കൊച്ചി :വെള്ളത്തില്‍ മുങ്ങിപ്പോകുന്ന ആളെ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് രക്ഷപ്പെടുത്താനുള്ള ആശയം വികസിപ്പിച്ചെടുത്ത് ഡെക്സ്ചര്‍ ഇന്നവേഷൻ ടെക്നോളജീസ് എന്ന കമ്പനി.
ദുരന്തബാധിത പ്രദേശങ്ങളില്‍ ഏത് സാഹചര്യത്തിലും 100 കിലോഗ്രാമോളം അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള സംവിധാനവും ഇതിനൊപ്പമുണ്ട്. ഇത്തരത്തിലൊരു ആശയം വ്യവസായ വകുപ്പിന്‍റെ പിന്തുണയോടെയാണ് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.
റെസ്ക്യൂ റേഞ്ചര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ റിമോട്ട് കണ്‍ട്രോള്‍ ഉപകരണം ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്താൻ ലോകത്തിന് മാതൃകയാകുന്ന ഒരു മെയ്ഡ് ഇൻ കേരള സംവിധാനമായി മാറും. വെള്ളത്തിലുണ്ടാകുന്ന ദുരന്തങ്ങളിലും പ്രകൃതിക്ഷോഭങ്ങളുടെ ഘട്ടത്തിലും രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമാകുന്ന ഘട്ടത്തില്‍ ഏറെ സഹായകമാകുന്ന ഉപകരണം വികസിപ്പിക്കുകയും അതിന് പേറ്റന്‍റ് നേടിയിരിക്കുന്നതും ഡെക്സ്ചര്‍ ഇന്നവേഷൻ ടെക്നോളജീസാണ്.
ലോകത്തിലെ തന്നെ ആദ്യ മള്‍ട്ടി പര്‍പ്പസ് ജീവൻ രക്ഷാ സംവിധാനമായിട്ടാണ് ഈ ഉപകരണം ഡെക്സ്ചര്‍ നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളത്തില്‍ ഒഴുകിപ്പോകുന്ന ആളുകളെയും മുങ്ങിപ്പോകുന്ന ആളുകളെയും ഈ ഉപകരണം ഉപയോഗിച്ച് രക്ഷപ്പെടുത്താൻ സാധിക്കും. 30 കിലോമീറ്റര്‍ വരെ സ്പീഡില്‍ ഏത് പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തിക്കാനും ജീവൻ രക്ഷിക്കാനും റെസ്ക്യൂ റേഞ്ചറിന് സാധിക്കും. രാത്രിയും പകലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഈ ഉപകരണം വെള്ളത്തിനടിയില്‍ മുങ്ങിപ്പോയവരെ കൃത്യമായി കണ്ടെത്തുന്നതിന് ഡുവല്‍ ഫ്രീക്വൻസി സെൻസര്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു.
വെള്ളത്തിനടിയിലും പ്രവര്‍ത്തിക്കുന്ന 360 ഡിഗ്രി ക്യാമറ തത്സമയം ദൃശ്യങ്ങള്‍ പകര്‍ത്തി റിമോട്ട് കണ്‍ട്രോള്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും. ഇതിനൊപ്പം സെര്‍ച്ച് ലൈറ്റ്, ലോങ്ങ് റേഞ്ച് വാക്കീ-ടോക്കീ, ക്യാരി ബാഗ് സംവിധാനം, സൈറണ്‍, ഫ്രണ്ട് വ്യൂ ക്യാമറ തുടങ്ങിയ അവശ്യ സംവിധാനങ്ങളും ഉപകരണത്തില്‍ തന്നെ ഘടിപ്പിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group