തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ റബർ ബോർഡ് വൈസ് ചെയർമാൻ കെ.എ. ഉണ്ണിക്കൃഷ്ണൻ സന്ദർശിച്ചു. റബർ കർഷകരുടെ പ്രതിസന്ധികളിൽ റബർ ബോർഡിന്റെ ഭാഗത്തുനിന്നു ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് വൈസ് ചെയർമാൻ ഉറപ്പു നൽകി.
റബർ കർഷകരുടെ പ്രശ്നങ്ങളിൽ സർക്കാർ സംവിധാനങ്ങളുടെ ഇടപെടൽ ഉണ്ടാകണമെന്ന മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണു തലശേരി ബിഷപ്സ് ഹൗസിലെത്തി ആർച്ച്ബിഷപുമായി വൈസ് ചെയർമാൻ കൂടിക്കാഴ്ച നടത്തിയത്.
ആർച്ച് ബിഷപിന്റെ പ്രസ്താവനയിൽ കർഷകരുടെ വേദനയാണ് നിഴലിക്കുന്നതെന്നു റബർ ബോർഡ് വൈസ് ചെയർമാൻ പറഞ്ഞു. റബറിനെ കാർഷിക വിളയായി പരിഗണിക്കുക, സിന്തറ്റിക് റബറിനെയും പ്രകൃതിദത്തമായ റബറിനെയും ഒരേ രീതിയിൽ പരിഗണിച്ചുകൊണ്ടുള്ള ഇറക്കുമതി നയങ്ങൾ പുനഃപരിശോധിക്കുക, കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നു റബർ കർഷകർക്ക് സബ്സിഡികൾ അനുവദിക്കുക തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു. കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ കേരളം സന്ദർശിക്കുന്ന അവസരത്തിൽ റബർ കർഷകരുടെ വിഷയങ്ങൾ സംസാരിക്കാനുള്ള അവസരമൊരുക്കാമെന്ന് ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.
റബർ ബോർഡിന്റെ നിരവധിയായ ആനുകൂല്യങ്ങൾ സാധാരണ കർഷകർ അറിയാത്തതുമൂലം അവരിലേക്ക് എത്താത്ത സാഹചര്യങ്ങൾ പരിഹരിക്കണമെന്നും ചർച്ചയിൽ അഭിപ്രായമുണ്ടായി.
തലശേരി അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ.ആന്റണി മുതുകുന്നേൽ, സിഞ്ചെല്ലൂസ് മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, തലശേരി അതിരൂപത ചാൻസലർ റവ.ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, പ്രോക്യൂറേറ്റർ ഫാ. ജോസഫ് കാക്കരമറ്റത്തിൽ, പാസ്റ്ററൽ കോ-ഓർഡിനേറ്റർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ഫാ. ജോൺസൺ കോവൂർ പുത്തൻപുരയിൽ, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group