ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 25

ഈശോയുടെ ദിവ്യഹൃദയത്തിലെ മുറിവ്

ദിവ്യരക്ഷിതാവായ ഈശോമിശിഹാ കുരിശിന്‍മേല്‍ തൂങ്ങി മരിച്ചിട്ടും അവിടുത്തെ പീഡകള്‍ക്ക് അവസാനമുണ്ടായില്ല. അവിടുന്നു മരിച്ചതിന്‍റെ ശേഷവും തന്‍റെ അനന്തമായ സ്നേഹത്തിന്‍റെ ചിഹ്നമായി ഒരു ക്രൂരസേവകന്‍ ഒരു കുന്തം കൊണ്ട് തന്‍റെ തിരുവിലാവു കുത്തിത്തുറക്കുന്നതിനും ഇങ്ങനെ ദിവ്യഹൃദയം രക്തത്തിന്‍റെ അവസാനത്തുള്ളി കൂടെയും മനുഷ്യ വര്‍ഗ്ഗത്തിനു വേണ്ടി ചിന്തുന്നതിനും തിരുമനസ്സായി. ഓ! അതിശയിക്കത്തക്ക മിശിഹായുടെ കൃപയും സ്നേഹവുമേ! മാലാഖമാര്‍ അങ്ങേ അനന്ത സ്നേഹത്തേയും മനുഷ്യരുടെ നേരെ അങ്ങേയ്ക്കുള്ള കൃപയെയും കണ്ടു അസൂയപ്പെടുന്നുവല്ലോ. അനുഗ്രഹം നിറഞ്ഞ ഈശോ മരിക്കയില്‍ ആകാശം അതിന്‍റെ ശോഭയെ മറയ്ക്കുകയും കരിങ്കല്‍പ്പാറകള്‍ പിളര്‍ന്നുപോകയും ചെയ്തു. നിന്‍റെ ഹൃദയത്തിലാകട്ടെ യാതൊരിളക്കവും ജനിക്കാതിരിക്കുന്നത് സൂക്ഷിക്കുമ്പോള്‍ നിന്‍റെ ഹൃദയം കരിങ്കല്‍പ്പാറയേക്കാള്‍ എത്രയോ കാഠിന്യമുള്ളതാകുന്നു എന്ന്‍ ചിന്തിക്കേണ്ടതല്ലേ? മിശിഹാ തന്‍റെ തിരുശരീരത്തില്‍ ഒരു തുള്ളി രക്തം പോലും ശേഷിപ്പിക്കാതെ നിനക്കായി ചിന്തുന്നത് മനുഷ്യാ നീ ഓര്‍ക്കുക.

മിശിഹായുടെ ഉത്ഥാനത്തെ അവിശ്വസിച്ച തോമാശ്ലീഹായ്ക്ക് തന്‍റെ അനന്തകൃപയാല്‍ ഈശോ പ്രത്യക്ഷനാകയില്‍ തിരുഹൃദയത്തിലെ മുറിവ് കണ്ട് ഈ ദിവ്യയജമാനന്‍റെ സ്നേഹാധിക്യത്തെ അറിഞ്ഞ തോമാ “എന്‍റെ കര്‍ത്താവേ! എന്‍റെ ദൈവമേ!” എന്നു നിലവിളിച്ചതിനെപ്പറ്റി നീ ധ്യാനിക്കുന്നില്ലയോ? വി.തോമായോടുകൂടെ “എന്‍റെ കര്‍ത്താവേ! എന്‍റെ ദൈവമേ!” എന്ന്‍ എന്തുകൊണ്ട് നീ നിലവിളിക്കുന്നില്ല? നിനക്കുള്ളതും ഉണ്ടാകുവാനിരിക്കുന്നതുമായ സകല നന്മകളും ഭാഗ്യങ്ങളും ഈ ദിവ്യഹൃദയത്തിലെ മുറിവില്‍ നിന്നും പുറപ്പെടുന്നതാകുന്നു.

നിന്‍റെ മാതാവായിരിക്കുന്ന തിരുസഭയും, ദിവ്യരഹസ്യങ്ങള്‍, കൂദാശകള്‍, ശ്ലീഹന്മാരുടെ ധീരത, വേദപാരംഗതന്‍മാരുടെ ജ്ഞാനം കന്യകകളുടെ പരിശുദ്ധത ആദിയായ സകല നന്മകളും പ്രസാദവരങ്ങളും ഈ ദിവ്യ’ഹൃദയത്തില്‍ നിന്നത്രേ പുറപ്പെട്ടിരിക്കുന്നത്. ഇതത്രേ യാക്കോബിന്‍റെ ഭവനക്കാര്‍ക്ക് തുറക്കപ്പെട്ടിരിക്കുന്ന സാക്ഷാലുള്ള ഉറവ. ഇഹലോകത്തിലുള്ള ഏതു നദികളിലെയും ഉറവകളിലേയും, എത്ര വിശേഷപ്പെട്ട ജലം തന്നെയായിരുന്നാലും അതു കുടിച്ചാല്‍ വീണ്ടും ദാഹമുണ്ടാകും.

