പുതുക്കിയ നീറ്റ് ഫലം ഇന്ന്: മുഴുവൻ മാർക്ക് ലഭിച്ചവർ 61-ൽ നിന്ന് 17 ആകും; 4.2 ലക്ഷം ഫലങ്ങളിൽ മാറ്റം

ന്യൂ ഡല്‍ഹി: ഈ വർഷത്തെ നീറ്റ്-യുജി പരീക്ഷയില്‍ മുഴുവൻ മാർക്കും ലഭിച്ചവരുടെ എണ്ണം 61-ല്‍ നിന്ന് 17 ആയി കുറയും.

പുതുക്കിയ ഫലം ദേശിയ ടെസ്റ്റിങ് ഏജൻസി ഇന്ന് പ്രസിദ്ധീകരിക്കും. തർക്കമുണ്ടായിരുന്ന ഫിസിക്സ് പേപ്പറിലെ ചോദ്യത്തിന് ഐഐടി ഡല്‍ഹിയിലെ വിദഗ്ധർ കണ്ടെത്തിയ ഉത്തരത്തിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ പ്രസിദ്ധീകരിച്ച ഫലം പുതുക്കിയത്. ഏതാണ്ട് 4.2 ലക്ഷം വിദ്യാർത്ഥികളുടെ ഫലത്തില്‍ മാറ്റംവന്നതായതാണ് എൻ.ടി.എ വൃത്തങ്ങള്‍ അറിയിക്കുന്നത്.

ആദ്യം പ്രസിദ്ധീകരിച്ച ഫലത്തില്‍ 61 വിദ്യാർത്ഥികള്‍ക്കാണ് മുഴുവൻ മാർക്കായ 720 ലഭിച്ചിരുന്നത്. എന്നാല്‍, ഇതില്‍ 44 പേര് ഫിസിക്സ് പേപ്പറിലെ തർക്കമുണ്ടായിരുന്ന ചോദ്യത്തിന് രേഖപ്പെടുത്തിയത് തെറ്റായ ഉത്തരമാണെന്നാണ് ഐഐടി ഡല്‍ഹിയുടെ റിപ്പോർട്ട്. 44 പേരുടെ മാർക്ക് 720-ല്‍ നിന്ന് 715 ആയി കുറഞ്ഞു. പുതുക്കിയ ഫലത്തില്‍ 4.2 ലക്ഷം വിദ്യാർത്ഥികളുടെ റാങ്കില്‍ മാറ്റം ഉണ്ടാകുമെങ്കിലും അത് ഏറ്റവുമധികം ബാധിക്കുന്നത് ആദ്യത്തെ ഒരു ലക്ഷത്തിനകത്ത് റാങ്ക് ലഭിച്ചവരെയാണ്.

ആദ്യ റാങ്ക് പട്ടികയില്‍ 50,000 -നും ഒരു ലക്ഷത്തിനും ഇടയില്‍ റാങ്ക് ലഭിച്ചവരില്‍ 16,000 പേര് തെറ്റായ ഉത്തരമാണ് രേഖപ്പെടുത്തിയത്. ഇവർക്ക് ആദ്യം ലഭിച്ച മാർക്ക് നഷ്ടമാകുന്നതോടെ ലഭിച്ച റാങ്കിലും മാറ്റമുണ്ടാകും. മുഴുവൻ സർക്കാർ മെഡിക്കല്‍ കോളേജുകളിലായി ആകെയുള്ളത് 56,000 സീറ്റുകളാണ്. ആദ്യ റാങ്കുകളില്‍ ഉണ്ടാകുന്ന മാറ്റം മികച്ച സർക്കാർ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ഉറപ്പിച്ചിരുന്ന പലരുടെയും സാധ്യതകളില്‍ മാറ്റംവരുത്തിയേക്കും.

ഫിസിക്സ് പേപ്പറിലെ തർക്കമുണ്ടായിരുന്ന ചോദ്യത്തിന് ഉത്തരമായി ഓപ്ഷൻ രണ്ടോ നാലോ രേഖപെടുത്തിയിരുന്നവർക്ക് മുഴുവൻ മാർക്കും നേരത്തെ നല്‍കിയിരുന്നു. എന്നാല്‍, ഓപഷൻ നാലാണ് ശരിയുത്തരമെന്ന് ഐഐടി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ഓപ്ഷൻ രണ്ട് രേഖപ്പെടുത്തിയവർക്ക് ശരിയുത്തരത്തിന് ലഭിച്ച നാല് മാർക്ക് നഷ്ടമാകുകയും തെറ്റായ ഉത്തരത്തിന് ഒരു നെഗറ്റീവ് മാർക്ക് ലഭിക്കുകയും ചെയ്തു. ഇതാണ് ഫലത്തില്‍ വലിയ മാറ്റമുണ്ടാകാൻ കാരണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m