അതിദാരുണമായ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി മാനന്തവാടി രൂപത

ബിഷപ്പ് അലക്സ് താരാമംഗലത്തിന്റെ സഹോദരൻ മാത്തുക്കുട്ടിയ്ക്കു പിന്നാലെ അദ്ദേഹത്തിന്റെ മകൻ വിൻസും മരണപ്പെട്ടതോടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ കുടുംബവും മലബാറിലെ രൂപതകളും.

ഇന്നലെ രാവിലെ പുറത്തേക്കിറക്കാൻ ശ്രമിച്ച കാർ നിയന്ത്രണം വിട്ട് ചുറ്റുമതിൽ പൊളിച്ച് കിണറിലേക്ക് പതിച്ചതാണ് ഇരുവരുടെയും ദാരുണാന്ത്യത്തിന് കാരണമായത്.

മാത്തുക്കുട്ടി മരണപ്പെട്ടുവെങ്കിലും വിൻസിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരിന്നു. അധികം വൈകാതെ വിൻസും മരണത്തിന് കീഴടങ്ങി.

ഇരുവരുടെയും ഭൗതികശരീരങ്ങൾ നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ഇന്ന് (3 നവംബർ 2022) ഉച്ചയോടെ ഭവനത്തിൽ എത്തിക്കും. തുടർന്ന് പൊതുദർശനത്തിനും പ്രാർത്ഥനകൾക്കും അവസരമുണ്ടായിരിക്കും. നാലുമണിയോടെ മൃതസംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗം കുടുംബത്തിൽ ആരംഭിക്കും. 05.30-ന് ദേവാലയത്തിൽ കുർബാനയുണ്ടായിരിക്കും. മാത്തുക്കുട്ടിയുടെ ജർമ്മനിയിലുള്ള മകൾ എത്തിച്ചേരാൻ താമസിക്കുന്നതിനാൽ മൃതസംസ്കാരം രാത്രിയിലാണ് നടത്താൻ സാധിക്കുക. അതിനാൽ മൃതസംസ്കാര ശുശ്രൂഷകളുടെയും കുർബാനയുടെയും സമയമൊഴികെ സംസ്കാരം നടക്കുന്നത് വരെ പൊതുദർശനത്തിന് അവസരമുണ്ടായിരിക്കുന്നതാണ്.

മാനന്തവാടി രൂപതാ സഹായമെത്രാൻ എന്ന നിലയിൽ തന്റെ ഉത്തരവാദിത്വമേറ്റെടുത്ത ഈ ദിവസങ്ങളിൽ തന്നെ അലക്സ് പിതാവിന്റെ കുടുംബ ത്തിൽ സംഭവിച്ച ഈ അപകടത്തിൽ മാനന്തവാടി രൂപതയൊന്നാകെ ദുഃഖം രേഖപ്പെടുത്തി. അലക്സ് പിതാവിനും കുടുംബത്തിനും പരേതർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു. വയനാട് എം.പി. രാഹുൽ ഗാന്ധിയടക്കം നിരവധി മത, സാംസ്കാരിക, രാഷ്ട്രീയ നേതാക്കന്മാർ ബിഷപ്സ് ഹൗസിൽ വിളിച്ച് അനുശോചനം അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group