കവാടക്കല്ല് ഉരുട്ടി മാറ്റണം: മാർ ജോസ് പുളിക്കൽ

മിശിഹായുടെ ജീവിക്കുന്ന സാന്നിധ്യം നമ്മിൽ നിന്നും മറയ്ക്കുന്ന കവാടക്കല്ല് ഉരുട്ടിമാറ്റാൻ ദൈവത്തിനു മാത്രമേ കഴിയൂവെന്ന് മാർ ജോസ് പുളിക്കൽ.കാഞ്ഞിരപ്പള്ളി രൂപതയുടെ മുഖപത്രമായ ദർശകൻ മാസികയിലൂടെ ഈസ്റ്റർ സന്ദേശം നൽകുകയായിരുന്നു കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ അഭിവന്ദ്യ പിതാവ് മാർ ജോസ് പുളിക്കൽ. ദൈവം നമുക്കുവേണ്ടി ഇടപെടണമെങ്കിൽ നമ്മുടെ പൂർണ സഹകരണം ആവശ്യമാണ്.
”നിന്നെക്കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവം നിന്നെക്കൂടാതെ രക്ഷ നൽകില്ല ”
എന്ന ആഗസ്തീനോസ് പുണ്യവാന്റെ വാക്കുകൾ തികച്ചും അർത്ഥവത്താണ്. മഗ്ദലനക്കാരി മറിയത്തെപ്പോലെ തീക്ഷ്ണമായ ഭാവത്തോടെ കർത്താവിനെ അന്വേഷിക്കാനുള്ള മനസ്സാണ് നമുക്കാവശ്യം. ഏതു പ്രതിസന്ധികളെയും അതിജീവിക്കാൻ ദൈവത്തിന് കഴിയുമെന്ന വിശ്വാസവും പ്രത്യാശയും ഉത്ഥിതൻ നൽക്കുന്ന ഉറപ്പാണെന്ന് അഭിവന്ദ്യ പിതാവ് ചൂണ്ടിക്കാട്ടുന്നു. നിരാശയും ദുഃഖഭാരങ്ങളുമായി എമ്മാവൂസിലേക്ക് നടന്നു നീങ്ങിയ ശിഷ്യന്മാർ മിശിഹായെ അവരുടെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നതിൽ വിജയിച്ചുവെന്ന് വിശുദ്ധ ഗ്രന്ഥത്തിൽ എടുത്തുപറയുന്നത് പിതാവ് അനുസ്മരിച്ചു. ഉയർത്തെഴുന്നേറ്റ മിശിഹായെ കണ്ണീരിന്റെ വിടവിലൂടെ കണ്ടുമുട്ടിയവളാണ് മഗ്‌ദലനാക്കാരി മറിയം.അവൾ കരഞ്ഞുകൊണ്ട് കാത്തുനിന്ന വേളയിലാണ് ഉത്ഥിതൻ സ്വയം വെളിപ്പെടുത്തി പ്രേക്ഷിത ദൗത്യം ഏൽപ്പിക്കുന്നത്.
നമ്മുടെ ദുഃഖഭാരങ്ങളുടെ ഉള്ളിലൂടെ മിശിഹായുടെ സൗമ്യദർശനം ലഭിക്കുമെന്ന പ്രത്യാശയാണ് പ്രതിസന്ധികളെ തരണം ചെയ്യാൻ വഴിയെന്നും പിതാവ് ഓർമ്മിപ്പിക്കുന്നു.
അനീതിയും അസത്യവും അഹന്തയും തിന്മയുടെ സംവിധാനങ്ങളും ചേർന്നൊരുക്കുന്ന മരണ സംസ്കാരം സമകാലിക സാഹചര്യങ്ങളിൽ വല്ലാതെ ഇരുൾ പരത്തുന്നുണ്ടെന്നും പിതാവ് ലേഖനത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. ഉത്ഥിതന്റെ വെളിച്ചം സത്യത്തിന്റെ പ്രഘോഷണമാണ്. എപ്പോഴും ആത്യന്തിക വിജയം സത്യത്തിനു മാത്രമാണെന്ന യാഥാർത്ഥ്യം തിരുവുത്ഥാനം വെളിപ്പെടുത്തുന്നു. ഉത്ഥിത സാന്നിധ്യം തിരിച്ചറിഞ്ഞ ശിഷ്യഗണങ്ങളെപ്പോലെ നമുക്കും സഭയോടു ചേർന്ന് സുവിശേഷത്തിന്റെ പ്രഘോഷകരായി മാറാമെന്ന ആഹ്വാനത്തോടെ, വിശ്വാസികൾക്ക് ഉയിർപ്പ് തിരുനാൾ മംഗളങ്ങൾ നേർന്നുകൊണ്ടാണ് പിതാവ് തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group