതുണ്ട് എന്നുള്ളത് ശരിതന്നെ. എന്നാൽ, അതത് സമൂഹങ്ങളെ അത്തരം മാറ്റങ്ങൾക്കായി പ്രചോദിപ്പിക്കുകയും അതിന്റെ ആവശ്യം അവർക്ക് വ്യക്തമാക്കിക്കൊടുക്കുകയും അതുവഴി ആവശ്യമായ മാറ്റങ്ങൾ വരുത്തുകയുമാണ് ഉത്തരവാദിത്തമുള്ള ഭരണകൂടങ്ങൾ ചെയ്യേണ്ടത്. നയങ്ങളോ നിയമങ്ങളോ വഴിയായോ, ആശയപ്രചരണങ്ങളോ പരാമർശങ്ങളോ വഴിയായോ മതവിശ്വാസങ്ങളെ “ആർക്കും കയറി കൊട്ടാൻ കഴിയുന്ന ചെണ്ടയായി” മാറ്റിയാൽ അത് പ്രവചനാതീതമായ ദോഷഫലങ്ങൾക്ക് ഇടയാക്കും.
ഏതെങ്കിലും ഒരു മതം കൂടുതൽ ഉത്കൃഷ്ടം എന്ന് കരുതുന്ന രാഷ്ട്രീയ നേതൃത്വവും, മതവിശ്വാസങ്ങളെല്ലാം അപ്രസക്തമെന്ന് കരുതുന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളും മതേതര ഇന്ത്യയ്ക്ക് ഒരുപോലെ ദോഷകരമാണ്. മതവിശ്വാസങ്ങളെയും രാഷ്ട്രീയത്തെയും വേർതിരിച്ച് കണ്ടുകൊണ്ടും, ഇന്ത്യ എന്നും കാത്തുസൂക്ഷിച്ചു പോന്നിട്ടുള്ള മതേതര മൂല്യങ്ങളെ മുഖ്യമായി പരിഗണിച്ചുകൊണ്ടുമുള്ള നിലപാടുകൾ സ്വീകരിക്കാൻ ഭരണകർത്താക്കൾ തയ്യാറാകണം. മണിപ്പൂരും, ഹരിയാനയും ഇനിയും ആവർത്തിക്കാതിരിക്കാനും, അനാവശ്യവിവാദങ്ങൾ സൃഷ്ടിക്കപ്പെടുകയും ധ്രുവീകരണം വർധിക്കുകയും ചെയ്യാതിരിക്കേണ്ടതിനും അത് അനിവാര്യമാണ്.
– ഫാ. ഡോ. മൈക്കിൾ പുളിക്കൽ
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group