ഉരുൾപൊട്ടൽ ദുരന്തത്തിൽ കാര്യക്ഷമമായ ഇടപെടലുകളുമായി മാനന്തവാടി രൂപത

കേരളത്തെ കണ്ണീരിൽ ആഴ്ത്തിയ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ ഉരുൾപൊട്ടൽ മൂലമുണ്ടായ ദുരന്തത്തിൽ കാര്യക്ഷമവും ശ്രദ്ധേയവുമായ ഇടപെടലുകളുമായി മാനന്തവാടി രൂപത. ദുരന്തമുണ്ടായ ദിവസം മുതൽതന്നെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മാനന്തവാടി രൂപതാനേതൃത്വവും സംഘടനകളും സംവിധാനങ്ങളും സജ്ജീവമായി ഇടപെട്ടു; അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു.

ദുരന്ത സമയം മുതൽ പരിസരവാസികളുടെ സുരക്ഷാകേന്ദ്രമായും ദുരിതാശ്വാസ ക്യാമ്പായും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഇടമായും മാറിയത് ചൂരൽമല ഇടവക പള്ളിയാണ്. ഉരുൾപൊട്ടിയ രാത്രിയിൽതന്നെ ഭക്ഷണവും വസ്ത്രവും ഒരുക്കി നൽകുകയും ഇടവകയിൽ ക്ലിനിക്ക് പ്രവർത്തനമാരംഭിക്കുകയും ചെയ്തു. പിന്നീട് കേന്ദ്രസേനകളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പൊതുപ്രവർത്തകരുടെയും വിശ്രമകേന്ദ്രമായും ദക്ഷിണവിതരണ കേന്ദ്രമായും ഇടവക ദൈവാലയവും പാരിഷ് ഹാളും മാറി. ഇടവക കേന്ദ്രീകരിച്ചുള്ള എല്ലാ പ്രവർത്തനങ്ങൾക്കും വികാരി ഫാ. ജിബിൻ വട്ടുകുളത്തിൽ നേതൃത്വം നല്കിവരുന്നു.

ആദ്യദിവസംമുതൽ രക്ഷാപ്രവർത്തകർക്കും പരിക്കേറ്റവർക്കും ക്യാമ്പുകളിലേക്ക് മാറിയവർക്കും ഭക്ഷണം തയ്യാറാക്കി നൽകുന്നു. രണ്ടായിരത്തിൽപരം ഭക്ഷണ പൊതികളാണ് നല്കിവന്നത്. നെടുമ്പാല, തൃകൈപറ്റ, ബത്തേരി, റിപ്പൺ ഇടവകകളാണ് ഈ ദൗത്യം ഏറ്റെടുത്ത് നടത്തുന്നത്. ഭക്ഷണക്രമീകരണത്തിനായി അധികാരികൾ ബന്ധപ്പെട്ടതും രൂപതയെ ആണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m