അബുദാബി: ഇസ്ലാം മത വിശ്വാസം പ്രചരിക്കുന്നതിനും നൂറ്റാണ്ടുകൾക്കുമുമ്പ് യു.എ.ഇയിൽ നിലനിന്നിരുന്ന ക്രിസ്ത്യൻ സന്യാസ ആശ്രമത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് അധികൃതർ.
യു.എ.ഇയിലെ എമിറേറ്റുകളിലൊന്നായ ഉമ്മുൽ ഖുവൈനിലെ അൽ സിനിയ്യ ദ്വീപിൽ പുരാവസ്തു ഗവേഷകൻ നടത്തിയ ഉദ്ഘനനത്തിലാണ് പുരാതന ക്രിസ്ത്യൻ ആശ്രമത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിയത്.
പുരാവസ്തുക്കളുടെ കാലപ്പഴക്കം നിർണ്ണയിക്കുന്ന കാർബൺ ഡേറ്റിംഗ് പ്രകാരം ആശ്രമത്തിന് 1400 വർഷം പഴക്കമാണ് കണക്കാക്കപ്പെടുന്നത്. അതായത് നിർമ്മാണ കാലം എ.ഡി 534നും 656നും ഇടയിൽ. പ്രസ്തുത കണ്ടെത്തൽ യു.എ.ഇയിലെ ക്രിസ്ത്യൻ വേരുകളിലേക്ക് വെളിച്ചം വീശുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
സന്യാസിമാർ ഏകാന്ത ധ്യാനത്തിൽ കഴിയാൻ ഉപയോഗിച്ചതായി കരുതുന്ന സ്ഥലം, ഭക്ഷണമുറി, മാമ്മോദീസാത്തൊട്ടി, തിരുക്കർമങ്ങൾക്ക് ആവശ്യമായ അപ്പവും തിരുവോസ്തിയും ഉണ്ടാക്കാനുള്ള സ്ഥലം എന്നിവയുടെ സാന്നിധ്യം വ്യക്തമാക്കുന്നതാണ് പുരാവസ്തു ഗവേഷകർ കണ്ടെത്തിയ കെട്ടിടത്തിന്റെ ശേഷിപ്പുകൾ. ഒറ്റ ഹാളിൽ പ്രവർത്തിച്ചിരുന്ന ഒരു ആരാധനാസ്ഥലം ആശ്രമത്തിൽ ഉണ്ടായിരുന്നുവെന്നും ഗവേഷകർ അനുമാനിക്കുന്നു. ആശ്രമത്തോട് അനുബന്ധിച്ച് ഒരു വലിയ സമൂഹം ഇവിടെ തഴച്ചുവളർന്നിരുന്നു എന്നാണ് നിഗമനം.
ഉമ്മുൽ ഖുവൈൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ടൂറിസം ആൻഡ് ആർക്കിയോളജി, ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ പുരാവസ്തു പഠന ഇൻസ്റ്റിറ്റ്യൂട്ട്, ഉമ്മുൽ ഖുവൈനിലെ ഇറ്റാലിയൻ ആർക്കിയോളജിക്കൽ മിഷൻ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന സിനിയ്യ ആർക്കിയോളജി പ്രോജക്ടിന്റെ ഭാഗമായി നടത്തിയ ഉദ്ഘനനത്തിലാണ് ഈ ആശ്രമ ആവശേഷിപ്പികൾ കണ്ടെത്തിയത്. കൂടാതെ, യു.എ.ഇ സാംസ്‌കാരിക- യുവജന മന്ത്രാലയത്തിന്റെ പിന്തുണയും പദ്ധതിക്കുണ്ട്.
ഇത് രണ്ടാം തവണയാണ് ക്രിസ്ത്യൻ ആശ്രമത്തിന്റെ ശേഷിപ്പുകൾ യു.എ.ഇയിൽ കണ്ടെത്തുന്നത്. പേർഷ്യൻ ഗൾഫിന്റെ തീരത്തുനിന്ന് ഇതുവരെ ആറ് പുരാതന ആശ്രമങ്ങളുടെ ശേഷിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. അതിൽ അഞ്ചെണ്ണം ജി.സി.സി രാജ്യങ്ങളിലാണ്. എന്നാൽ ഉമ്മുൽ ഖുവൈനിലേത് സുപ്രധാനമായ കണ്ടെത്തലാണെന്നാണ് പുരാവസ്തു ഗവേഷക സംഘത്തിലെ അംഗവും യു.എ.ഇ സർവകലാശാലാ പ്രൊഫസറുമായ ടിം പവറിന്റെ അഭിപ്രായം. അറബ് ചരിത്രത്തിന്റെ നഷ്ടപ്പെട്ട ഒരു അധ്യായത്തെ കുറിച്ചുള്ള സുപ്രധാനമായ ഓർമപ്പെടുത്തലാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
അബുദാബി നഗരത്തിൽ നിന്ന് 200 കിലോമീറ്റർ അകലെ സർ ബനിയാസ് ദ്വീപിൽ 1992ലാണ് ഇതിനുമുമ്പ് ക്രിസ്ത്യൻ ആശ്രമത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിയത്. പുരാവസ്തു വകുപ്പ് അധികൃതർ നടത്തിയ പഠനത്തിൽ 1400 വർഷം പഴക്കമാണ് ഇതിനും കണക്കാക്കപ്പെട്ടത്. ആശ്രമത്തിൽ പൊതുശയന മുറിയും ദൈനംദിന ജീവിതത്തിൽ പ്രാർത്ഥനയ്ക്കും മറ്റും ഉപയോഗിച്ചിരുന്ന മുറികളുടെ ശേഷിപ്പുകളുമുണ്ട്. 2019ൽ പ്രസ്തുത ശേഷിപ്പുകൾ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുകയായിരുന്നു. അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വിഭാഗമാണ് ഇവിടം പരിപാലിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group