മതദർശനങ്ങൾ രാഷ്ട്രനിർമ്മാണ പ്രക്രിയയെ ശക്തിപ്പെടുത്തുന്നതാവണം!

മുൻപൊക്കെ, സ്‌കൂൾ വിദ്യാഭ്യാസകാലത്തുതന്നെ കുട്ടികൾ തങ്ങളുടെയും സഹപാഠികളുടെയും മതസങ്കല്പങ്ങളെപ്പറ്റി സാമാന്യജ്ഞാനം നേടിയിരുന്നു. പാഠപുസ്തകങ്ങളിലൂടെ പരിചയപ്പെടുന്ന ഹൈന്ദവ പുരാണങ്ങളും ഇതിഹാസങ്ങളും, അവയിലെ കഥകളും ഉപകഥകളും കഥാപാത്രങ്ങളും, എല്ലാവിഭാഗം വിദ്യാർഥികളുടെയും ഭാവനയെ ഉണർത്തുകയും ധാർമികമായ ഒരു കാഴ്ചപ്പാട് പ്രദാനംചെയ്യുകയും ചെയ്തിരുന്നു. അതോടൊപ്പം, ഇസ്ലാം – ക്രൈസ്തവമൂല്യങ്ങൾ പരിചയപ്പെടുത്തുന്ന പാഠഭാഗങ്ങളും മതഭേദചിന്തകൂടാതെ തന്നെ വിദ്യാർഥികൾ ഹൃദിസ്ഥമാക്കിയിരുന്നു. സ്‌കൂൾ പഠനത്തോടൊപ്പമോ അതിനു ശേഷമോ ഓരോരുത്തരും അവരവരുടെ മത ജീവിതത്തിന്റെ ഉള്ളടക്കം കൂടുതൽ പരിചയപ്പെട്ടു വളരുകയോ, അല്ലെങ്കിൽ അത്തരം പരിശീലനങ്ങൾ വേണ്ടെന്നുവയ്ക്കുകയോ ചെയ്തുപോന്നു. പൊതുസമൂഹത്തിൽ എല്ലാവരും പരസ്പരം ബഹുമാനിച്ചും സഹകരിച്ചും കഴിഞ്ഞുവന്നു. ഇതൊക്കെയാണ് ഇന്നലെകളുടെ മലയാളി ജീവിതത്തെ അടയാളപ്പെടുത്തിയിരുന്നത്.

ഖണ്ഡനപ്രധാനം…

ഇപ്പോൾ ഇത് പറയാനുള്ള കാരണം, അടുത്തകാലത്തായി ഇസ്ലാമിക ഗ്രന്ഥങ്ങൾ വായിച്ചു പഠിക്കുന്ന ക്രിസ്ത്യാനികളുടെ എണ്ണം കൂടി വരുന്നതായി കാണുന്നു. മാത്രവുമല്ല, ഇസ്ലാമിന്റെ പ്രാമാണിക ഗ്രന്ഥങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഇസ്ലാം വിമർശനം നടത്തുന്ന ക്രിസ്ത്യാനികളുടെ എണ്ണവും വർധിച്ചിരിക്കുന്നു! ഇങ്ങനെയൊന്ന് മുൻപ് ഉണ്ടായിരുന്നതല്ല. ഇസ്ലാമിനെ അടുത്തറിയുന്നതിന് ഇത് വളരെ സഹായകമാണെങ്കിലും, ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന് ഇത് എത്രകണ്ട് പ്രയോജനപ്പെടും എന്നു കണ്ടുതന്നെ അറിയണം.

ക്രൈസ്തവ വേദഗ്രന്ഥങ്ങളായ പഴയനിയമത്തെയും പുതിയനിയമത്തെയും വളച്ചൊടിച്ചും ദുർവ്യാഖ്യാനം ചെയ്തുമാണ് ദാവാപ്രസംഗകരായ ഇസ്ലാമിക മതപണ്ഡിതർ, സോഷ്യൽ മീഡിയയിലൂടെയും മറ്റും അവരുടെ വേദഗ്രന്ഥമായ ഖുർആൻ പഠിപ്പിക്കുന്നത് എന്ന തിരിച്ചറിവാണ്, ക്രൈസ്തവരിൽ കുറെപ്പേരെ ഇതിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത് എന്നതാണ് വാസ്തവം. ഖുർആൻ എന്തെന്നും പ്രവാചകചര്യയും, തഫ്സീറുകളും നിയമങ്ങളും ദൈവശാസ്ത്ര സമീപനങ്ങളും എന്തൊക്കെയെന്നും അറിയുന്നതിനുള്ള താല്പര്യം ഇപ്പോൾ ക്രിസ്ത്യാനികളായ കുറേപേരിൽ വളർന്നു വന്നിരിക്കുന്നു!

