ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 21

ഈശോയുടെ പീഡാനുഭവവും അവിടുത്തെ ഹൃദയവേദനയും

ലോകനാഥനായ മിശിഹായുടെ തിരുശരീരത്തില്‍ അനുഭവിച്ച പാടുപീഡകളെല്ലാം അവിടുത്തെ ജീവിതകാലം കൊണ്ട് അവസാനിച്ചു. ഈ പീഡകളെല്ലാം ജെറുസലേം നീവാസികളില്‍ നിന്നത്രേ അനുഭവിച്ചത്. എന്നാല്‍ ആരാധ്യമായ ഈശോയുടെ ദിവ്യഹൃദയം അവിടുത്തെ ഉത്ഭവം മുതല്‍ ലോകാവസാനം വരെയും വേദന അനുഭവിച്ചു കൊണ്ടാണിരിക്കുന്നത്. ഈ ഹൃദയ വേദനകള്‍ക്കു കാരണക്കാര്‍ അവിടുത്തെ സ്വന്തക്കാരായ വൈദികര്‍, സന്യാസിനീ സന്യാസികള്‍, അല്‍മായര്‍, ഭരണാധികാരികള്‍, മുതലാളികള്‍, തൊഴിലാളികള്‍, എന്നിവരെല്ലാമാണ്. ദേവാലയങ്ങള്‍, കുടുംബങ്ങള്‍, തീയേറ്ററുകള്‍, ഹോട്ടലുകള്‍, നൃത്തകേന്ദ്രങ്ങള്‍, നഗരങ്ങള്‍ എന്നിവിടങ്ങളില്‍ വച്ചെല്ലാം കഠിനഹൃദയരായ പാപികള്‍ മാരകമായ പാപങ്ങള്‍ ചെയ്യുമ്പോഴെല്ലാം ഈശോയുടെ ദിവ്യഹൃദയമാണ്‌ വേദനിക്കുന്നത്.

പരി. കന്യകയും വി.യൗസേപ്പിനും വാസസ്ഥലം കിട്ടാതിരുന്ന സമയത്തും ഹേറോദേശ് സ്നേഹനിധിയായ സമാധാന പ്രഭുവിനെ ക്രൂരമായി വധിക്കുവാന്‍ ഒരുങ്ങിയപ്പോഴും ഈജിപ്തിലേക്ക് ഒളിച്ചോടിയ അവസരത്തിലും യഹൂദജനം പരിഹാസ ശരങ്ങള്‍ ഏല്‍പ്പിച്ചപ്പോഴും അവര്‍ കല്ലെറിഞ്ഞു കൊല്ലുവാന്‍ ഒരുങ്ങിയ അവസരത്തിലും ഈശോയുടെ ഹൃദയം വേദനിക്കയുണ്ടായി.

ഗത്സേമന്‍ തോട്ടത്തില്‍ വച്ചു രക്തം വിയര്‍ത്തപ്പോഴും സ്വശിഷ്യരില്‍ ഒരുവനായ യൂദാസ് ഒറ്റിക്കൊടുത്തപ്പോഴും ഈശോ ഹൃദയ പീഡകള്‍ അനുഭവിക്കയുണ്ടായി. വി. കുര്‍ബാനയുടെ സ്ഥാപനം മുതല്‍ ലോകാവസാനം വരെ ദൈവദോഷത്തോടെ കുര്‍ബാന സ്വീകരിക്കുക, ഈ വിശുദ്ധ രഹസ്യത്തെ നിഷേധിക്കുക, അവഹേളിക്കുക എന്നിങ്ങനെയുള്ള മഹാപാപങ്ങളെല്ലാം സഹിച്ച് അത്ഭുതകരമായ ഭയത്തോടെ മനുഷ്യരെ സ്നേഹിക്കുവാന്‍ ഈശോയുടെ ഹൃദയത്തിന് കഴിയുന്നു. മനുഷ്യരുടെ ചിന്തയ്ക്കും ഭാവനയ്ക്കും എത്തിച്ചേരുവാന്‍ സാധ്യമല്ലാത്തവിധം അത്രയ്ക്കഗാധവും സ്നേഹസാന്ദ്രവുമാണ് ഈശോയുടെ ദിവ്യഹൃദയം.

ഈശോയുടെ പീഡാനുഭവത്തെപ്പറ്റി ധ്യാനിച്ചിരുന്ന പുണ്യവാന്‍മാര്‍ സ്നേഹാഗ്നിയാല്‍ എരിയുക മാത്രമല്ല ബോധരഹിതരാവുക കൂടി ചെയ്തിരുന്നുവെന്ന് അവരുടെ ചരിത്രങ്ങളില്‍ നിന്നു വ്യക്തമാവുന്നു. വിശുദ്ധരുടെ ജീവിത പ്രവര്‍ത്തനങ്ങള്‍ ‍ആഗ്രഹിക്കുന്ന നാം ഈശോയുടെ ക്ലേശപൂരിതമായ പീഡകളെപ്പറ്റി ധ്യാനിക്കുന്നതില്‍ ഉത്സുകരാകാം. ദിവസത്തില്‍ ഏതാനും മിനിട്ടുകള്‍ ഇതിനുവേണ്ടി ചെലവഴിക്കുകയും ഈ ദിവ്യഹൃദയം അനുഭവിക്കുന്ന നിന്ദാപമാനങ്ങള്‍ക്കു പരിഹാരം അനുഷ്ഠിക്കുകയും ചെയ്യാം.

ജപം

എന്‍റെ നേരെയുള്ള സ്നേഹത്താല്‍ ജ്വലിക്കുന്ന ഈശോയുടെ ദിവ്യഹൃദയമേ! അങ്ങയെ എന്‍റെ പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ സ്നേഹിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ മാലാഖമാരും പുണ്യാത്മാക്കളും അങ്ങേയ്ക്കു ചെയ്യുന്ന ആരാധനകളും സ്തുതിസ്തോത്രങ്ങളും സ്നേഹപ്രകരണങ്ങളും, ഭൂമിയില്‍ നീതിമാന്‍മാര്‍ അങ്ങേ ദിവ്യഹൃദയത്തിനു നല്‍കുന്ന ആരാധനകളും, സല്‍കൃത്യങ്ങളും എന്‍റെയും എന്‍റെ സഹോദരങ്ങളുടെയും ലോകമൊക്കെയുടെയും പാപങ്ങള്‍ക്കും, അങ്ങു സഹിക്കുന്ന നിന്ദാപമാനങ്ങള്‍ക്കും പരിഹാരമായി അങ്ങേയ്ക്കു ഞാന്‍ കാഴ്ച സമര്‍പ്പിക്കുന്നു. കര്‍ത്താവേ, അങ്ങയുടെ അളവറ്റ കരുണയാല്‍ ഇവ സ്വീകരിച്ച് ഞങ്ങളുടെമേല്‍ ദയയായിരിക്കണമേ.

പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.
ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ,

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം

നിത്യദൈവമേ! എന്‍റെയും ലോകമൊക്കെയുടെയും പാപങ്ങള്‍ക്കു പരിഹാരമായി അങ്ങേ ദിവ്യപുത്രന്‍റെ തിരുരക്തത്തെ അങ്ങയ്ക്ക് ഞാന്‍ കാഴ്ച സമര്‍പ്പിക്കുന്നു.

സല്‍ക്രിയ

ഈശോയുടെ ദിവ്യഹൃദയ ഭക്തി പ്രചരിപ്പിക്കുന്നതിനു 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. ചൊല്ലുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m