എന്നാല്‍ കര്‍ത്താവിന്‍റെ ഭവനക്കാരായ വിശ്വാസികള്‍ ഈശോയുടെ ദിവ്യഹൃദയത്തിലെ മുറിവില്‍ നിന്നൊഴുകിക്കൊണ്ടിരിക്കുന്ന ആ ദിവ്യജലത്തെയും രക്തത്തെയും പാനം ചെയ്യുന്നുവെങ്കില്‍ ഒരിക്കലും ദാഹിക്കയില്ലായെന്ന്‍ മാത്രമല്ല സര്‍വ്വ വ്യാധികളും നീങ്ങി സുഖം പ്രാപിക്കുകയും നിത്യാനന്ദ ഭാഗ്യത്തിന് യോഗ്യരായിത്തീരുകയും ചെയ്യും. ആയതിനാല്‍ എന്‍റെ ആത്മാവേ! നിന്‍റെ വ്യാധികളിലും സകലവിധ ആത്മീയ സങ്കടങ്ങളിലും ദിവ്യരക്ഷകന്‍റെ ഹൃദയത്തിലെ തിരുമുറിവില്‍ നീ ഓടിയൊളിക്കുക. നിന്‍റെ സന്തോഷവും ആശ്രയവും ഈ ദിവ്യഹൃദയത്തിലെ മുറിവിലാകുന്നുവെങ്കില്‍ ഇവിടെ നിശ്ചയമായ ഒരു സമാധാനത്തിന്‍റെ തുറമുഖം നീ കണ്ടെത്തുകയും ചെയ്യും.

ജപം

പാപികളുടെ സങ്കേതമായി തുറക്കപ്പെട്ടിരിക്കുന്ന ഈശോയുടെ ദിവ്യഹൃദയത്തിന്‍ തിരുമുറിവേ, നിന്നില്‍ എന്നെ മുഴുവനും കയ്യേല്‍പ്പിച്ചിരിക്കുന്നു. കര്‍ത്താവേ! എനിക്കു നേരിടുന്നതും നേരിടുവാനിരിക്കുന്നതുമായ സകല ദുരിതങ്ങളും, അപമാനം, ശരീര പീഡകള്‍ ആദിയായ സകല വിഷമങ്ങളും ഒന്നായി അങ്ങേ പാടുകളോടു ചേര്‍ത്തുകൊണ്ടും അങ്ങേ സ്നേഹത്തെപ്രതി സഹിച്ചുകൊണ്ടും കാഴ്ച വയ്ക്കുന്നതിനെ ദയവായി കൈക്കൊള്ളണമേ. മാധുര്യം നിറഞ്ഞ ഈശോയെ! പാപം നിറഞ്ഞ എന്‍റെ ആത്മാവിനെ അങ്ങേ തിരുരക്തത്താല്‍ കഴുകി ശുദ്ധമാക്കിയരുളണമേ. അങ്ങേ ദിവ്യാശീര്‍വാദത്താല്‍ ഇതിനെ ശക്തിപ്പെടുത്തി ഉറപ്പിക്കണമേ. കൃപയുടെ സമുദ്രമായ ഈശോയെ, പാപം നിറഞ്ഞ എന്‍റെ ആത്മാവിനെ അങ്ങേ തിരുരക്തത്താല്‍ കഴുകി ശുദ്ധമാക്കിയരുളണമേ. അങ്ങേ ദിവ്യാശീര്‍വാദത്താല്‍ ഇതിനെ ശക്തിപ്പെടുത്തി ഉറപ്പിക്കണമേ. കൃപയുടെ സമുദ്രമായ ഈശോയെ! എന്‍റെ ജീവിത കാലത്തിലും പ്രത്യേകം എന്‍റെ മരണസമയത്തിലും അങ്ങേ തിരുമുറിവില്‍ എന്‍റെ ആശ്വാസം കണ്ടെത്തുന്നതിനും എന്‍റെ ആത്മാവിനെ ഈ തിരുമുറിവില്‍ ഭരമേല്പ്പിക്കുന്നതിനും കൃപ ചെയ്തരുളണമേ.

പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.
ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ,

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം

ഈശോയുടെ തിരുഹൃദയമേ! അങ്ങേ തിരുമുറിവില്‍ എന്‍റെ ആത്മാവിനെ ഭരമേല്‍പ്പിക്കുന്നു.

സല്‍ക്രിയ

തിരുസഭയുടെ പുകഴ്ചയ്ക്കും പാപികളുടെ മനസ്സു തിരിവിനും വേണ്ടി പ്രാര്‍ത്ഥിക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m