ചില ഇസ്ലാമിക പണ്ഡിതർ കുറേ കാലമായി നടത്തിവന്നിരുന്ന ക്രൈസ്തവവിമർശനത്തിനുള്ള മറുപടി എന്ന നിലയിൽ ഇപ്പോൾ നടക്കുന്ന സംവാദങ്ങൾ, ഉരുളയ്ക്ക് ഉപ്പേരി എന്ന രീതിയിലാണ്. ക്രിസ്ത്യാനികളും അത്ര മോശമല്ല എന്ന ഒരു ചിന്ത വളർന്നുവന്നിട്ടുണ്ടെങ്കിലും, ഇത് ഉപകാരപ്രദമായ വിജ്ഞാനവളർച്ചയ്ക്കോ ആരോഗ്യകരമായ സാമൂഹ്യബന്ധങ്ങളുടെ വളർച്ചയ്ക്കോ സഹായകമാണെന്നു പറഞ്ഞുകൂടാ. കടുത്ത വിമർശനം, അഥവാ ഖണ്ഡനം, അതാണിപ്പോൾ നടക്കുന്നതിലേറെയും!

വൈവിധ്യത്തിലെ ഏകത്വം ഏക പരിഹാരം

വാചാടോപങ്ങളുടെ ഈ പ്രാരംഭഘട്ടം കടന്നു സൃഷ്ടിപരമായ ബൗദ്ധികസംവാദത്തിനും സർഗാത്മക സഹകരണത്തിനുമുള്ള ഒരു അന്തരീക്ഷം രൂപപ്പെട്ടു വരേണ്ടിയിരിക്കുന്നു. അക്കാദമികമായിത്തന്നെ, പഠനങ്ങൾക്കും ഗവേഷണത്തിനും സംവാദത്തിനുമുള്ള സാഹചര്യങ്ങളും സൗകര്യങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്നു. ഒരു വിജ്ഞാനമേഖല എന്ന നിലയിൽ മതങ്ങളുടെ താരതമ്യപഠനവും, വിമർശനാത്മകമായ പഠനവും ആശയ സംവാദങ്ങളും കാലഘട്ടത്തിന്റെ ആവശ്യമാണ്. വിവിധ മതങ്ങളുടെ ഈറ്റില്ലമായ ഇന്ത്യപോലെയുള്ള ഒരു ജനാധിപത്യ രാജ്യത്ത്‌, സ്വതന്ത്രമായ അത്തരം പഠനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.

സമാധാനപൂർണമായ ഒരു ലോകക്രമം രൂപപ്പെടുന്നതിനു നാനാത്വത്തിൽ ഏകത്വം ദർശിക്കുന്ന ഇന്ത്യയുടെ ദർശനത്തിനുള്ള പ്രസക്തി വലുതാണ്. വൈവിധ്യത്തെ വിഭാവനചെയ്യാത്ത ഏകത്വം എന്നത് അർത്ഥരഹിതവും ശൂന്യവുമാണ് എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടിയിരിക്കുന്നു! മതങ്ങളുടെയും വംശങ്ങളുടെയും ഭാഷയുടെയുമെല്ലാം വൈവിധ്യത്തെ ആഘോഷിക്കുന്ന പ്ലൂറാലിറ്റിയുടെ ആഗോളവത്കരണമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രാഷ്ട്രഭാവനയെ പുഷ്ടിപ്പെടുത്തേണ്ടത്. ഇത് ആധികാരികമായി ലോകത്തോട് സംവദിക്കാൻ കഴിയുന്ന ഏക രാജ്യം, ഒരു പക്ഷെ, ഇന്ത്യ ആയിരിക്കും!

ഫാ. വർഗീസ് വള്ളിക്കാട്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group